ഹോളിവുഡിലെ ലൈംഗികപീഡനത്തിനെതിരെ നടിമാർ പറയുന്നു: പ്രതികരിക്കാൻ സമയമായി!

റീസ് വിതർസ്പൂൺ, ജെനിഫർ അനിറ്റ്സൻ, നികോൾ കിഡ്‌മാൻ, എമ്മ സ്റ്റോൺ

ലൊസാഞ്ചൽസ്∙ ഹോളിവുഡിൽ പുതുവർഷത്തുടക്കം ലൈംഗികപീഡനത്തിനെതിരെ പുതിയ പ്രസ്ഥാനവുമായി. നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ ലൈംഗികാരോപണങ്ങൾ ഹോളിവുഡിനെ പിടിച്ചുകുലുക്കിയതിനു പിന്നാലെയാണു മുൻനിര നടിമാരുടെ നീക്കം. ടൈം ഇസ് അപ് (Time's Up) എന്നു പേരിട്ട പ്രതിഷേധക്കൂട്ടായ്മ ഇതിനോടകം വൻപിന്തുണ നേടിക്കഴിഞ്ഞു.

റീസ് വിതർസ്പൂൺ, നികോൾ കിഡ്‌മാൻ, ജെനിഫർ അനിറ്റ്സൻ, ആഷ്‌‌ലി ജൂഡ്, അമേരിക്ക ഫെരേര, നതലി പോർട്‌മൻ, എമ്മ സ്റ്റോൺ, കെറി വാഷിങ്ടൻ, മാർഗൊട്ട് റോബി തുടങ്ങിയ പ്രശസ്ത നടിമാർ മുൻകയ്യെടുത്തുള്ള പുതിയ പ്രസ്ഥാനത്തിന്റെ പിറവിയെക്കുറിച്ചു ന്യൂയോർക്ക് ടൈംസാണു വാർത്ത പുറത്തുവിട്ടത്. നൂറുകണക്കിനു നടിമാർ ഒപ്പിട്ട തുറന്ന കത്തും പ്രസിദ്ധീകരിച്ചു.

പീഡനത്തിരയാകുന്നവർക്കു നിയമസഹായ ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. കേറ്റി മഗ്രാത്ത്, ജെ.ജെ.എബ്രാംസ്, മെറിൽ സ്ട്രീപ്, കെയ്റ്റ് ക്യാപ്ഷൊ തുടങ്ങിയവരും സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ വുണ്ടർകിൻഡർ ഫൗണ്ടേഷനും ചേർന്ന് 1.3 കോടി ഡോളർ ഈ ഫണ്ടിലേക്കു സംഭാവന നൽകിക്കഴിഞ്ഞു. അടുത്ത ഗോൾഡൻ ഗ്ലോബ് പുരസ്കാരവേളയിൽ പ്രതീകാത്മകമായി കറുപ്പു വസ്ത്രമണിഞ്ഞെത്താനും നടിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.