Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഗ്ദാനം 4000 കോടി; കൊച്ചിയോളം വരുമോ കണ്ണൂര്‍ വിമാനത്താവളം?

kannur-airport-1 കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ. ചിത്രം: ധനേഷ് അശോകൻ

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രാവിമാനമിറങ്ങുന്നതിന്റെ ആവേശത്തിലാണു കേരളം. നാലു വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി കൊച്ചുകേരളം മാറുന്നു. 2300 ഏക്കർ സ്ഥലത്ത് 2350 കോടി രൂപ മുടക്കി നിർമിച്ച വിമാനത്താവളം. പ്രതിവർഷം ശരാശരി പ്രവർത്തനച്ചെലവ് 250 കോടി രൂപ. 2350 കോടി രൂപ മുതൽ മുടക്കിയ പദ്ധതികൊണ്ട് എത്ര കോടി നേടും എന്നതാണു പ്രധാന ചോദ്യം.

വരുമാനമുണ്ടാക്കാൻ ദ്വിമുഖ ബിസിനസ് തന്ത്രമാണു പയറ്റേണ്ടത്. വിമാനത്താവളം എന്ന സൗകര്യം ഉപയോഗിച്ച് വിമാനത്താവള കമ്പനി വരുമാനമുണ്ടാക്കുമ്പോൾ,വിമാനത്താവളം എന്ന സാധ്യതയുപയോഗിച്ചു നാടിനു വരുമാനമുണ്ടാക്കുകയെന്നതാണ് ഈ തന്ത്രം. വിമാനത്താവളമുണ്ടായപ്പോൾ കൊച്ചി പരീക്ഷിച്ചുവിജയിച്ച തന്ത്രവും ഇതാണ്.

∙ കൊച്ചിയോളം വരുമോ?

2017-18 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ആകെ വിമാന സഞ്ചാരികൾ 1.73 കോടി. 1.02 കോടിയും കൊച്ചി വഴി യാത്ര ചെയ്തവരാണ്.. തിരുവനന്തപുരത്തിനും കരിപ്പൂരിനും കൂടി 73 ലക്ഷത്തിൽ താഴെ മാത്രം.. കണ്ണൂർ കൂടി വരുന്നതോടെ വീതംവയ്പിന്റെ അനുപാതം മാറും. ആരുടെ നഷ്ടമാകും കണ്ണൂരിനു നേട്ടമാവുന്നതെന്നു വൈകാതെ അറിയാം.

കേരളത്തിൽ ആഭ്യന്തര സ‍ഞ്ചാരികളുടെ എണ്ണം കുത്തനെ കൂടുന്നുവെന്നാണു കണക്ക്. കൊച്ചിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനമാണു വർധന. കേരളത്തിന്റെ വടക്കൻ ജില്ലയെന്നതും സംസ്ഥാനത്തിന്റെ അതിർത്തിയോടു തൊട്ടുകിടക്കുന്നു എന്നതും ആഭ്യന്തര സഞ്ചാരികൾക്കു കണ്ണൂരിനെ പ്രിയപ്പെട്ടതാക്കും.

kannur-airport-2 ഉദ്ഘാടനത്തിന് ഒരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം.

കണ്ണൂർ വിമാനത്താവളത്തിന്റെ സ്ഥല വിസ്തൃതി ഇപ്പോൾ 2050 ഏക്കർ. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ 2500 ഏക്കർ. എയ്റോ ഓപ്പറേഷൻ കഴിഞ്ഞുള്ള സ്ഥലം ബുദ്ധിപൂർവം ഉപയോഗിച്ചാൽ വരുമാനമുണ്ടാക്കാം.. നേരിട്ടു ഡ്യൂട്ടി ഫ്രീ ഷോപ് നടത്തി പ്രതിവർഷം ശരാശരി 250 കോടി രൂപയാണു കൊച്ചി രാജ്യാന്തര വിമാനത്താവളം ( സിയാൽ) നേടുന്നത്. അനുബന്ധ കമ്പനി രൂപീകരിച്ച് സർക്കാരിന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഏറ്റെടുത്തു വരുമാനമുണ്ടാക്കുന്ന സിയാൽ മാതൃകയും കണ്ണൂർ വിമാനത്താവളത്തിനു( കിയാൽ) അനുകരിക്കാം.

∙ വരേണ്ടത് വിമാനത്താവള നഗരം

രാജ്യാന്തര വിമാനത്താവളത്തിന് ആയിരം ഏക്കറിലധികം സ്ഥലം ആവശ്യമുള്ളതിനാൽ, ഭൂരിപക്ഷം വിമാനത്താവളങ്ങളും നഗരത്തിനു പുറത്താണു നിർമിച്ചിട്ടുള്ളത്. പിന്നീട് വിമാനത്താവള പരിസരം പുതിയ നഗരമായി മാറുന്നതാണു വികസനരീതി. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മൂർഖൻ പറമ്പും പരിസരവും വിമാനത്താവള നഗരമാക്കി വികസിപ്പിക്കുകയെന്ന വെല്ലുവിളി മുൻപിലുണ്ട്.

kannur-airport-3 ഉദ്ഘാടനത്തിന് ഒരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം.

ടെർമിനലിനു പുറത്ത് എയർപോർട്ട് വില്ലേജ് സ്ഥാപിക്കുമെന്നു കിയാൽ പറയുന്നുണ്ട്. എന്നാൽ റോഡ്, ആശുപത്രി, ഹോട്ടൽ, ഫൈൻ ഡൈനിങ് റസ്റ്ററന്റ്, ക്ലബ്ബ്, തിയറ്റർ, വിദ്യാലയം, ഷോപ്പിങ് കേന്ദ്രം, മൈതാനം, ഫ്ലാറ്റ് സമുച്ചയം എന്നിവയെല്ലാം ഉൾപ്പെടുന്ന ടൗൺഷിപ്പാണ് ഉണ്ടാകേണ്ടതെന്ന ആവശ്യം ഉയരുന്നുണ്ട്. ‍

∙ വാഗ്ദാനം 4000 കോടി

വടക്കൻ മലബാറിൽ നിക്ഷേപം നടത്തൂ എന്ന പ്രമേയത്തിൽ രണ്ടുവർഷം മുൻപു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംഗമത്തിൽ 4000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണു തുറന്നത്. ടൂറിസം, കൃഷി, ഭക്ഷ്യസംസ്കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മുതൽ മുടക്കാമെന്നായിരുന്നു വാഗ്ദാനം.

വ്യവസായ-സംരംഭകത്വ മേഖലയിൽ നല്ല പേരില്ലാതിരുന്ന കണ്ണൂരിനു 4000 കോടി രൂപയുടെ നിക്ഷേപസാധ്യത തുറന്നത് കണ്ണൂർ വിമാനത്താവളം എന്ന പദ്ധതിയാണ്. രണ്ടു വർഷത്തിനിപ്പുറം കണ്ണൂരിൽനിന്ന് ആദ്യ യാത്രാവിമാനം പറക്കുമ്പോൾ പഴയ നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർഥ്യമാകുമോ?

kannur-airport-4 ഉദ്ഘാടനത്തിന് ഒരുങ്ങിയ കണ്ണൂർ രാജ്യാന്തര വിമാനത്താവളം.

നിക്ഷേപ സംഗമത്തിനു തുടർച്ചയായി കേരള ട്രാവൽ മാർട് മാതൃകയിൽ സെപ്റ്റംബറിൽ നോർത്ത് മലബാർ ട്രാവൽമാർട് സംഘടിപ്പിക്കുമെന്നു ചേംബർ പ്രസിഡന്റ് കെ. വിനോദ് നാരായണൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് അധികം അകലെയല്ലാതെ ഡസ്റ്റിനേഷൻ വില്ലേജ് ആരംഭിക്കാനും ചേംബറിനു പദ്ധതിയുണ്ട്. ഇവന്റ് ടൂറിസം, കോൺഫറൻസ് ടൂറിസം എന്നിവയാണു ലക്ഷ്യം.

∙ വരവായ് പദ്ധതികൾ

വ്യവസായ സംരംഭങ്ങൾക്ക് 4000 ഏക്കർ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുമായി കിൻഫ്ര മുന്നോട്ടുപോകുന്നതു കണ്ണൂരിനു പ്രതീക്ഷ നൽകുന്നതാണ്. ഐടി പാർക്ക്, പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് തുടങ്ങിയവ ഇവിടെ ഉറപ്പായി. ശസ്ത്രക്രിയാ ഉപകരണങ്ങൾ നിർമിക്കുന്ന ഫാക്ടറിക്കായി കിൻഫ്ര 506 ഏക്കർ ഏറ്റെടുക്കുന്നുണ്ട്. സർക്കാർ തലത്തിൽ വിമാനത്താവളത്തിനു സമീപം രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം പ്രാരംഭഘട്ടത്തിലും സ്വകാര്യ മേഖലയിൽ വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ പരിധിയിൽ മൂന്നു മൾട്ടി സ്പെഷൽറ്റി ആശുപത്രികൾ എന്നിവ അന്തിമഘട്ടത്തിലുമാണ്.

∙ വടക്കോട്ടു നോക്കൂ

കൊച്ചിയിൽ വിമാനമിറങ്ങി തെക്കോട്ട് സഞ്ചരിച്ച് തിരുവനന്തപുരത്തുനിന്നു വിമാനം കയറി മടങ്ങുകയാണു കേരളത്തിലേക്കുള്ള വിനോദസഞ്ചാരികൾ എന്ന പരാതി വടക്കൻ കേരളത്തിനുണ്ട്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളോട് ’വടക്കോട്ടു നോക്കൂ’ എന്ന മുദ്രാവാക്യമാണു കണ്ണൂർ വിമാനത്താവളമുയർത്തുന്നത്. ഇങ്ങനെ വടക്കുനോക്കുന്നവരുെട കണ്ണു നിറയ്ക്കാനുള്ള വിഭവങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വടക്കൻ കേരളം, പ്രത്യേകിച്ചു വടക്കൻ മലബാർ.

∙ ടൂറിസം മേഖലയിൽ ഒഴുകും 700കോടി

വടക്കൻ മലബാറിലെ ടൂറിസം മേഖലയിൽ 700 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കാണു സർക്കാരും സർക്കാർ നിയന്ത്രിത ഏജൻസികളും തുടക്കമിട്ടിരിക്കുന്നത്. എല്ലാം കണ്ണൂർ വിമാനത്താവളം മുന്നിൽ കണ്ടുതന്നെ. 325 കോടി രൂപയുടെ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയാണു പ്രധാനപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളും ഗ്രാമങ്ങളും തുരുത്തുകളും കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിക്കു കേന്ദ്രസർക്കാർ സഹായവുമുണ്ട്. 53 കോടി രൂപ സംസ്ഥാനവും 83 കോടി രൂപ കേന്ദ്രവും ഇതുവരെ അനുവദിച്ചു.

kannur-airport-garden

തലശ്ശേരി പൈതൃക ടൂറിസം പദ്ധതി 200 കോടി രൂപയുടേതാണ്. ഇതിൽ 11 കോടി രൂപയുടെ പ്രവൃത്തി തുടങ്ങി. കണ്ണൂർ ജില്ലയിലെ പ്രമുഖ തീർഥാടക കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 63 കോടി രൂപയുടെ ടൂറിസം പദ്ധതി കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ജില്ലയിലെ മുഴുവൻ പാർക്കുകളും ടൂറിസം കേന്ദ്രങ്ങളും നവീകരിക്കുന്നതിനുള്ള അനുമതി ഘട്ടംഘട്ടമായി നൽകുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തിന്റെ വരവോടെ കുടക് ടൂറിസവും ഉണരും.

∙ പദ്ധതികളുമായി കെടിഡിസി

വലിയ വിമാനക്കമ്പനികൾ ജീവനക്കാർക്കു നിശ്ചയിച്ചിരിക്കുന്ന സേവന, വേതന വ്യവസ്ഥകളിൽ ഉൾപ്പെടുന്നതാണു പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം. എന്നാൽ വിമാനത്താവളം ഉദ്ഘാടനത്തോളം എത്തിയിട്ടും കണ്ണൂർ ജില്ലയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലുമില്ല. വിമാനത്താവളത്തിൽ തന്നെ ഒരു നക്ഷത്രഹോട്ടലിനു സ്ഥലം നൽകാമെന്നു കിയാൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനത്താവളത്തിൽ നക്ഷത്ര ഹോട്ടൽ ആരംഭിക്കുന്നതിനുള്ള പദ്ധതിരേഖ സർക്കാരിനു നൽകിയതായി കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ എം. വിജയകുമാർ പറഞ്ഞു.

വിമാനത്താവളത്തിൽനിന്നു 35 കിലോമീറ്റർ അകലെ, കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട്ട് പത്തേക്കറിൽ 45 കോടി രൂപ ചെലവിൽ പുതിയ ബീച്ച് ഹോട്ടൽ ആരംഭിക്കും. ബേക്കലിൽ നിലവിലുള്ള ആറു കോട്ടേജുകളുടെ എണ്ണം 30 ആയി ഉയർത്തി കൺവൻഷൻ സെന്റർ ഉൾപ്പെടെയുള്ള സൗകര്യമൊരുക്കും.

കെടിഡിസി മാത്രമല്ല, സ്വകാര്യ ഹോട്ടൽ സംരംഭകരും വിമാനത്താവളത്തിനു സമീപം സ്ഥലം വാങ്ങിയിട്ടുണ്ട്. ഏറെ അകലെയല്ലാതെ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുള്ളതിനാൽ കോൺഫറൻസ് ടൂറിസം എന്ന സാധ്യതയാകും സംരംഭകരെ ആകർഷിക്കുക.

∙ ആലോചനയ്ക്ക് 100 വർഷം പഴക്കം

കണ്ണൂരിൽ വിമാനത്താവളത്തിനുള്ള ആലോചന 100 വർഷം മുൻപ് തുടങ്ങിയതാണ്. ഇത് സംബന്ധിച്ച് മനോരമ വാർത്തയും നൽകിയിരുന്നു.

kannur-airport-news

കണ്ണൂരിനെ വ്യോമയാന സങ്കേതസ്ഥാനമാക്കി മാറ്റുന്നതിന് സ്ഥലം കണ്ടെത്താൻ പലയിടങ്ങളിലും പരിശോധന നടത്തിയതായി വാർത്തയിൽ പറയുന്നു. നഗരത്തിൽ നിന്ന് മാറി ഏകദേശം 6 ഏക്കർ സ്ഥലം വേണ്ടി വരുമെന്നും സൂചിപ്പിക്കുന്നു. എന്നാൽ സ്ഥലം കണ്ടെത്താൻ കഴിഞ്ഞതായി പറയുന്നില്ല..

∙ കണ്ണൂർ വിമാനത്താവളം ഒറ്റനോട്ടത്തിൽ

∙ കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നു നിയന്ത്രണം
∙ 6700ൽ ഏറെ ഓഹരിയുടമകൾ സംസ്ഥാന സർക്കാരിന് 35 ശതമാനം ഓഹരി പങ്കാളിത്തം
∙ 2350 കോടി രൂപ ചെലവ്
∙ 3050 മീറ്റർ റൺവേ. സമീപഭാവിയിൽ ഇതു 4000 മീറ്ററാകും.
∙ 20 വിമാനങ്ങൾക്കു പാർക്കിങ് സൗകര്യം
∙ 6 എയ്റോബ്രിജുകൾ
∙ നാവിഗേഷനുവേണ്ടി ഡിവിഒആർ
∙ മോശം കാലാവസ്ഥയിലും വിമാനം സുരക്ഷിതമായി ഇറക്കാനുള്ള ഐഎൽഎസ്
∙ ഒരു ലക്ഷം ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയുള്ള ടെർമിനൽ കെട്ടിടം
∙ 24 ചെക്ക് ഇൻ കൗണ്ടറുകൾ (ഭാവിയിൽ 48)
∙ 16 ഇമിഗ്രേഷൻ കൗണ്ടറുകൾ,
∙ 8 കസ്റ്റംസ് കൗണ്ടറുകൾ
∙ ഇൻലൈൻ എക്സറേ, സെൽഫ് ചെക്ക് ഇൻ, സെൽഫ് ബാഗേജ് ഡ്രോപ് സൗകര്യം