Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് താലിബാൻ ഭീകരരെ പാക്കിസ്ഥാൻ തൂക്കിലേറ്റി

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ സൈനികകോടതിയിടെ വിധി അനുസരിച്ച് രണ്ട് തെഹ്‌രികെ താലിബാൻ ഭീകരരെ തൂക്കിലേറ്റി. പ്രതിപക്ഷത്തിന്റെയും പൗരാവകാശ പ്രസ്ഥാനങ്ങളുടെയും എതിർപ്പു മറികടന്ന് രണ്ടുവർഷം മുൻപു രൂപംനൽകിയതാണു സൈനികകോടതി. ഇന്ത്യക്കാരനായ കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ചതും സൈനികകോടതിയാണ്. കുൽഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നതിനു കളമൊരുക്കാൻ വേണ്ടിയാണോ രണ്ടുപേരുടെയും ശിക്ഷ നടപ്പാക്കിയതെന്നും സംശയമുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ജയിലിലാണ് മുഹമ്മദ് ഷാഹിദ് ഒമർ, ഫസൽ ഇ ഹഖ് എന്നിവരെ തൂക്കിലേറ്റിയത്. ഇരുവരും കൊടുംഭീകരരാണെന്നും നിരപരാധികളെയും സൈനികരെയും പോളിയോ വിമുക്ത പദ്ധതിയിൽ ഏർപ്പെട്ടവരെയും ആക്രമിച്ചവരാണെന്നും സൈന്യം പത്രക്കുറിപ്പിൽ അറിയിച്ചു. അതേസമയം ഇവരുടെ വിചാരണ എവിടെ നടത്തിയെന്നോ എന്തായിരുന്നു ശിക്ഷ വിധിച്ചതെന്നോ പ്രസ്താവനയിൽ പറയുന്നില്ല.

പെഷവാറിലെ സൈന്യം നടത്തുന്ന സ്കൂളിൽ 2014 ‍ഡിസംബറിൽ കുട്ടികളടക്കം 150 പേരെ വെടിവച്ചു കൊന്നതിനെ തുടർന്നാണു സൈനികകോടതിക്കു രൂപംനൽകിയത്. ഈ കോടതി വിധിച്ച് ഇതുവരെ 23 പേരെ വധശിക്ഷയ്ക്കു വിധേയരാക്കി. ഇതിനിടെ പാക്ക് കരസേനാ മേധാവി കമർ ജാവേദ് ബാജ്‌വ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചാരപ്രവർത്തനം ആരോപിച്ചു കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ച പശ്ചാത്തലത്തിലാണു സന്ദർശനം എന്നു കരുതുന്നു.

Your Rating: