Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുണെയിലെ ബാങ്കിൽ ഹാക്കർമാരുടെ വിളയാട്ടം; 94 കോടി രൂപ തട്ടിയെടുത്തു

hacking പ്രതീകാത്മക ചിത്രം

പുണെ∙ സൈബർ തട്ടിപ്പിൽ വലഞ്ഞ് പുണെ നഗരത്തിലെ പ്രമുഖ സഹകരണ ബാങ്കായ കോസ്മോസ്. ഓഗസ്റ്റ് 11നും 13നും ഇടയിൽ ബാങ്ക് സിസ്റ്റത്തിൽ നുഴഞ്ഞുകയറി ഹാക്കർമാർ തട്ടിയെടുത്തത് 94 കോടി രൂപയാണെന്നാണു വിവരം. സംഭവം വെളിച്ചത്തുവന്നതിനെ തുടർന്നു ബാങ്ക് അധികൃതർ‌ ചതുശ്രുങ്കി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഓഗസ്റ്റ് 11നു വിസ, റുപേ കാർഡ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി എടിഎം സെർവർ വഴി 80 കോടി രൂപയാണു ബാങ്കിനു നഷ്ടമായത്. 14,849 ഇടപാടുകളിലൂടെയാണ് ഇത്രയും തുക ഹാക്കർമാർ കൈക്കലാക്കിയത്. വിസാ കാർ‌ഡുകൾ വഴി 12,000 ഇടപാടുകൾ നടത്തി. 78 കോടി രൂപ തട്ടിയെടുത്തതിനുശേഷം ഇതു രാജ്യത്തിനു പുറത്തേക്കു കടത്തുകയായിരുന്നു. റൂപേ കാർഡില്‍ 2,849 ഇടപാടിലൂടെ രണ്ടു കോടി രൂപയും ഹാക്കർ‌മാർ മോഷ്ടിച്ചു.

ഓഗസ്റ്റ് 13ന് കോസ്മോസ് ബാങ്കിന്റെ അതിവേഗ ഇടപാടിനുള്ള സംവിധാനം ഉപയോഗിച്ച് 13.94 കോടി രൂപ ഹോങ്കോങ്ങിലുള്ള ഒരു ബാങ്കിലേക്കും മാറ്റി. രണ്ടു ദിവസത്തിനുള്ളിൽ 94 കോടി രൂപയാണു ബാങ്കിനു നഷ്ടമായത്. ഐടി നിയമ പ്രകാരം കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി. കാനഡയില്‍നിന്നാണു ഹാക്കിങ് നടന്നതെന്നാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

സംഭവത്തിൽ എന്തൊക്കെ നടപടികൾ ചെയ്യാൻ സാധിക്കുമെന്നു നാഷനൽ പെയ്മെന്റ്സ് കോർപറേഷൻ‌ ഓഫ് ഇന്ത്യ (എൻപിസിഐ), റിസർവ് ബാങ്ക് എന്നിവരോടു ചോദിച്ചിട്ടുണ്ടെന്നു സഹകരണ ബാങ്ക് ഡയറക്ടർ വ്യക്തമാക്കി. എൻപിസിഐയ്ക്കു സമാനമായ സംവിധാനം രൂപകൽ‌പന ചെയ്ത ശേഷമാണു ഹാക്കർമാർ പണം തട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മോഷണം നടന്നതിനു പിന്നാലെ ബാങ്കിന്റെ സെർവറുകളുടെയും ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകളുടെയും പ്രവർത്തനം നിർത്തിവച്ചു.