Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ സൈക്കിൾ, ബൈക്ക് പാതയിൽ ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം: 8 മരണം

ny-shooting ന്യൂയോർക്കിലെ മൻഹാറ്റനിൽ നടപ്പാതയിലേക്കു അക്രമി ഇടിപ്പിച്ചു കയറ്റിയ പിക്കപ് ട്രക്കിനു സമീപം പൊലീസ് പരിശോധന നടത്തുന്നു

ന്യൂയോർക്ക്∙ വേൾഡ് ട്രേഡ് സെന്ററിനു സമീപം സൈക്കിൾ പാതയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി എട്ടുപേരെ കൊലപ്പെടുത്തിയതു ഭീകരസംഘടനയായ ഐഎസിൽ ആകൃഷ്ടനായ ഉസ്ബക് വംശജനായ യുവാവ്. നഗരത്തിൽ ഹാലോവിൻ ആഘോഷത്തിനിടെ, മൻഹാറ്റനു പടിഞ്ഞാറു തിരക്കേറിയ വെസ്റ്റ് സൈഡ് ഹൈവേയിലാണ് ആക്രമണം.

Sayfullo-Saipov സൈഫുല്ല സായ്പോ‌വ്

9/11നു ശേഷം ന്യൂയോർക്കിലുണ്ടായ വലിയ ഭീകരാക്രമണമാണിത്. ന്യൂയോർക്കിലെ ഏറ്റവും ജനസാന്ദ്രതയേറിയ മേഖലയാണു മൻഹാറ്റൻ. ആദ്യം നടപ്പാതയിലേക്കു പാഞ്ഞുകയറിയ ട്രക്ക് പിന്നീടു സൈക്കിൾ പാതയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സ്കൂൾ ബസ്സിൽ ട്രക്ക് ഇടിച്ചുനിന്നതോടെ പുറത്തിറങ്ങിയ യുവാവ് തോക്ക് ചൂണ്ടി ആളുകളെ വിരട്ടി. പൊലീസ് ഇയാളെ വെടിവച്ചു വീഴ്ത്തിയശേഷം അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ഇയാളുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്നു തെളിഞ്ഞു.

സംഭവം ഭീകരാക്രമണമാണെന്നു ന്യൂയോർക്ക് സിറ്റി മേയർ പറഞ്ഞു. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുഎസിലേക്കുള്ള വിദേശികളുടെ യാത്രാനിയന്ത്രണം കൂടുതൽ കർശനമാക്കുമെന്നു വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ അഞ്ചുപേർ അർജന്റീനക്കാരാണ്. ഒരു ബെൽജിയം പൗരനുമുണ്ട്. 11 പേർക്കു പരുക്കേറ്റു. 2010ൽ ആണ് ഉസ്ബക്കുകാരനായ സൈഫുല്ല സായ്പോ‌വ് (29) യുഎസ്സിലെത്തിയത്. ഇയാൾ ഊബർ ഡ്രൈവറായിരുന്നുവെന്നു കമ്പനി അധികൃതർ അറിയിച്ചു. ന്യൂയോർക്ക് പൊലീസിനു പുറമേ എഫ്ബിഐയും അന്വേഷിക്കുന്നുണ്ട്.

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിൽ മൂവായിരത്തോളം പേരാണു ന്യൂയോർക്കിൽ കൊല്ലപ്പെട്ടത്. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളുടെ സ്ഥാനത്താണു വൺ വേൾഡ് ട്രേഡ് സെന്റർ പുനർനിർമിച്ചത്. 2016 ജൂലൈയിൽ ഫ്രാൻസിലെ നീസിൽ ട്രക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ 86 പേരാണു കൊല്ലപ്പെട്ടത്. 2016 ഡിസംബറിൽ ബർലിനിലെ ക്രിസ്മസ് ചന്തയിൽ ട്രക്ക് ഓടിച്ചുകയറ്റിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. മൂന്നുമാസത്തിനുശേഷം ലണ്ടൻ വെസ്റ്റ്മിൻസ്റ്റർ ബ്രിജിൽ നടപ്പാതയിലേക്കു കാറോടിച്ചുകയറ്റി നാലുപേരെ കൊലപ്പെടുത്തി.