പുതിയ നികുതിനയം: ക്രിസ്തുവിന്റെ കബറിടപ്പള്ളി അടച്ചു

ജറുസലം∙ ഇസ്രയേലിന്റെ പുതിയ നികുതി നയത്തിൽ പ്രതിഷേധിച്ച് ക്രിസ്ത്യൻ സഭാ നേതാക്കൾ കിഴക്കൻ ജറുസലമിലെ ക്രിസ്തുവിന്റെ കബറിടപ്പള്ളി അടച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പള്ളി തുറക്കുകയില്ലെന്നു റോമൻ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ്, അർമീനിയൻ ചർച്ച് എന്നീ സഭകളുടെ നേതാക്കൾ അറിയിച്ചു.

പുതിയ നികുതി നയം വിശുദ്ധനാട്ടിലെ ക്രിസ്ത്യാനികൾക്കു നേരെയുള്ള ആസൂത്രിത നീക്കമാണെന്നു സഭാ നേതാക്കൾ ആരോപിച്ചു. കബറിടപ്പള്ളിയിലെ പ്രധാന ഭാഗമാണു യേശുവിനെ അടക്കം ചെയ്തതെന്നു കരുതുന്ന കല്ലറ. മാസങ്ങൾ നീണ്ട നവീകരണ ജോലികൾക്കുശേഷം ക്രിസ്തുവിന്റെ കബറിട ദേവാലയ ഭാഗം ഈയിടെയാണു തുറന്നുകൊടുത്തത്.