Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലനാരിഴയ്ക്ക് ഒഴിവായത് രണ്ട് വിമാന ദുരന്തങ്ങൾ

indigo-spice-jet ഡൽഹിയിൽ യാത്രാവിമാനങ്ങൾ നേർക്കുനേർ വന്നപ്പോൾ.

ന്യൂഡൽഹി∙ രാജ്യത്ത് ഇന്നലെ രണ്ടു വിമാനദുരന്തങ്ങൾ തലനാരിഴയ്ക്ക് ഒഴിവായി. രാവിലെ ഗോവ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നു തെന്നിനീങ്ങി മണൽത്തിട്ടയിൽ ഇടിച്ച അപകടത്തിൽ 12 പേർക്കു പരുക്കേറ്റു.

ഡൽഹി വിമാനത്താവളത്തിൽ രണ്ടു യാത്രാവിമാനങ്ങൾ നേർക്കുനേർ വന്നെങ്കിലും അപകടം തലനാരിഴയ്ക്ക് ഒഴിവായി. എയർ ട്രാഫിക് കൺട്രോളിലെ (എടിസി) ആശയവിനിമയത്തിലെ പിഴവാണെന്നു പറയുന്നു, സ്വകാര്യ യാത്രാവിമാനങ്ങളായ ഇൻഡിഗോയും സ്പൈസ് ജെറ്റും നേർക്കുനേർ വരാനിടയാക്കിയത്.

ലക്നൗവിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ഹൈദരാബാദിലേക്കുള്ള സ്പൈസ് ജെറ്റിൽ 187 യാത്രക്കാരും. സ്പൈസ് ജെറ്റ് പറന്നുയരാൻ റൺവേയിലേക്കു നീങ്ങുമ്പോഴാണു അതേ പാതയിൽ എതിർദിശയിൽ മറ്റൊരു വിമാനം പൈലറ്റ് കണ്ടത്.

jet-airways ഗോവയിൽ വിമാനം മണൽത്തിട്ടയിൽ ഇടിച്ചുനിന്നപ്പോൾ.

അടിയന്തരമായി വിമാനം നിർത്തിയിട്ടശേഷം എടിസിയിൽ അറിയിക്കുകയായിരുന്നു. 154 യാത്രക്കാരുമായി ഗോവയിൽനിന്നു മുംബൈയിലേക്കു പറക്കാനൊരുങ്ങിയ ജെറ്റ് എയർവേസിന്റെ ബോയിങ് വിമാനം റൺവേയിൽ തെന്നി വട്ടംകറങ്ങിയശേഷമാണു മണൽത്തിട്ടയിൽ മൂക്കിടിച്ചു നിന്നത്.

വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു. രണ്ടു സംഭവത്തിലും വ്യോമയാന വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.

Your Rating: