ഇരകൾ...

വര: വിഷ്ണു വിജയൻ

കോഴിക്കോട്ടെ മഹിളാ മന്ദിരത്തിലെ മുറ്റത്തേക്കു കയറിച്ചെല്ലുമ്പോൾ അവിടെ വിഷുവിന്റെ ആഘോഷ ബാക്കിയായി കമ്പിത്തിരികളുടെയും പടക്കങ്ങളുടെയും നിറങ്ങൾ ചിതറിക്കിടപ്പുണ്ടായിരുന്നു. അകത്തേക്കു ചെല്ലുമ്പോൾ മൂന്നു യുവതികൾ ആഹ്ലാദത്തോടെ ഓടിവന്നു. ഇപ്പോൾ കുളിച്ചിറങ്ങിയ കുഞ്ഞുങ്ങളെപ്പോലെ ഉൽസാഹവതികളായിരുന്നു അവർ. അവരുടെ സന്തോഷത്തിനും ഉൽസാഹത്തിനുമൊക്കെ അന്ന് ഒരു കാരണമുണ്ടായിരുന്നു. എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം വീട്ടിലേക്കു മടങ്ങിപ്പോവുകയാണ്. അതിനുള്ള ഒരുക്കങ്ങളിലായിരുന്നു അവർ. എന്നോ അവർ കണ്ടുമറന്ന പ്രിയപ്പെട്ട നാട്ടിലേക്ക് – ബംഗ്ലദേശിലേക്ക്.

തൊട്ടടുത്ത് ആഫ്റ്റർ കെയർ ഹോമിൽ പൂത്തിരികത്തിച്ചപോലെ നിൽക്കുകയാണ് ഒരു പെൺകുട്ടി. ആരെ കണ്ടാലും ട്രെയിൻ ടിക്കറ്റ് കിട്ടിയോ എന്നു ചോദിക്കുന്നു. രണ്ടു കൊല്ലമായി അവൾ ഇവിടെ. വീടണയാനുള്ള മോഹത്തിൽ അവൾ ഹോമിനുള്ളിലേക്കു കയറുന്നേയില്ല. പക്ഷേ, അവരുടെ സന്തോഷത്തിന് അൽപായുസ്സായിരുന്നു. നിയമത്തിന്റെ ഒട്ടും കരുണയില്ലാത്ത ചില ഇടപെടലുകൾ അവരുടെ സന്തോഷങ്ങളുടെ ചിറകരിഞ്ഞു. അവർക്ക് ഇന്ത്യവിടാൻ അനുമതി കിട്ടിയില്ല. ‘മരിക്കും മുൻപ് എന്നെങ്കിലും വീട്ടിലെത്താമായിരിക്കും അല്ലേ.. ’ എന്നു നിസ്സഹായതയോടെ ചോദിക്കുന്ന അവരോട് ഉത്തരം പറയാനാകാതെ നിൽക്കാനേ ആവുന്നുള്ളൂ.

സെക്സ് റാക്കറ്റിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ബംഗ്ലദേശി യുവതി മഹിളാമന്ദിരത്തിൽ കഴിയുന്നതിനിടെ എഴുതിയ കവിതയും കഥകളും ‘ഞാൻ എന്ന മുറിവ്’ എന്ന പേരിൽ പുസ്തകമായി പുറത്തിറങ്ങിയിരുന്നു. കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവർ ബംഗ്ലദേശിൽ മടങ്ങിയെത്തിയപ്പോൾ അവിടെ ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ കേരളത്തിൽ കുടിങ്ങിക്കിടക്കുന്ന മറ്റു ബംഗ്ലദേശികളുടെ കാര്യം സൂചിപ്പിച്ചു. അതോടെ, സർക്കാർ ഇടപെട്ടു. കോഴിക്കോട്ടുള്ള ‘ആം ഓഫ് ജോയ്’ എന്ന സംഘടനയും സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരും എം കെ രാഘവൻ എംപിയും ഇടപെടലുകൾ നടത്തി.

അങ്ങനെയാണ് കോഴിക്കോട്ടെ ജയിലിലും വിവിധ ഹോമുകളിലും കഴിയുന്ന ഏഴ് പുരുഷന്മാർക്കും നാലു പെൺകുട്ടികൾക്കും സർക്കാർ യാത്രാ പെർമിറ്റ് അനുവദിച്ചത്. ആണുങ്ങൾ ഏപ്രിൽ 24 നു ബംഗ്ലദേശിൽ എത്തി. എന്നാൽ പെൺകുട്ടികൾക്ക് പോകാൻ കഴിഞ്ഞില്ല. ആണുങ്ങൾ ശരിക്കും കുറ്റം ചെയ്തവരായിരുന്നു. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ തൊഴിൽ തേടി വന്നവർ. അവർക്ക് മാപ്പു നൽകി വിട്ടയച്ചു. പെൺകുട്ടികൾ ഇരകളാണ്. അവരുടെ മോചനം അകലെ. ദുഃഖങ്ങളുടെ സമൃദ്ധിയുള്ള അവരുടെ ജീവിത കഥ ഇതാണ്. ഇത് ഈ നാലുപേരുടെ മാത്രം കഥയല്ല. ഇതുപോലെ ഒരുപാട് പെൺകുട്ടികൾ, യുവതികൾ, വയോധികർ... നമ്മുടെ രാജ്യത്തിന്റെ എവിടെയെങ്കിലുമൊക്കെ കഴിയുന്നുണ്ടാകും. എത്രയോപേർ അവരുടെ കൂടണയാനാവാതെ മണ്ണടിഞ്ഞിട്ടുണ്ടാവും. ഇവർ നാലുപേരും ഇവിടെ എത്തിയത് ഒരേ വഴിയിലൂടെയായിരുന്നു. സെക്സ് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട്...

ഒന്നാമത്തെ പെൺകുട്ടി

വീട്ടിൽ ഇങ്ങനെയൊരു കുട്ടിയുണ്ടായിരുന്നെങ്കിൽ എന്നു തോന്നിപ്പിക്കും പോലെ മിടുക്കി. 15 വയസ്സുള്ളപ്പോൾ മുംബൈയിലുള്ള ചേച്ചിയുടെ വീട്ടിൽവന്നതാണ്. അവിടെ ചന്തയിൽ സാധനം വാങ്ങാൻ പോയ ഇവളെ തട്ടിക്കൊണ്ടുവന്നതാണ്. ആദ്യം ബെംഗളൂരുവിലെ ‘സംഭരണ കേന്ദ്ര’ത്തിൽ. വിവിധ ഇടങ്ങളിൽനിന്നു കൊണ്ടുവരുന്ന പെൺകുട്ടികളെ അവിടെ എത്തിക്കുന്നു. അവൾ അവിടെ എത്തുമ്പോൾ ഒരുപാടു കുട്ടികൾ അവിടെ ഉണ്ടായിരുന്നു. കുറച്ചു ദിവസം പരിശീലനമാണ്. ഇടപാടുകാരോട് എങ്ങനെ പെരുമാറണം എന്നൊക്കെയാണ് പഠിപ്പിക്കുന്നത്. പിന്നെ കാറിൽ കയറ്റി കേരളത്തിൽ എത്തിച്ചു. അവളെ കൊണ്ടുപോയ വീട്ടിൽ പൊലീസ് റെയ്ഡിൽ അവൾ രക്ഷപ്പെടുകയായിരുന്നു. അവർ കൊണ്ടുവന്നാക്കിയതാണ് ഇവിടെ.

‘ഭയങ്കര വിഷമമായിരുന്നു. ആത്മഹത്യ ചെയ്യാൻ കൈ മുറിച്ചു. പക്ഷേ മരിച്ചില്ല. പിന്നെ പതിയെ ജീവിതത്തിലേക്കു തിരികെ വന്നു. നന്നായി പാചകം പഠിച്ചു. ബിരിയാണി ഒക്കെ നല്ലപോലെ വയ്ക്കും. നാട്ടിൽ ചെന്നിട്ട് അവർക്കു ബിരിയാണി വച്ചുകൊടുക്കണം. ഇപ്പോൾ 23 വയസ്സായി. നല്ല ജോലിയുണ്ട്, ജോലിയെടുത്ത് ഒരു ലക്ഷം രൂപ ബാങ്ക് ബാലൻസ് ഉണ്ട്. മൂന്നു പവൻ സ്വർണമുണ്ട്. വീട്ടിൽ പോകണം എന്ന ഒറ്റ ആശ മാത്രമേയുള്ളൂ. അവിടെ നല്ലപോലെ ജീവിക്കാമെന്ന ആത്മവിശ്വസം ഉണ്ട്’ അവൾ പറയുന്നു.

രണ്ടാമത്തെ പെൺകുട്ടി

ഒട്ടും തന്നെ സമ്പന്നമല്ലാത്ത രാജ്യത്തിന്റെയും വീടിന്റെയും അന്തരീക്ഷത്തിൽനിന്ന് എന്തെങ്കിലും മാന്യമായ ഒരു ജോലികിട്ടും എന്നു പറഞ്ഞ് ബന്ധുക്കൾതന്നെ പറഞ്ഞയച്ചതാണ് അവളെ. അന്നു 13 വയസ്സായിരുന്നു. നല്ല ജീവിതം കൊതിച്ചാണ് പിറന്നനാടിനെയും ഉറ്റവരെയും വിട്ട് ആ പെൺകുട്ടി ഇന്ത്യയിലേക്കു വന്നത്. ഇത്തരം ദൈന്യതകളെ നോട്ടമിടുന്ന കഴുകൻ കണ്ണുകൾ അവളെ അവരുടെ താവളത്തിൽ എത്തിച്ചു. ബെംഗളൂരുവിലെ അതേ താവളത്തിൽ. പിന്നീട് കേരളത്തിലേക്കു വന്നു. പൊലീസ് പരിശോധനയ്ക്കിടെ അവളും രക്ഷപ്പെട്ടു. ഇപ്പോൾ 21 വയസ്സ്. വീട്ടിലെത്തിയാൽ എന്തു ചെയ്യും എന്ന ആശങ്കയുണ്ട്. മാതാപിതാക്കൾക്ക് പ്രായമായി. അവരെ നോക്കണം. സ്വയം ജീവിതം കരുപ്പിടിപ്പിക്കണം – അവൾ കൊതിക്കുന്നു.

മൂന്നാമത്തെ പെൺകുട്ടി

ഇവൾ ഒരു കുഞ്ഞു സൗന്ദര്യപ്പിണക്കത്തിന്റെ പേരിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണ്. പല ബസുകൾ കയറി ഇറങ്ങി ഒടുവിൽ വീട്ടിലേക്കുള്ള വഴി അറിയാതെ നിൽക്കുമ്പോൾ സഹായിക്കാൻ വന്ന ചേച്ചിയാണ് അവളെ തട്ടിക്കൊണ്ടു വന്നത്. ബംഗ്ലദേശിലെ ഒരു കുഗ്രാമത്തിൽനിന്ന് അവൾ എത്തിയത് ബെംഗളൂരുവിലെ അതേ കേന്ദ്രത്തിൽ. ‘പിന്നെ ഞാൻ എത്തിയതു മലപ്പുറത്താണ്. രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലായിരുന്നു. അവർ കുറെ പേരുണ്ട്. പേടിപ്പിക്കും. കൊന്നുകളയും എന്നു പറയും. അസുഖം വന്ന് ആശുപത്രിയിലായി. അവിടെനിന്ന് പൊലീസിന്റെ കയ്യിൽപ്പെട്ട് രക്ഷപ്പെട്ടതാണ്. ആദ്യം ചിൽ‌ഡ്രൻസ് ഹോമിലായിരുന്നു. പിന്നെ ആഫ്റ്റർ കെയറിൽ. ഇപ്പോൾ മഹിളാ മന്ദിരത്തിൽ. പണ്ടൊക്കെ എന്നും കരയുമായിരുന്നു. പിന്നെ പിന്നെ ജീവിക്കണമെന്നു തോന്നി. ഫാഷൻ ഡിസൈനിങ് പഠിച്ചു. ഇപ്പോൾ നന്നായി തയ്യൽ അറിയാം. ജോലി ചെയ്യുന്നുണ്ട്. സമ്പാദിക്കുന്നുണ്ട്. നാട്ടിലെത്തിയാലും എങ്ങനെയെങ്കിലും മാന്യമായി ജീവിക്കണം. നല്ല കുടുംബം വേണം. ഒക്കെ നടക്കുമായിരിക്കും. അവളുടെ വാക്കുകളിലും കണ്ണിലും പ്രതീക്ഷയുണ്ട്.

ഈ മൂന്നുപേരും ഇരകളാണ്. പക്ഷേ, കുറ്റവാളികളോട് എന്നതിനെക്കാൾ ക്രൂരമായാണ് നമ്മുടെ നാട്ടിലെ ബ്യൂറോക്രസിയും നിയമവും ഇവരോടു പെരുമാറുന്നത്. ഇവർ ഉൾപ്പെട്ട കേസിലെ ഒരാൾ പിടികിട്ടാപ്പുള്ളിയാണ്. അയാളെ പിടികൂടുന്ന പക്ഷം തെളിവെടുപ്പിന് ഇവരെ ഹാജരാക്കണം. അല്ലെങ്കിൽ ആ കുറ്റവാളി രക്ഷപ്പെട്ടാലോ? കോടതി ചോദിക്കുന്നത് ഇങ്ങനെയാണ്. കോടതി ഇങ്ങനെ പറയുമ്പോൾ പൊലീസും മറ്റ് ഉദ്യോഗസ്ഥരും കൈമലർത്തും. കുറ്റവാളിയെ രക്ഷിക്കാൻ കൂട്ടുനിന്നു എന്ന് ആരോപണം കേൾക്കേണ്ടി വന്നാലോ.

ഈ പെൺകുട്ടികൾ ചോദിക്കുന്നു: എട്ടു വർഷമായി ഞങ്ങളുടെ കേസ് ഒന്നുമായിട്ടില്ല. സമൻസ് കിട്ടിയാൽ ഇവിടെ എത്തിക്കോളാം എന്നു സത്യവാങ്മൂലം കൊടുത്തിട്ടുണ്ട്. ഞങ്ങളുടെ വിലാസം കൃത്യമായി ഈ ട്രാവൽ പെർ‌മിറ്റിൽ ഉണ്ട്. പിടികിട്ടാപ്പുള്ളിയെ കിട്ടിയില്ലെങ്കിൽ ഞങ്ങളുടെ ജീവിതം ഇവിടെത്തന്നെ അവസാനിക്കണോ? അയാൾ മരിച്ചുപോയെങ്കിലോ? പിടികിട്ടാപ്പുള്ളിക്കു വേണ്ടി പൊലീസ് എന്ത് അന്വേഷണമാണ് ഇതുവരെ നടത്തിയത്? ഞങ്ങൾ പോകുന്നതിന്റെ ഭാഗമായി മൊഴികൊടുക്കാൻ ചെന്നപ്പോൾ അല്ലേ ഈ കേസ് അനങ്ങിയതു തന്നെ?

ഒരു ഇന്ത്യക്കാരിയാണ് ഇതേ അവസ്ഥയിൽ കഴിയുന്നതെങ്കിൽ നിങ്ങളുടെ സമീപനം ഇങ്ങനെ ആയിരിക്കുമോ? ഞങ്ങളെ വേട്ടയാടിയ എത്രയോ പേർ ജാമ്യം വാങ്ങി പുറത്തിറങ്ങി നടക്കുന്നു. ഞങ്ങൾ മാത്രം ഇങ്ങനെ ഇരുട്ടിൽ കഴിയേണ്ടി വരുന്നതു നീതിയാണോ? കുറ്റംചെയ്യാത്ത ഞങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നത്? എട്ടുവർഷം മുൻപു നടന്ന സംഗതിയാണ്. ഞങ്ങള വെറുതെ വീടൂ. ഞങ്ങൾ ജീവിച്ചുകൊള്ളട്ടെ..

നാലാമത്തെ പെൺകുട്ടി

അവൾ എത്തിയിട്ടു രണ്ടുവർഷം ആവുന്നതേയുള്ളൂ. ഇത്ര നാളായിട്ടും അവൾ ഈ നാടിനെ സ്നേഹിച്ചിട്ടില്ല. മലയാളം പഠിച്ചിട്ടില്ല. ഒന്നും പഠിക്കാൻ പോയിട്ടില്ല. വീടിനെക്കുറിച്ചു ചോദിച്ചാൽ കണ്ണുനിറയും. മാ (അമ്മ) എന്നു പറയുമ്പോൾ കണ്ണീരൊഴുകും. നാട്ടിലേക്കു പോകാനാകും എന്നു തോന്നിച്ച നിമിഷം ഒരു ചിരി ചുണ്ടിൽ വന്നതാണ്. അതു നടക്കില്ല എന്നായപ്പോൾ ‘ഇനി നിങ്ങൾ എന്നെ കൊണ്ടുപോകണമെന്നില്ല’ എന്ന ദുഃഖവും ഭീഷണിയുമൊക്കെ വന്നു. ഒരാളെ പ്രണയിച്ച് അവന്റെ കൂടെ ഇറങ്ങിപ്പോയതാണ്. എത്തിപ്പെട്ടതു സെക്സ് റാക്കറ്റിന്റെ വലയിൽ. കോഴിക്കോട്ടെ ഒരു വീട്ടിലെത്തിച്ച അവൾ അവിടെനിന്ന് ഓടി രക്ഷപ്പെട്ടതാണ്. രാത്രി വഴിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷക്കാരാണ് പൊലീസിൽ ഏൽപിച്ചത്.

യാത്രാ പെർമിറ്റ് കിട്ടി പോകാൻ ഒരുങ്ങുമ്പോളാണ് ബെംഗളൂരുവിൽ അവൾ ഉൾപ്പെട്ട ഒരു കേസ് ഉണ്ടെന്നും അതിന്റെ അന്വേഷണം തുടങ്ങണമെന്നും അധികൃതർ പറയുന്നത്. ഇനിയും അന്വേഷണം തുടങ്ങാത്ത ആ കേസ് ഇനി എന്ന് അവസാനിക്കും എന്നറിയില്ല. എങ്ങനെയും വീട്ടിലെത്തിയാൽ മതിയെന്നു മാത്രമേ ഈ കുട്ടിക്കുള്ളൂ. നമ്മുടെ നാട്ടിലെ വൃത്തികേടുകൾക്ക് ഇരകളായി എന്ന ഒറ്റക്കാരണം കൊണ്ട് ഇവരുടെ ജീവിതം കീഴ്മേൽ മറിക്കാൻ നമുക്ക് – നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് അവകാശമുണ്ടോ?

വീട്ടിലേക്കു പോകാനായി അവർ ഒരുക്കിവച്ച ആ നാലു ബാഗുകൾ ഇപ്പോഴും അവിടെയുണ്ട്. എട്ടുവർഷം മുൻപു മാത്രം കണ്ട പ്രിയപ്പെട്ടവർക്കായി അവർ സൂക്ഷിച്ചുവച്ച സമ്മാനങ്ങൾ അതിലുണ്ട്. കാലാവധി അവസാനിച്ച യാത്രാ പെർമിറ്റിന്റെ കോപ്പിയുണ്ട്, അവരുടെ കണ്ണീരും നിശ്വാസങ്ങളുമുണ്ട്.