Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യൻ സേനാ വിമാനം കടലിൽ തകർന്നുവീണു 92 മരണം

Russian Military Plane crash റഷ്യയുടെ സേനാവിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നവർ.

മോസ്കോ ∙ കരിങ്കടലിൽ തകർന്നുവീണ സൈനിക വിമാനത്തിനായി റഷ്യ തിരച്ചിൽ തുടരുന്നു. വിമാനത്തിലുണ്ടായിരുന്ന 92 പേരും മരണമടഞ്ഞതായി കരുതുന്നു. ഇതുവരെ 11 ജഡങ്ങൾ വീണ്ടെടുത്തു. 1983ൽ നിർമിച്ച ടിയു–154 വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങൾ കടലിനടിയിൽ കണ്ടെത്തിയിട്ടുണ്ട്.

സിറിയയിലുള്ള റഷ്യൻ സൈനികർക്കായി നടത്തുന്ന പുതുവത്സരാഘോഷത്തിനായി അയച്ച റെഡ് ആർമി ക്വയറിൽപെട്ട 60 ഗായകരും നർത്തകരുമാണു പ്രധാനമായും വിമാനത്തിലുണ്ടായിരുന്നത്. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഉപദേശകസമിതിയിലെ പ്രമുഖ അംഗമായ എലിസവേത്ത ഗ്ളിൻക, ഒൻപതു മാധ്യമപ്രവർത്തകർ തുടങ്ങിയവരും ഉണ്ടായിരുന്നു. ടിയു–154 ഇനത്തിൽപെട്ട വിമാനം 2010ൽ തകർന്നു പോളണ്ട് പ്രസിഡന്റ് അടക്കം ഒട്ടേറെ പ്രമുഖർ കൊല്ലപ്പെടുകയുണ്ടായി.

അപകടം പൈലറ്റിന്റെ പിഴവോ യന്ത്രത്തകരാറോ മൂലമായിരിക്കാമെന്നാണു കണക്കാക്കുന്നത്. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സൂചനകളൊന്നുംതന്നെയില്ല. പുറത്തുനിന്ന് എന്തെങ്കിലും വസ്തു എൻജിനുള്ളിലേക്കു വീണോ എന്നും ഇന്ധനം തരംതാണതായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

ദക്ഷിണ റഷ്യയിലെ സോചി വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചശേഷം പുറപ്പെട്ട വിമാനം പറന്നുയർന്നു മിനിറ്റുകൾക്കകം തകർന്നുവീഴുകയായിരുന്നു. സോചി തീരത്തുനിന്ന് ഒര‌ുമൈൽ അകലെ കടലിൽ 27 മീറ്റർ താഴെയാണു വിമാനത്തിന്റെ മധ്യഭാഗത്തിന്റെ നാലു കഷണങ്ങൾ കണ്ടെത്താനായത്.

3500 പേർ ഉൾപ്പെട്ട തിരച്ചിൽ സംഘമാണ് ഇപ്പോൾ രംഗത്തുള്ളത്. 45 കപ്പലുകളും അഞ്ചു കോപ്റ്ററുകളും ഡ്രോണുകളും നൂറോളം മുങ്ങൽവിദഗ്ധരും സംഘത്തിലുണ്ട്. ഇവരുടെ അംഗസംഖ്യ കൂട്ടുമെന്ന് അധികൃതർ അറിയിച്ചു. റഷ്യ ഇന്നലെ ദേശീയ ദുഃഖാചരണം നടത്തി.

related stories
Your Rating: