യുഎസിൽ എട്ടുപേരെ വെടിവച്ചുകൊന്നു; അക്രമി പിടിയിൽ

യുഎസിലെ മിസിസിപ്പി സംസ്ഥാനത്തെ ലിങ്കൺ കൗണ്ടിയിൽ എട്ടുപേരെ വെടിവച്ചുകൊന്ന സംഭവത്തിലെ മുഖ്യപ്രതി കോറി ഗോഡ്ബോൾട്ടിനെ പൊലീസ് കീഴടക്കിയപ്പോൾ. ചിത്രം: എപി

വാഷിങ്‌ടൻ ∙ യുഎസിലെ മിസിസിപ്പി സംസ്ഥാനത്തു മൂന്നു വീടുകളിലായി എട്ടുപേരെ വെടിവച്ചുകൊന്ന അക്രമിയെ പൊലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണു കാരണമെന്നാണു പ്രാഥമിക നിഗമനം.

മിസിസിപ്പി തലസ്ഥാനമായ ജാക്‌സണിൽനിന്നു 109 കിലോമീറ്റർ അകലെ ലിങ്കൺ കൗണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫിസറും ഉൾപ്പെടുന്നു. കോറി ഗോഡ്‌ബോൾട് എന്നയാളാണ് അറസ്റ്റിലായത്.

ഇയാളുടെ മക്കളെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ടു ഭാര്യവീട്ടിലെത്തി സംസാരിച്ചപ്പോൾ അയൽക്കാർ പൊലീസിൽ വിവരമറിയിച്ചെന്നാണു സൂചന. ഇതിൽ പ്രകോപിതനായ ഗോഡ്‌ബോൾട് വീട്ടുകാരെയും അന്വേഷണം നടത്താനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെയും വിവരമറിയിച്ച അയൽക്കാരെയും വധിക്കുകയായിരുന്നു.