‘കൈലാഷ്’ ഡോക്യുമെന്ററിക്ക് ബഹുമതി

ലൊസാഞ്ചൽസ്∙ നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കിയ ഡോക്യുമെന്ററി, സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ യുഎസ് ഡോക്യുമെന്ററി ഗ്രാൻഡ് ജൂറി അവാർഡ് നേടി. ഡെറക് ഡൊനീൻ സംവിധാനം ചെയ്ത‘കൈലാഷ്’എന്നു പേരിട്ട ഡോക്യുമെന്ററി അനാവരണം ചെയ്യുന്നത് ബാലവേലയും കുട്ടിക്കടത്തും ഇല്ലാതാക്കുന്നതിൽ സത്യാർഥി നടത്തുന്ന പോരാട്ടങ്ങളാണ്.

‘കൈലാഷി’നു ലഭിച്ച പുരസ്ക്കാര വാർത്തയറിഞ്ഞ സത്യാർഥി ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ‘ബാല അടിമവേലയുടെ അന്ത്യം എന്റെ ജീവിതകാലത്തു തന്നെ നമുക്കു കാണാനാകുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ‘കൈലാഷ്’. ഈ പുരസ്കാരം എന്നെ വിനീതനാക്കുന്നു. ഡെറക്കിനും സംഘത്തിനും അഭിനന്ദനങ്ങൾ’.