Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; യുഎൻ നിഷ്ക്രിയത്വത്തെ അപലപിച്ച് തുർക്കി

ജറുസലം ∙ ഗാസയിൽ ഹമാസ് കേന്ദ്രത്തിനു വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ആൾനാശമില്ലെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. പലസ്തീൻ പ്രക്ഷോഭകർക്കുനേരെ തിങ്കളാഴ്ച ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 60 പലസ്തീൻ യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെയാണു ഗാസയിൽ ഇസ്രയേൽ വ്യോമസേനയുടെ കടന്നാക്രമണം. സൈനികരുടെ നേരെ വെടിവയ്ക്കുകയും കെട്ടിടം തകർക്കുകയും ചെയ്തതിനാണ് ഹമാസിന്റെ സൈനികതാവളത്തിനുനേരെ രാത്രിയിൽ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

2008 നുശേഷം മൂന്നുതവണ ഇസ്രയേൽ–ഹമാസ് യുദ്ധമുണ്ടായിട്ടുണ്ട്. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് 30 മുതൽ ആയിരക്കണക്കിനു പലസ്തീൻ പ്രക്ഷോഭകരാണു ഗാസ അതിർത്തിയിൽ തമ്പടിച്ചത്. ആറാഴ്ച നീണ്ട പ്രക്ഷോഭത്തിൽ നൂറിലേറെപ്പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്കു പരുക്കേൽക്കുകയും ചെയ്തു. ഗാസ അതിർത്തിയിലെ പ്രക്ഷോഭകർക്കു നേരെ ഇസ്രയേൽ സൈന്യം അമിതബലവും ആയുധങ്ങളും പ്രയോഗിച്ചോ എന്നതിനെക്കുറിച്ചു സ്വതന്ത്ര അന്വേഷണം വേണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു.

60 പലസ്തീൻകാർ കൊല്ലപ്പെട്ടിട്ടും ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസംഘടന (യുഎൻ) നടപടി സ്വീകരിക്കാത്തതിനെ തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ അപലപിച്ചു.‘യുഎൻ അവസാനിച്ചു, തകർന്നു’– എർദോഗൻ പറഞ്ഞു. ഇതിനിടെ, എർദോഗനെയും തുർക്കിയെയും മോശമായി ചിത്രീകരിക്കുന്ന ചിത്രം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ മകൻ യായിർ നെതന്യാഹു സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചതു വിവാദമായി. ഇതോടെ ചിത്രം പിൻവലിച്ചു. ഇതിനിടെ തുർക്കി ഇസ്രയേലിന്റെ സ്ഥാനപതി എയ്താൻ നേഹിനെ രാജ്യത്തുനിന്നു താൽക്കാലികമായി പുറത്താക്കി. ഇസ്രയേൽ തുർക്കി സ്ഥാനപതിയെയും പുറത്താക്കിയിരുന്നു. ഗാസ കൂട്ടക്കൊലയെ കോൺഗ്രസ് പാർട്ടി അപലപിച്ചു. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ് ആനന്ദ് ശർമ ഡൽഹിയിൽ പ്രസ്താവനയിൽ അറിയിച്ചു.