Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പല ഭാഷകളിൽ പാടുന്നു, കണ്ടന്തറയിലെ കുട്ടികൾ

kids-together കണ്ടന്തറ സ്കൂളിലെ ഇതര സംസ്ഥാന വിദ്യാർഥികൾ.

‘...ബോണേ ദാകേ ബാഗ് ഖാച്ചേ ദാകേ പാഖീ ജോലേ ദാകേ മാച് ഡാലേ ആത്‌സേ ഫോൽ...’

ബുൾബുളി ടീച്ചറുടെ നാവിൽ നിന്നുയരുന്ന ബംഗാളി കവിത താളത്തിൽ ഏറ്റുചൊല്ല‍ുകയാണ് ഒന്നാം തരത്തിലെ അമീൻഷേഖും ബാദുഷയും അബ്ദ‍ുൽ കലാം സർക്കാരും കബീർ റഹ്മാനും ഷഗോർലിയുമെല്ലാം. ബംഗാളി ഗ്രാമക്കാഴ്ചകളിലൂടെ അവരങ്ങനെ മതിമറക്കുകയാണ്. വനത്തിൽ കടുവയുണ്ട്/ മരത്തിൽ കിളികൾ/ വെള്ളത്തിൽ മീനുകൾ/ മരത്തിൽ പഴങ്ങളും... ഇരുണ്ടപച്ചപ്പും കിളിയൊച്ചയും പുഴത്തണുപ്പും മധുരവുമെല്ലാം നിറഞ്ഞ ബംഗാളി കവിതയുടെ തോണിയാത്രയിലാണവർ...

പെരുമ്പാവൂർ പട്ടണത്തോടു ചേർന്നുള്ള കണ്ടന്തറ യുപി സ്കൂളെന്ന പൊതുവിദ്യാലയത്തിന്റെ ക്ലാസ് മുറിയാണിത്. ബംഗാളിൽ നിന്നുള്ളവരാണ് കുട്ടികൾ ഭൂരിഭാഗവും. എങ്കിലും പറിച്ചു മാറ്റപ്പെട്ടവരുടെ തേങ്ങലോ, നൊമ്പരമോ ഒന്നുമിവിടെയില്ല. ബംഗാളിയും ഹിന്ദിയും ഇംഗ്ലിഷും മലയാളവുമെല്ലാം പഠിച്ചും പറഞ്ഞും നൂറോളം ഇതര സംസ്ഥാന കുട്ടികൾ ഇവിടെയുണ്ട്. അക്ഷരത്താളുകൾ പകർന്ന അറിവിലൂടെ അതിജീവനത്തിന്റെ ഗാഥകൾ പാടിനിറയ്ക്കുകയാണവർ.

kallanthara-school കണ്ടന്തറ ഗവ. യുപിസ്കൂളിന്റെ പുറത്തു നിന്നുള്ള കാഴ്ച.

ഏഴു പതിറ്റാണ്ടാകുന്നു കണ്ടന്തറ യുപി സ്കൂൾ ആരംഭിച്ചിട്ട്. ആദ്യം ജമാഅത്ത് പള്ളി വക സ്കൂളായിരുന്നു. പിന്നീടിത് സർക്കാർ യുപി സ്കൂളായി മാറി. നിലവിൽ 181 കുട്ടികളാണ് ഇവിടെയുള്ളത്. ഇവരിൽ 103 പേരും മലയാളിക്കുട്ടികളല്ല. ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു തൊഴിൽതേടി പെരുമ്പാവൂരിലെത്തിയവരുടെ കുട്ടികളാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സർവശിക്ഷാ അഭിയാന്റെ സഹകരണത്തോടെ ഇവർക്കായി ഇതര ഭാഷകളിലുള്ള പാഠപുസ്തകങ്ങൾ സ്കൂളിലെത്തിച്ചാണ് പഠിപ്പിക്കൽ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാണ്ടു കാൽലക്ഷത്തോളം പേർ പെരുമ്പാവൂരിലും പരിസരത്തും ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. പ്ലൈവുഡ് കമ്പനി ജീവനക്കാർ, ആക്രി സാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കുന്നവർ, നിർമാണ തൊഴിലാളികൾ തുടങ്ങി വിവിധ ജീവിതമേഖലകളിൽ നിന്നുള്ളവരാണിത്. ഇവരുടെ കുട്ടികളാണു കണ്ടന്തറ സ്കൂളിൽ പഠിക്കുന്ന ഇതരസംസ്ഥാനക്കാരിൽ ഭൂരിപക്ഷവും. ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ നിന്നുള്ളവരാണ് കുട്ടികളിൽ ഏറെയും.

ഇവരെ പഠിപ്പിക്കാൻ ഇതരസംസ്ഥാനക്കാരായ രണ്ട് അധ്യാപകരും സ്കൂളിലുണ്ട്; ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനും ചരിത്രത്തിൽ ബിരുദധാരിയുമായ അക്തറും ബംഗാളിലെ തന്നെ സിലിഗുരി ജില്ലയിൽ നിന്നുള്ള ബുൾബുളിദാസുമാണിത്. അക്തർ ബംഗാളിയും ഹിന്ദിയും പഠിപ്പിക്കും. ബംഗാളിയും കംപ്യൂട്ടറും കായികാധ്യാപനവുമാണ് ബുൾബുളിയുടെ വിഷയങ്ങൾ.

ഫിസിക്കൽ എജ്യൂക്കേഷനിൽ ബിരുദധാരിയായ ബുൾബുളി ദേശീയ സീനിയർ ഖോ ഖോ ടീമിൽ അംഗമായിരുന്നു. ഭർത്താവ് രാജ്കലി മണ്ഡൽ പെരുമ്പാവൂരിൽ നിർമാണ തൊഴിലാളിയാണ്. ഭർത്താവിന്റെ തണൽപറ്റിയാണ് പെരുമ്പാവൂരിലേക്കു ബുൾബുളിയെത്തുന്നത്. ബംഗാളികളെയും തമിഴ്നാട്ടുകാരെയും അസംകാരെയും കണ്ടന്തറ സർക്കാർ സ്കൂൾ, ‍മലയാളവും ഹിന്ദിയും ഇംഗ്ലിഷും പഠിപ്പിക്കുന്നുണ്ട്. മലയാളം പറയാൻ മാത്രമല്ല, വ്യാകരണമടക്കം എഴുതാനും കണ്ടന്തറയിലെ ഇതര സംസ്ഥാന ‍കുട്ടികൾക്കാകുന്നു.

girl-student-6col കണ്ടന്തറ ഗവ. യുപിസ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർഥിനി ടീന. ചിത്രങ്ങൾ: ജിബിൻ ചെമ്പോല

മുർഷിദാബാദ് ജില്ലയിൽ നിന്നുള്ള നിർമാണ തൊഴിലാളി കാലു, പ്ലൈവുഡ് കമ്പനി ജീവനക്കാരി നൂറേസ എന്നിവരുടെ നാലുകുട്ടികൾ ഇപ്പോൾ കണ്ടന്തറയിൽ പഠിക്കുന്നുണ്ട്; ഇസ്മ, സിതാര, നജ്മീറ, ഷോംബ എന്നിവരാണിവർ. സ്കൂളിലെ വലിയ വിദ്യാർഥികുടുംബവും ഈ നാൽവർ സംഘമാണ്. ഒന്നാം ക്ലാസ് മുതൽ ഇവിടെ പഠിക്കുന്ന ഏഴാം ക്ലാസുകാരി ടീനയ്ക്കു ബംഗാളി, ഇംഗ്ലിഷ്, മലയാളം, ഹിന്ദി ഭാഷകൾ നന്നായി വായിക്കാനും എഴുതാനും പറ്റുന്നു. ‘ബംഗാളിയും മലയാളവും ബംഗാളും പെരുമ്പാവൂരുമെല്ലാം എനിക്ക് ഒരുപോലെയാണ്. മലയാളിക്കുട്ടികൾ എനിക്കു നല്ല കൂട്ടാണ്’ ടീനയുടെ വാക്കുകൾ. ബംഗാളിൽ നിന്നു പതിമൂന്നു വർഷം മുൻപെത്തി നിർമാണ തൊഴിലാളിയായ അശോക് ആണ് ടീനയുടെ അച്ഛൻ. അമ്മ സോണി പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ്.

മുടിക്കൽ, മാവിൻചുവട്, വല്ലം, അല്ലപ്ര, കണ്ടന്തറ, പാലക്കാട്ടുതാഴം എന്നിവിടങ്ങളിൽ‌ വാടകയ്ക്കു താമസിക്കുന്നവരാണ് ഇതര സംസ്ഥാന കുടുംബങ്ങൾ ഏറെയും. ശരാശരി നാലുകുട്ടികൾ വരെയുള്ള കുടുംബങ്ങളാണ് ഇവയിലേറെയും. രണ്ടും മൂന്നും കുടുംബങ്ങൾ ചേർന്ന് ഒരു വാടക വീടെടുത്ത് താമസിക്കുന്നതാണ് രീതി. കുടുസു മുറികളാണെങ്കിലും ഓരോ കുടുംബവും മൂവായിരം മുതൽ ഏഴായിരം രൂപ വരെ മാസവാടക നൽകണം.

പോയ വർഷം ഒന്നാം ക്ലാസിൽ ഇതരസംസ്ഥാനക്കാരായ ഇരുപതു കുട്ടികളുണ്ടായിരുന്നു. ഇവരിൽ 17 പേർ ബംഗാളി കുട്ടികളും മൂന്നു പേർ തമിഴ്നാട്ടുകാരുമാണ്. രണ്ടാം ക്ലാസിൽ 16 ബംഗാളി കുട്ടികളും ഒരു തമിഴ്നാട്ടുകാരിയും അടക്കം 17 ഇതരസംസ്ഥാനക്കാരുണ്ട്. മൂന്നാം ക്ലാസിൽ ഇവരുടെ സംഖ്യ 16 ആണ്; 13 പേർ ബംഗാളികളും മൂന്നുപേർ തമിഴ്നാട്ടുകാരും. അസമിൽ നിന്നുള്ള രണ്ടുപേരാണ് നാലാംക്ലാസിലെ ശ്രദ്ധാകേന്ദ്രങ്ങൾ. 13 ബംഗാളികളും മൂന്നു തമിഴ്കുട്ടികളും ഒപ്പമുണ്ട്. അഞ്ചാം ക്ലാസിൽ ബംഗാളിൽ നിന്നു പന്ത്രണ്ടും തമിഴ്നാട്ടിൽ നിന്ന് ഒരാളുമുണ്ട്. ആറാം ക്ലാസിൽ ഏഴു ബംഗാളികളും ഒരു തമിഴ്കുട്ടിയും. ഏഴാം ക്ലാസിലെ ഇതരസംസ്ഥാനക്കാരായ ആറുപേരും ബംഗാളി കുട്ടികളായിരുന്നു.ഇവർക്കെല്ലാമൊപ്പം എഴുപതിലേറെ മലയാളി കുട്ടികളും ചേരുമ്പോൾ കണ്ടന്തറയിലെ ക്ലാസ് മുറികളിൽ പലഭാഷകൾ നിറയുന്നു.

കഴിഞ്ഞ അധ്യയന വർഷമാണ് കണ്ടന്തറ സ്കൂളിൽ കൂടുതൽ കുട്ടികളെത്തിയത്. ഇതര സംസ്ഥാനക്കാരായ കുട്ടികൾക്കു വേണ്ടിയുള്ള സംസ്ഥാനതല പ്രവേശനോൽസവം പോയ തവണ കണ്ടന്തറയിൽ വച്ചായിരുന്നു. ‘ഇവിടെയെത്തുന്ന കുട്ടികൾ ഏതു നാട്ടുകാരായാലും ഞങ്ങളുടെ മുൻപിൽ വിദ്യതേടിയെത്തുന്നവരാണ്. നിറഞ്ഞ മനസ്സോടെ ഞങ്ങളവരെ സ്വീകരിക്കും.’ – സ്കൂളിലെ പ്രധാനാധ്യാപകൻ കീഴില്ലം സ്വദേശി ബേബ‍ി ജോർജിന്റെ വാക്കുകളിൽ നിശ്ചയദാർഢ്യം നിറയുന്നു.

ബംഗാളിൽ നിന്നുള്ള കുട്ടികളിൽ ഭൂരിഭാഗത്തിനും ജനന രേഖകളില്ല. മുൻപ് പഠിച്ചിരുന്നോയെന്നതു സംബന്ധിച്ച വിവരങ്ങളുമില്ല. ആധാർ കാർഡോ യുഐഡി നമ്പറോ ഇല്ല. മാതാപിതാക്കൾ പറഞ്ഞു തരുന്ന വിവരങ്ങൾ പോലും ആധികാരികമാണോയെന്ന് ഉറപ്പാക്കാൻ സംവിധാനമില്ല. പക്ഷേ, ഒരു കാര്യം സ്കൂൾ അധികൃതർക്കറിയാം, ഇവരെ പഠിപ്പ‍ിക്കണം. പഠിക്കാതിരുന്നാൽ ഇവർ പുറത്തുപോകും. ബാലവേലയുടെ കെണിയിൽ അകപ്പെടുകയും ചെയ്യും.

assam-studentl കണ്ടന്തറ സ്കൂളിലെ അധ്യാപകരും ബംഗാൾ സ്വദേശികളുമായ അക്തർ, ബുൾബുളിദാസ്.

ഇതര സംസ്ഥാന കുട്ടികൾക്ക് ആവശ്യമായ ഹോസ്റ്റൽ സംവിധാനം വേണമെന്നതാണ് ഉയരുന്ന പ്രധാനപ്പെട്ട ആവശ്യം. അച്ഛനും അമ്മയും മക്കളും അടക്കം കുടുംബം മുഴുവനും വിശേഷാവസരങ്ങളിൽ കെട്ടു മുറുക്കി നാട്ടിൽപ്പോകുമ്പോൾ, മാസങ്ങളോളം കുട്ടികളുടെ പഠനം മുടങ്ങുന്നു. വാടകവീടുകളിലെ കുടുസുമുറികളിൽ നാലും അഞ്ചും പേരടങ്ങുന്ന കുടുംബത്തിനൊപ്പം താമസിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ‍ിക്കാനുമാകുന്നില്ല.

കേരളത്തെ ഉള്ളുനിറച്ച് സ്നേഹിക്കുമ്പോഴും ബംഗാളി അധ്യാപകനായ അക്തറിന്റെ വാക്കുകളിൽ ജന്മനാടിനെക്കുറിച്ചുള്ള വലിയ സങ്കടമുണ്ട്. സ്വന്തം നാട്ടിലെ കുട്ടികളെക്കുറിച്ചാണ് മുഖ്യമായും ആ കണ്ണീരോർമ. അക്തർ പറയുന്നു; ‘കൊൽക്കത്തയിൽ ഏകദേശം 60 ശതമാനം കുട്ടികളാണ് സ്കൂളിൽ എത്തുന്നത്. ബാക്കി കുട്ടികൾ കൃഷിയിടങ്ങളിലും ചില്ലറ തൊഴിലുകളിലുമാണ്. അവരുടെ ഭാവി ഇരുണ്ടതാണ്. ആർക്കും പ്രതീക്ഷയില്ല. പൈസയുള്ള ബംഗാളികൾ കൊൽക്കത്തയിൽ, അല്ലാത്തവർ കേരളത്തിൽ എന്നതാണ് ഇപ്പോഴത്തെ നില. അവിടെ ഇനിയും ജാസ്തി ആളുണ്ട്. പണിയില്ല, കൂലിയില്ല.’ കുട്ടികൾ അടക്കം ജന്മനാട്ടിൽ നിന്നുള്ള വംഗജനതയുടെ കൂട്ടപ്പലായനം ജീവിതം നിലനിർത്താനുള്ള ശ്രമമാണെന്ന് അക്തർ പറയാതെ പറയുന്നു.

അപ്പോഴും അക്തറിന്റെ കാഴ്ചപ്പുറത്തെ ഇരുളിനെ അക്ഷരങ്ങളുടെ വജ്രസൂചിയാൽ കീറിമുറിച്ച് പതിയെ ബുൾബുളി ടീച്ചറുടെ കുട്ടികൾ പച്ചപ്പിന്റെ ഗാനം പാടിയാർത്തു വരുന്നുണ്ട്. ‘...ബോണേ ദാകേ ബാഗ്, ഖാച്ചേ ദാകേ പാഖീ, ജോലേ ദാകേ മാച്, ഡാലേ ആത്‌സേ ഫോൽ...’

Your Rating: