Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുംബൈ ബാങ്കിൽ സൈബർ ആക്രമണം; 143 കോടി തട്ടി

cyber-attack-representational-image പ്രതീകാത്മക ചിത്രം

മുംബൈ∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൊറീഷ്യസ് (എസ്ബിഎം) മുംബൈ നരിമാൻ പോയിന്റ് ശാഖയിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത തട്ടിപ്പുകാർ 143 കോടി രൂപ അപഹരിച്ചു. ബാങ്കിന്റെ നരിമാൻ പോയിന്റ് ബ്രാഞ്ചിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. അജ്ഞാതർ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് രാജ്യത്തിനു പുറത്തുള്ള അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ബാങ്ക് അധികൃതർ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗ(ഇഒഡബ്ല്യു)ത്തിനു പരാതി നൽകുന്നത്.

തട്ടിപ്പിൽ ബാങ്ക് ജീവനക്കാർ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എസ്ബിഎമ്മും അന്വേഷിക്കുന്നുണ്ട്. സൈബർ ആക്രമണത്തിന് ഇരയായെങ്കിലും അക്കൗണ്ട് ഉടമകളുടെ പണം നഷ്ടപ്പെടില്ലെന്നും വ്യക്തമാക്കി. ഇന്ത്യയിൽ മുംബൈ, ചെന്നൈ, ഹൈദരാബാദ്, ആന്ധ്രയിലെ രാമചന്ദ്രപുരം എന്നിവിടങ്ങളിലാണ് എസ്ബിഎമ്മിന് ശാഖകൾ ഉള്ളത്.  കഴിഞ്ഞ ഓഗസ്റ്റിൽ പുണെയിലെ കോസ്മോസ് ബാങ്കിന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് 94.24 കോടി രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കടത്തിയിരുന്നു.