‘ലോക്കി’ ഭീതിയിൽ ലോകം; ‘വാനാക്രൈ’യെക്കാൾ അപകടകാരി

ന്യൂയോർക്ക്∙ പോയവർഷം സൈബർലോകത്തെ പിടിച്ചുകുലുക്കിയ ലോക്കി റാൻസംവെയർ പുതിയ പതിപ്പിൽ വീണ്ടും അപകടകാരിയായി മാറുന്നെന്നു സൂചന. കഴിഞ്ഞദിവസം ഇന്ത്യൻ സൈബർസുരക്ഷാ പദ്ധതിയായ ‘ഐസെർട്ട് ’ ഇതുസംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു. ദിവസങ്ങൾക്കു മുൻപ് അമേരിക്കയിൽ ലോക്കി വൈറസ് അടങ്ങിയ രണ്ടു കോടിയിലധികം ഇമെയിലുകൾ പ്രചരിച്ചതായി റിപ്പോർട്ടുണ്ട്. ‘പ്ലീസ് പ്രിന്റ്, ഡോക്യുമെന്റ്സ്, സ്കാൻ’ തുടങ്ങിയ വാക്കുകൾ സബ്ജക്ട് ആയി രേഖപ്പെടുത്തിയാണ് റാൻസംവെയർ അടങ്ങിയ മെയിലുകൾ എത്തുന്നത്. 

അപകടം പുതിയ പതിപ്പിൽ

2016ൽ ‘ലോക്കി’ ഒട്ടേറെ സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നു. വൈറസ് അപ്രത്യക്ഷമായെന്നു കരുതിയപ്പോഴാണ് പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നത്. ലോക്കി പൂട്ടുന്ന ഫയലുകൾ ഡോട്ട് ലോക്കി എന്ന എക്സ്റ്റൻഷനായിട്ടായിരുന്നു പണ്ടു കാണിച്ചിരുന്നത്. എന്നാൽ, ലൂക്കിറ്റസ് അല്ലെങ്കിൽ ഡയബ്ലോ എന്നിവയാണു പുതിയ പതിപ്പിന്റെ എക്സ്റ്റൻഷനുകൾ. വാനാക്രൈയെക്കാൾ അപകടകാരിയാണ് ലോക്കിയെന്നാണ് സൈബർസുരക്ഷാ വിദഗ്ധരുടെ വിലയിരുത്തൽ‌. 

∙ മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടും!

മെയിലുകളോടൊപ്പമുള്ള സിപ് ഫയലുകൾ തുറക്കുന്നതോടെ കംപ്യൂട്ടറിനുള്ളിലേക്കു ലോക്കി ഡൗൺലോഡ് ചെയ്യപ്പെടും. തുടർന്നു ഫയലുകളെ ‘പൂട്ടുന്നതോടെ’ റാൻസംവെയർ പ്രവർത്തനം തുടങ്ങും. പണം നൽകിയാൽ ഫയലുകൾ തിരിച്ചുകിട്ടുമെന്ന് അറിയിക്കുന്ന സന്ദേശം പിന്നീട് സ്ക്രീനിൽ തെളിയും. അര ബിറ്റ്കോയിനാണു നൽകേണ്ട തുക. ഒന്നരലക്ഷം രൂപയോളം വരും ഇതിന്റെ മൂല്യം. ലോക്കി പൂട്ടിയ ഫയലുകൾ തിരിച്ചുകിട്ടാൻ പ്രയാസമാണെന്നു ചുരുക്കം.