സൈബർ ആക്രമണം: ഇന്ത്യൻ വിദ്യാർഥി കുറ്റക്കാരൻ

വാഷിങ്ടൺ∙ യുഎസിലെ റുട്ഗേഴ്സ് സർവകലാശാലയിലെ കംപ്യൂട്ടർ ശൃംഖലയ്ക്കു നേരെ സൈബർ ആക്രമണം നടത്തിയതിന് ഇന്ത്യൻ വംശജനായ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ കുറ്റക്കാരെന്നു കണ്ടെത്തി. ന്യൂജഴ്സിയിൽ താമസമാക്കിയ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥി പരസ് ഝാ(21)യും ജോസിയ വൈറ്റ് (20), ഡാൾറ്റൻ നോർമൻ (21) എന്നിവരുമാണു കുറ്റക്കാർ.

ഇവർ 2014 നവംബറിനും 2016 സെപ്റ്റംബറിനുമിടയിൽ പലവട്ടം നടത്തിയ സൈബർ ആക്രമണത്തിൽ സർവകലാശാലയുടെ പ്രവർത്തനം ദിവസങ്ങളോളം തടസ്സപ്പെട്ടു. മൂവരും കുറ്റം സമ്മതിച്ചതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

10 വർഷം വരെ തടവും രണ്ടരലക്ഷം ഡോളർ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മാർച്ച് 13നു കേസിൽ വിധി പറയും.