ബ്രസീലിന്റെ വിമാനം തകർന്നത് ഇന്ധനം തീർന്നതുമൂലം

ബോഗോട്ട (കൊളംബിയ) ∙ കഴിഞ്ഞ മാസം കൊളംബിയൻ പർവതപ്രദേശത്തു വിമാനം തകർന്നുവീണത് ഇന്ധനം തീർന്നതുമൂലമാണെന്നു പ്രാഥമികാന്വേഷണം സ്ഥിരീകരിച്ചു. ബ്രസീലിലെ ലാമിയ വിമാനക്കമ്പനിയുടെ ചാർട്ടർ വിമാനം മെഡെലിൻ വിമാനത്താവളത്തിനു സമീപം നവംബർ 28ന് ആണു തകർന്നുവീണത്.

ബ്രസീലിയൻ ക്ലബ് ഫുട്ബോൾ ടീമായ ഷപ്പെകൊയിൻസ് റിയലിലെ കളിക്കാരടക്കം 79 പേരാണു കൊല്ലപ്പെട്ടത്. ഇന്ധനം കുറവാണെന്ന വിവരം പൈലറ്റുമാർക്ക് അറിയാമായിരുന്നിട്ടും അവർ ജാഗ്രത പാലിച്ചില്ല. അപകടത്തിനു മിനിറ്റുകൾക്കു മുൻപാണ് അവർ അപായ സന്ദേശം നൽകിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇന്ധനം കുറവായതിനാൽ വേഗം നിലത്തിറക്കാനുള്ള അപേക്ഷയാണ് ആദ്യം പൈലറ്റുമാർ നൽകിയത്. അനുമതി ലഭിക്കുംമുൻപേ വിമാനം താഴേക്ക് ഇറങ്ങാൻ തുടങ്ങി. തുടർന്ന് എൻജിനുകൾ ഓരോന്നായി നിശ്ചലമായി. 9000 അടി താഴ്ചയിലേക്കാണു വിമാനം പതിച്ചത്. വിമാനം തകർന്നത് ഇന്ധനം തീർന്നതുമൂലമാണെന്ന സംശയം നേരത്തേ ഉയർന്നിരുന്നു.