Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈബർ ആക്രമണം: ചെറ‌ിയ ബാങ്കുകൾക്കു വലിയ വെല്ലുവിളി

Security concept: Lock on digital screen

കൊച്ചി ∙ ബാങ്കിങ് മേഖലയിലെ സൈബർ ആക്രമണങ്ങളിൽ വലിയ തോതിലുള്ള വർധന. ഈ പശ്‌ചാത്തലത്തിൽ ചെറുകിട ബാങ്കുകളും സഹകരണ ബാങ്കുകളും മറ്റും ആക്രമണത്തിനു വിധേയമാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നു സൈബർ വിദഗ്‌ധർ മുന്നറിയിപ്പു നൽകുന്നു. പാക്കിസ്‌ഥാനിലെ മിക്ക ബാങ്കുകളുടെയും അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായാണു കഴിഞ്ഞ ആഴ്‌ച പുറത്തുവന്ന റിപ്പോർട്ട്. 10 ബാങ്കുകൾ രാജ്യാന്തര ഇടപാടുകൾ നിർത്തിവയ്‌ക്കുകപോലും ചെയ്‌തു. കഴിഞ്ഞ മാസമാണു സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൊറീഷ്യസിന്റെ മുംബൈ ശായിലെ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തവർ 143 കോടി രൂപ അപഹരിച്ചത്. ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്‌തു രാജ്യത്തിനു പുറത്തുള്ള അക്കൗണ്ടുകളിലേക്കു തുക മാറ്റുകയായിരുന്നു. ഈ വർഷംതന്നെയാണു കുംഭകോണം ആസ്‌ഥാനമായുള്ള സിറ്റി യൂണിയൻ ബാങ്കിൽനിന്നു ഹാക്കർമാർ 10 കോടിയിലേറെ രൂപ അടിച്ചുമാറ്റിയത്.

സൈബർ കുറ്റങ്ങളുടെ എണ്ണത്തിൽ വർഷം 15% വരെ വർധനയുണ്ടാകുന്നുവെന്നാണു കണക്ക്. കുറ്റവാളികൾ ചെറുകിട ബാങ്കുകളിലേക്കും ഗ്രാമീണ, സഹകരണ ബാങ്കുകളിലേക്കുമൊക്കെ ‘പ്രവർത്തനം’ വ്യാപിപ്പിച്ചു തുടങ്ങിയ സാഹചര്യത്തിൽ കൂടുതൽ വർധനയ്‌ക്കാണു സാധ്യത. രാജ്യത്തെ ഏറ്റവും പഴക്കമുള്ള സഹകരണ ബാങ്കുകളിലൊന്നായ പുണെ കോസ്‌മോസ് കോ–ഓപ്പറേറ്റീവ് ബാങ്കിൽനിന്നു മൂന്നു മാസം മുമ്പു 94 കോടി രൂപ ഓൺലൈൻ സംവിധാനത്തിലൂടെ അപഹരിക്കാൻ ഹാക്കർമാർക്കു കഴിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരത്തെ ജില്ലാ മർക്കന്റൈൽ സഹകരണ സംഘത്തിലും സൈബർ ആക്രമണമുണ്ടായി.

പേയ്‌മെന്റ്‌സ് ബാങ്കുകൾ, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ തുടങ്ങി ചെറുകിട ബാങ്കിങ് സ്‌ഥാപനങ്ങൾ രാജ്യത്തു രണ്ടായിരത്തോളമാണുള്ളത്. ഇവയിൽ ബഹുഭൂരിപക്ഷത്തിനും സൈബർ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഒരു സംവിധാനവുമില്ല. രാജ്യത്തെ വലിയ ബാങ്കുകൾ അവയുടെ ഐടി ഇനത്തിൽപ്പെട്ട ചെലവിന്റെ അഞ്ചു ശതമാനത്തോളം സൈബർ സുരക്ഷയ്‌ക്കു നീക്കിവയ്‌ക്കുന്നുണ്ട്. മറ്റു ചില രാജ്യങ്ങളിലെ സ്‌ഥിതിയുമായി താരതമ്യപ്പെടുത്തിയാൽ അതുതന്നെ തീരെ കുറവാണ്. അതേസമയം, ചെറുകിട ബാങ്കിങ് സ്‌ഥാപനങ്ങൾ സൈബർ സുരക്ഷയ്‌ക്കു കാര്യമായ തോതിൽ തുക ചെലവിടുന്നില്ല.