Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

8 പതിറ്റാണ്ടു മുൻപ് 4 വിമാനങ്ങൾ ഒന്നിച്ചിറക്കിയ പെരുമ; പറന്നുയരുന്ന കണ്ണൂരിന്റെ സ്വപ്നം

airport-passenger കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പാസഞ്ചേഴ്സ് ടെർമിനലിന്റെ ഉൾവശത്തെ ചുമരിൽ തീർത്ത തെയ്യക്കോലം. ചിത്രങ്ങൾ: ധനേഷ് അശോകൻ

നീണ്ട 83 വർഷങ്ങൾക്കു ശേഷം കണ്ണൂർ വിമാനങ്ങൾക്കായി വീണ്ടും വാതിൽ തുറക്കുകയാണ്. എട്ടു പതിറ്റാണ്ടു മുൻപ് കോട്ടമൈതാനത്തു നാലു വിമാനങ്ങൾ ഒരുമിച്ച് ഇറക്കിയ പെരുമയുമുണ്ട് കണ്ണൂരിനു പറയാൻ. അന്നു  പരിമിതികളിലേക്കാണു വിമാനം പറന്നിറങ്ങിയതെങ്കിൽ ലോകോത്തര സൗകര്യങ്ങളോടെ സജ്ജമായ മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തിലേക്കാണ് ഇനി വിമാനങ്ങളെത്തുക.

1938 ജനുവരി 18നായിരുന്നു കണ്ണൂരുകാരനായ പോത്തേരി ചെറുവാരി രാമചന്ദ്രൻ എന്ന എയർ കമാൻഡർ പി.സി. രാമചന്ദ്രന്റെ നേതൃത്വത്തിൽ‌ കോട്ടമൈതാനത്ത് വിമാനങ്ങൾ ഇറക്കിയത്. മുംബൈയിൽ നിന്നു കൊളംബോയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബോംബെ ഫ്ലൈയിങ് ക്ലബ്ബിന്റെ നാലു ടൈഗർമോത്ത് വിമാനങ്ങൾ ഇടത്താവളമെന്ന നിലയിൽ കണ്ണൂരിൽ ഇറങ്ങിയത്. നാലല്ല, നാൽപതിലേറെ വിമാനങ്ങൾ ഒന്നിച്ച് ഊഴംകാത്തുകിടക്കുന്ന തിരക്കേറിയ വിമാനത്താവളമെന്ന സ്വപ്നത്തിലേക്കാണ് കണ്ണൂർ ചുവടൂന്നുന്നത്. റൺവേ 4000 മീറ്ററിലേക്കു നീട്ടുന്നതോടെ ദീർഘദൂര വിമാനങ്ങൾക്ക് കണ്ണൂർ ഇടത്താവളമാകും. 

22 വർഷത്തെ കാത്തിരിപ്പ്

83 വർഷം മുൻപു യാത്രാ വിമാനമിറങ്ങിയ ചരിത്രമുള്ള കണ്ണൂരിനു പക്ഷേ, പുതിയ രാജ്യാന്തര വിമാനത്താവളമെന്ന സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള വഴി അത്ര സുഗമമായിരുന്നില്ല. ഉത്തര മലബാറിന്റെ വികസന മുരടിപ്പു പരിഹരിക്കാൻ നിർദേശിക്കപ്പെട്ട നാനാവിധ മരുന്നുകളിലൊന്നായി വിമാനത്താവളവും ഉയർന്നുകേൾക്കാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. 1996 ഡിസംബറിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി സി.എം. ഇബ്രാഹിമിന്റെ പ്രഖ്യാപനത്തോടെയാണ് പ്രതീക്ഷയേറുന്നത്.‌ അന്നു മുഖ്യമന്ത്രിയായിരുന്ന നായനാർ കാര്യങ്ങൾ വേഗത്തിലാക്കാൻ, മന്ത്രി പിണറായി വിജയനെ ചുമതല ഏൽപ്പിച്ചു. തൊട്ടടുത്ത വർഷം എയർപോർട്ട് അതോറിറ്റി സാധ്യതാ പഠനം നടത്തി. ഭൂമി ഏറ്റെടുക്കലിന് 1998 മേയിൽ മട്ടന്നൂരിൽ ഓഫിസ് ആരംഭിച്ചു.

എന്നാൽ പുതിയൊരു വിമാനത്താവളം കൂടി ആവശ്യമില്ലെന്ന വാദവുമായി 2001ൽ പദ്ധതി പ്രവർത്തനം മരവിപ്പിക്കുകയും ഭൂമി ഏറ്റെടുക്കൽ ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തു. അപ്പോഴും തളരാതെ ഉത്തരമലബാറുകാർ വിമാനത്താവളത്തിനായി സമ്മർദം തുടർന്നുകൊണ്ടിരുന്നു. വിമാനത്താവളം യാഥാർഥ്യമാക്കുമെന്ന് 2004ൽ കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുൽ പട്ടേൽ ലോക്സഭയെ അറിയിച്ചതോടെയാണ് പ്രതീക്ഷകൾക്കു വീണ്ടും ചിറകുമുളയ്ക്കുന്നത്. 2009ൽ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) നിലവിൽ വന്നു. 2010 ഡിസംബറിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തറക്കല്ലിട്ടു. 2014 ഫെബ്രുവരിയിൽ റൺവേ നിർമാണം ഉദ്ഘാടനം കേന്ദ്രമന്ത്രി എ.കെ. ആന്റണി നിർവഹിച്ചു. 2014 ജൂലൈയിൽ ടെർമിനൽ കെട്ടിടം ശിലാസ്ഥാപനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 2016 ഫെബ്രുവരി 29നു പരീക്ഷണപ്പറക്കൽ നടത്തി.

പറപറക്കുന്ന സൗകര്യങ്ങൾ

2350 കോടി രൂപ ചെലവിലാണ് ഉത്തരമലബാറിന്റെ സ്വപ്ന പദ്ധതി ഒരുങ്ങിയിരിക്കുന്നത്. 3050 മീറ്റർ റൺവേ, 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യം, 6 എയ്റോബ്രിജുകൾ, നാവിഗേഷനുവേണ്ടി ഡിവിഒആർ, മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ്, ഫയർ ആൻഡ് സേഫ്റ്റിക്ക് 5 കോടി രൂപ വീതം വിലയുള്ള നാലു ഫയർ എൻജിനുകൾ എന്നിവയെല്ലാം കണ്ണൂരിനെ വേറിട്ടുനിർത്തും. റൺവേ നീട്ടുന്നതോടെ 22 വിമാനങ്ങൾക്കു കൂടി പാർക്കിങ് സൗകര്യം ലഭ്യമാവും.

knr-airport കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പാസഞ്ചേഴ്സ് ടെർമിനലിന്റെ ഉൾവശം.

ഒരുലക്ഷം സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയിലാണു ടെർമിനൽ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇതിൽ 24 ചെക്ക് ഇൻ കൗണ്ടറുകൾ (ഭാവിയിൽ 48), 16 ഇമിഗ്രേഷൻ കൗണ്ടറുകൾ, 8 കസ്റ്റംസ് കൗണ്ടറുകൾ എന്നിവയുണ്ട്. ഇൻലൈൻ എക്സ്റേയും സെൽഫ് ചെക്ക് ഇൻ സൗകര്യവും കൂടാതെ സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നുവെന്ന പ്രത്യേകതയും കണ്ണൂരിനുണ്ട്. മണിക്കൂറുകളോളം കാത്തുനിന്നു ചെക്ക് ഇൻ ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ബാഗേജ് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടിയും വരില്ല. 700 കാറുകളും 200 ടാക്സികളും 25 ബസുകളും ഒരേസമയം പാർക്ക് ചെയ്യാം. 

35 ശതമാനമാണു കണ്ണൂർ വിമാനത്താവള പദ്ധതിയിൽ സർക്കാർ ഓഹരി. ഭാരത് പെട്രോളിയം, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്ക്കും ഓഹരികളുണ്ട്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും ഉൾപ്പെടെ 6700ലേറെ ഓഹരിയുടമകൾ. പ്രതിവർഷം 250 കോടി രൂപയാണു വിമാനത്താവളത്തിന്റെ നടത്തിപ്പു ചെലവ് പ്രതീക്ഷിക്കുന്നത്.

റൺവേ 4000 മീറ്ററിലേക്ക്

റൺവേ 4000 മീറ്ററിലേക്കു നീട്ടാനായി സ്ഥലമേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്. എത്ര മണിക്കൂറുകൾ പറക്കണം എന്നതിനെ ആശ്രയിച്ചാണു വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നത്. ഇന്ധനത്തിന്റെ അളവിന് റൺവേയുടെ നീളവുമായി ബന്ധമുണ്ട്. ഇപ്പോൾ ജിദ്ദ വരെയോ, ഹോങ്കോങ് വരെയോ ഉള്ള വിമാന സർവീസിനെക്കുറിച്ചു മാത്രമേ കിയാൽ ആലോചിക്കുന്നുള്ളൂ. അതിന് ഇപ്പോഴത്തെ 3050 മീറ്റർ റൺവേ പര്യാപ്തമാണ്. എന്നാൽ നാളെ യൂറോപ്പിലേക്കോ, അമേരിക്കയിലേക്കോ നേരിട്ടു പറക്കാനുള്ള സാധ്യത കൂടി മുൻകൂട്ടി കാണണം. അടുത്ത ഘട്ടത്തിൽ 4000 മീറ്റർ റൺവേ പൂർത്തിയാകുന്നതോടെ അതിനു കഴിയും. 

രണ്ടാമത് ഒരു റൺവേയ്ക്കുള്ള സ്ഥലം കൂടി വിമാനത്താവള കമ്പനിയുടെ കൈവശമുണ്ട്. രണ്ടു റൺവേകളുള്ള വിമാനത്താവളത്തിൽ രണ്ടും തമ്മിൽ ഒരു കിലോമീറ്റർ അകലം വേണമെന്നാണു മാനദണ്ഡം. അതു കണ്ണൂരിൽ സാധ്യമാകും. പൂർണമായും പരിസ്ഥിതി സൗഹൃദമായ വിമാനത്താവളമാണ് കണ്ണൂരിലേത്. സൗരോർജ പദ്ധതിയും അതിന്റെ ഭാഗമായി വരും. മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത മുഴുവൻ സ്ഥലവും സൗരോർജ പദ്ധതിക്കായി പ്രയോജനപ്പെടുത്താനാണ് ആലോചിക്കുന്നതെന്നു കിയാൽ മാനേജിങ് ഡയറക്ടർ വി.എം. തുളസീദാസ് പറഞ്ഞു.

കുടക് മേഖലയിലുള്ളവർക്കും ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. മൈസൂരിൽ നിന്നുള്ള യാത്രക്കാർക്കുപോലും ബെംഗളൂരുവിനേക്കാൾ അടുത്തുള്ളത് കണ്ണൂർ വിമാനത്താവളമാണ്. കുടകിന്റെ തനത് ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും വിമാനത്താവളം വലിയ അവസരമൊരുക്കും.

കാഴ്ചകളുടെ താവളം

അത്യാധുനിക സൗകര്യങ്ങൾകൊണ്ടു മാത്രമല്ല, നിർമാണത്തിലെ സവിശേഷതകൊണ്ടും കാഴ്ചകൾകൊണ്ടും കണ്ണൂർ വിമാനത്താവളം യാത്രക്കാരുടെയും സന്ദർശകരുടെയും മനംകവരും. വടക്കൻ മലബാറിന്റെ സാംസ്കാരിക പെരുമ കണ്ടറിഞ്ഞേ ഇവിടെ എത്തുന്നവർക്കു പുറത്തിറങ്ങാൻ കഴിയൂ. ചരിത്രമുഹൂർത്തങ്ങളുടെ പുനരാവിഷ്കാരങ്ങളും ചുമർചിത്രങ്ങളും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. വിവിധ കലാരൂപങ്ങൾ, ആഘോഷങ്ങൾ, പരമ്പരാഗത തൊഴിലുകൾ എന്നിവ തനിമ ചോരാതെ അടയാളപ്പെടുത്തിയിട്ടുണ്ട് ഇവിടെ. തെയ്യത്തിന്റെ മുടിയോടു സാമ്യമുള്ളതാണ് ടെർമിനലിനു മുന്നിലെ പൂന്തോട്ടം. കളരിയിലെ 18 അടവുകളും കാഴ്ചക്കാരനു മനസ്സിലാകുംവിധമാണ് ഡിപ്പാർച്ചർ ഭാഗത്തു ചിത്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ‌

പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലെ വിഷ്ണുമൂർത്തി തെയ്യമാണ് മറ്റൊരു ആകർഷണം. 35 അടി വീതിയിലും 55 അടി നീളത്തിലുമായി സിമന്റിൽ പെയിന്റും ലോഹങ്ങളും ഉപയോഗിച്ചാണു ചിത്രം ഒരുക്കിയത്. കലാരൂപങ്ങൾ, നൃത്തരൂപങ്ങൾ, ആഘോഷങ്ങൾ എന്നിവ ചിത്രീകരിച്ചിരിക്കുന്ന ചുമരുകളാണ് അടുത്തത്. ഭഗവതി തെയ്യം, ഗുളികൻ തെയ്യം, അമ്പലങ്ങൾ, കാവുകൾ എല്ലാം ജീവൻ തുടിക്കുന്ന നിറക്കാഴ്ചയാണ്. കളംവരയ്ക്കൽ, ചെണ്ടമേളം, മാവിലാക്കാവ് അടിയുത്സവം, പയ്യന്നൂർ പൈതൃകമായ പവിത്രമോതിരം, ലക്ഷംവിളക്ക്, നവരാത്രി ആഘോഷം മുതൽ ഓണപ്പൂക്കളം വരെയുണ്ട്.

മേൽപാതയിലും പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ പുറംതൂണുകളിലും പ്രവേശന കവാടത്തിനുമെല്ലാം ചെങ്കല്ലിന്റെ ചാരുതയുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപുള്ള മലബാറിലെ നഗരമാണു മറ്റൊരാകർഷണം.

airport-passenger-terminal കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ പാസഞ്ചേഴ്സ് ടെർമിനൽ.

ചരിത്രം സൃഷ്ടിച്ച ബുക്കിങ്

കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് വിൽപനയും രാജ്യത്തിന്റെ വ്യോമയാന ചരിത്രത്തിലെ അപൂർവതയായി. ബുക്കിങ് തുടങ്ങി ആദ്യ 12 മണിക്കൂറിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിറ്റത് 5153 ടിക്കറ്റുകൾ. പതിനായിരത്തിൽ താഴെയാണ് ഓരോ റൂട്ടിലും നിരക്കുകൾ നിശ്ചയിച്ചിരുന്നതെങ്കിലും, ഡൈനാമിക് പ്രൈസിങ് സംവിധാനം കാരണം തിരക്കു കൂടുന്നതിനനുസരിച്ച് നിരക്കും ഉയർന്നു. നിരക്ക് കുത്തനെ കൂടിയിട്ടും പറക്കാൻ നിശ്ചയിച്ചവർ പിന്മാറിയില്ലെന്നതും കണ്ണൂരിന്റെ മാത്രം പ്രത്യേകത. 

ഉദ്ഘാടന സർവീസായ കണ്ണൂർ – അബുദാബി വിമാനത്തിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി 55 മിനിറ്റിനകം വിറ്റുതീർന്നതും മറ്റൊരു ചരിത്രം.

കണ്ണൂരിനായി മാറിയ വ്യവസ്ഥകൾ

വ്യവസ്ഥകൾ തിരിച്ചടിയാവുമെന്നതിനാൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കുന്ന ഉഡാൻ പദ്ധതിയിൽ നിന്നു പിന്മാറാൻ നേരത്തേ കണ്ണൂർ വിമാനത്താവള കമ്പനി ആലോചിച്ചിരുന്നു. ഉഡാൻ സർവീസ് നടത്തുന്ന എയർലൈൻ കമ്പനികൾക്ക് റൂട്ടുകൾ മൂന്നു വർഷത്തേക്ക് കുത്തകയായി നൽകണമെന്നതും പാർക്കിങ്, ലാൻഡിങ് നിരക്കുകൾ വാങ്ങരുതെന്നുമെല്ലാമുള്ള വ്യവസ്ഥകളിൽ കണ്ണൂരിനായി ഇളവുവരുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തയാറായി. ഇതോടെ മണിക്കൂറിന് 2500 രൂപ നിരക്കിൽ പറക്കാൻ കണ്ണൂരിലും അവസരമൊരുങ്ങി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (എടിഎഫ്) പൊതുവിൽപന നികുതി 10 വർഷത്തേക്ക് ഒരു ശതമാനം ഈടാക്കിയാൽ മതിയെന്നു സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കണ്ണൂർ വഴി ആഭ്യന്തര സർവീസുകൾ തുടങ്ങാൻ വിമാനക്കമ്പനികൾക്കു താൽപര്യമേറി.

സാധ്യതകളുടെ താവളം

കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) കൈവശം 2500 ഏക്കറിലേറെ ഭൂമിയുണ്ട് എന്നതു വൻ വികസന സാധ്യതയാണു തുറന്നിടുന്നത്. വിമാനത്താവളത്തിനോടു ചേർന്ന് എയർപോർട്ട് വില്ലേജ് ആലോചനയിലുണ്ട്. യാത്രക്കാരല്ലാത്ത സന്ദർശകരെക്കൂടി ഉദ്ദേശിച്ചാണിത്. ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയായി വിമാനത്താവളത്തെ മാറ്റിയെടുക്കുന്ന പദ്ധതിയാകും ഇത്. സ്കൂൾ, ആശുപത്രി, ഹോട്ടൽ, പാർക്ക്, മാൾ എന്നിവയെല്ലാം ഉൾപ്പെടും. വിശ്രമത്തിനും ഉല്ലാസത്തിനും ഭക്ഷണത്തിനും ഷോപ്പിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ടാകും. കണ്ണൂരും തലശേരിയും മട്ടന്നൂരും ഉൾപ്പെടെ അനുബന്ധ നഗരങ്ങളിലെല്ലാം വലിയ വികസനം വിമാനത്താവളം വഴിയുണ്ടാകും. ഗ്രേറ്റർ കണ്ണൂർ എന്ന പുതിയ വികസന കാഴ്ചപ്പാട് ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു കിയാൽ.