Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരിസ് ഉടമ്പടി: പിന്മാറാൻ യുഎസ് നോട്ടിസ് നൽകി; ഉടമ്പടിയിൽ തുടരാൻ യുഎൻ മേധാവിയുടെ അഭ്യർഥന

x-default

ന്യൂയോർക്ക്∙ പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്നു പിന്മാറുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു രണ്ടുമാസത്തിനുശേഷം ഇതു സംബന്ധിച്ച ഔദ്യോഗിക നോട്ടിസ് യുഎസ് ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകി. രാജ്യതാൽപര്യം സംരക്ഷിക്കുന്നതിനായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചർച്ചകളിൽ തുടർന്നും പങ്കെടുക്കുമെന്നു യുഎസ് അറിയിച്ചു.

2015ൽ 195 രാജ്യങ്ങൾ അംഗീകരിച്ച് ഒപ്പിട്ടതാണു പാരിസ് ഉടമ്പടി. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനു കാർബൺ നിർഗമനം ലഘൂകരിക്കുകയും ആഗോള താപനില രണ്ടു ഡിഗ്രി വർധിക്കുന്നതു തടയുകയുമാണ് ഉടമ്പടിയുടെ ലക്ഷ്യം. ഉടമ്പടിയുടെ ചട്ടങ്ങൾ പ്രകാരം 2020 നവംബർ നാലുവരെ യുഎസിനു പൂർണമായി പിന്മാറാനാകില്ല. യുഎസിൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു നടക്കുന്നതിന്റെ പിറ്റേന്നു വരെയാണ് ഈ കാലാവധി. ഉടമ്പടിയിൽ തുടരണോ എന്നു തീരുമാനിക്കാൻ പുതിയ പ്രസിഡന്റിനാകും എന്നതാണു പ്രത്യേകത.

പാരിസ് ഉടമ്പടിയിൽ തുടരാൻ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎസിനോട് അഭ്യർഥിച്ചു. ഉടമ്പടി അമേരിക്കൻ താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നും ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങൾക്കാണു കരാർ കൊണ്ടു പ്രയോജനമെന്നും ആരോപിച്ചാണു കാലാവസ്ഥാ ഉടമ്പടിയിൽനിന്നു യുഎസ് പിന്മാറുന്നത്.

യുഎസിന്റെ വ്യവസായ താൽപര്യങ്ങൾക്കും പൊതുജനങ്ങൾക്കും അനുകൂലമാകുന്ന വിധത്തിലുള്ള വ്യവസ്ഥകളുണ്ടെങ്കിൽ ഉടമ്പടിയുമായി വീണ്ടും സഹകരിക്കുന്നതിൽ തടസ്സമില്ലെന്നാണു ട്രംപിന്റെ നിലപാട്. പുതിയ സാങ്കേതികവിദ്യകളിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.