പ്രീത് കൗർ ഗിൽ പാർലമെന്റ് സിലക്ട് കമ്മിറ്റിയിൽ

ലണ്ടൻ∙ ബ്രിട്ടിഷ് പാർലമെന്റിലെ ആഭ്യന്തര വകുപ്പ് സിലക്ട് കമ്മിറ്റി അംഗമായി ഇന്ത്യൻ വംശജയായ എംപി പ്രീത് കൗർ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്റിന്റെ സുപ്രധാന സമിതിയിൽ അംഗമാകുന്ന സിഖ് വംശജയായ ആദ്യ എംപിയാണു പ്രീത് കൗർ (44). ലേബർ പാർട്ടി അംഗമായ പ്രീത് കൗർ, ജൂൺ എട്ടിനു നടന്ന പൊതു തിരഞ്ഞെടുപ്പിൽ എഡ്ഗ്ബാസ്റ്റൻ സീറ്റിൽ നിന്നാണു തിരഞ്ഞെടുക്കപ്പെട്ടത്. സമിതിയിൽ മറ്റു 10 അംഗങ്ങളുണ്ട്.

ദീർഘകാലം എംപിയായിരുന്ന ഇന്ത്യൻ വംശജൻ കീത്ത് വാസാണ് കഴിഞ്ഞ വർഷംവരെ സമിതി അധ്യക്ഷനായിരുന്നത്. ലേബർ പാർട്ടി എംപി വെറ്റി കൂപ്പറാണ് പുതിയ അധ്യക്ഷൻ. ഇന്ത്യ– ബ്രിട്ടിഷ് ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് അധ്യക്ഷനായി ലേബർ പാർട്ടി എംപി വിരേന്ദ്ര ശർമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സഭാസമിതി ഉപാധ്യക്ഷ ഇന്ത്യൻ വംശജയായ സീമ മൽഹോത്രയാണ്.