യാത്രക്കാരനോടു ക്രൂരത: യുഎസ് വിമാനക്കമ്പനി മാപ്പു പറഞ്ഞു

വിയറ്റ്നാം സ്വദേശിയായ ഡോക്ടറെ വിമാനത്തിൽനിന്നു ബലമായി പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഏഷ്യൻ–അമേരിക്കൻ സമൂഹപ്രതിനിധികൾ ഷിക്കാഗോയിലെ വിമാനത്താവളത്തിൽ നടത്തിയ പ്രതിഷേധം.

ഷിക്കാഗോ ∙ വിമാനത്തിൽനിന്നു യാത്രക്കാരനെ വലിച്ചിഴച്ചു പുറത്താക്കിയതിന്റെ പേരിൽ വിമർശനം നേരിട്ട യുഎസ് വിമാനക്കമ്പനി യുണൈറ്റഡ് എയർലൈൻസ് ഒടുവിൽ മാപ്പു പറഞ്ഞു. ‘വിമാനത്തിലുണ്ടായ സംഭവം ഇപ്പോഴും എന്റെ മനസ്സുലയ്ക്കുന്നു. ബലമായി പുറത്താക്കപ്പെട്ട യാത്രക്കാരനോടും വിമാനത്തിലെ മറ്റു യാത്രക്കാരോടും മാപ്പു ചോദിക്കുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞങ്ങൾ ഏൽക്കുന്നു’ – യുണൈറ്റഡ് സിഇഒ ഓസ്കർ മുന്യോസ് പറഞ്ഞു.

യാത്രക്കാർ കൂടുതലായതോടെയാണു ഞായറാഴ്ച വൈകിട്ട് ഷിക്കാഗോ വിമാനത്താവളത്തിൽനിന്ന് ലൂയിവില്ലിലേക്കുള്ള വിമാനത്തിലെ നാലുപേരെ ഒഴിപ്പിച്ചത്. സീറ്റൊഴിയാൻ വിസമ്മതിച്ച വിയറ്റ്‌നാം വംശജനായ യുഎസ് ഡോക്ടർ ഡേവിഡ് ദാവോ (69) യെയാണ് അധികൃതർ വലിച്ചിഴച്ചു പുറത്താക്കിയത്. പരുക്കേറ്റ ഡോ. ദാവോ ഷിക്കാഗോയിലെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തെ ആദ്യം ന്യായീകരിച്ച വിമാനക്കമ്പനി, യാത്രക്കാരനെ വലിച്ചിഴയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു നിലപാട് തിരുത്തിയത്.