Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യാബന്ധം അന്വേഷണം: ട്രംപ് ഇടപെട്ടോയെന്ന് പരിശോധിക്കുന്നു

US President Donald Trump

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച എഫ്‌ബിഐ അന്വേഷണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടിരിക്കാനുള്ള സാധ്യതകളും പരിശോധനയിൽ. നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായോ എന്നാണു പരിശോധിക്കുക. മുൻ എഫ്‌ബിഐ മേധാവി കൂടിയായ സ്പെഷൽ കൗൺസൽ റോബർട് മുള്ളറിനാണ് അന്വേഷണച്ചുമതലയെന്നു ദ് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ‌ട്രംപുമായി ബന്ധപ്പെട്ടവർ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നതും അന്വേഷണപരിധിയിലുണ്ട്.

നാഷനൽ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സ്, നാഷനൽ സെക്യൂരിറ്റി ഏജൻസി മേധാവി മൈക് റോജേഴ്‌സ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട് ഈയാഴ്ച റോബർട് മുള്ളർ ചോദ്യം ചെയ്തേക്കും. അതീവരഹസ്യമായി നടത്തുന്ന ഈ അന്വേഷണത്തിൽ ആരെയൊക്കെ ചോദ്യം ചെയ്തതെന്നു വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു. മേയ് ഒൻപതിന് എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു ജയിംസ് കോമിയെ പുറത്താക്കിയതിനു പിന്നാലെയാണു നീതിനിർവഹണം തടസ്സപ്പെടുത്താൻ ട്രംപിന്റെ ഭാഗത്തുനിന്നു നീക്കമുണ്ടായോ എന്നതും എഫ്ബിഐ പരിശോധിച്ചുതുടങ്ങിയത്.