Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജറുസലമിലേക്ക് യുഎസ് എംബസി; ഉദ്ഘാടനം നാളെ

protest against US embassy in Jerusalem ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്നതിനെതിരെ തുർക്കിയിലെ ഇസ്തംബുളിൽ പ്രതിഷേധിക്കുന്നവർ. ചിത്രം: എഎഫ്പി

വാഷിങ്ടൻ ∙ ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റിയ ഇസ്രയേലിലെ യുഎസ് എംബസിയുടെ ഉദ്ഘാടനം നാളെ. യുഎസിലെയും ഇസ്രയേലിലെയും എണ്ണൂറോളം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിഡിയോ പ്രസംഗം നടത്തും. ട്രംപിന്റെ മകൾ ഇവാൻക, ഇവാൻകയുടെ ഭർത്താവും ട്രംപിന്റെ ഉപദേഷ്ടാവുമായ ജാറദ് കഷ്നർ എന്നിവരടങ്ങിയ യുഎസ് പ്രസിഡന്റിന്റെ പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ സള്ളിവൻ നയിക്കും.

ഇസ്രയേൽ രൂപീകരിച്ചതിന്റെ 70–ാം വാർഷിക ദിനമായ നാളെ ജറുസലമിൽ അമേരിക്കൻ കോൺസുലേറ്റ് കെട്ടിടത്തിനകത്താണ് 50 ജീവനക്കാരുമായി എംബസി താൽക്കാലികമായി പ്രവർത്തനമാരംഭിക്കുക. നടപടികൾ പൂർണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി പുതിയ എംബസി മന്ദിരം നിർമിക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ നയതന്ത്ര നിഷ്പക്ഷത നിലനിർത്തുന്നതിന്റെ ഭാഗമായി മറ്റു ലോകരാജ്യങ്ങളുടെ എംബസികൾ പ്രവർത്തിക്കുന്നത് 72 കിലോമീറ്റർ അകലെയുള്ള ടെൽ അവീവിലാണ്. സംഘർഷ സാധ്യതയുള്ളതിനാൽ നാളെ ജറുസലം പഴയനഗരത്തിൽനിന്നു വിട്ടുനിൽക്കാൻ ജർമനി സ്വന്തം പൗരൻമാർക്കു നിർദേശം നൽകി. 

ജറുസലം

ഇസ്‌ലാം, ജൂത, ക്രൈസ്തവ മതവിശ്വാസികൾക്കു പുണ്യനഗരം. ജൂതന്മാരുടെ പുണ്യസ്ഥലമായ ടെംപിൾ മൗണ്ടും ഇസ്‌ലാമിലെ മൂന്നാമതു പുണ്യസ്ഥലമായ അൽ അഖ്സ മസ്ജിദും കിഴക്കൻ ജറുസലമിലാണ്. 1948 ൽ പടിഞ്ഞാറൻ ജറുസലമിന്റെ നിയന്ത്രണമേറ്റെടുത്ത ഇസ്രയേൽ 1967ൽ യുദ്ധത്തിലൂടെയാണു ജോർദാന്റെ അധീനതയിലുണ്ടായിരുന്ന കിഴക്കൻ ജറുസലം കൈവശപ്പെടുത്തിയത്. 1980ൽ ഐക്യജറുസലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേൽ നിയമം പാസാക്കിയെങ്കിലും യുഎൻ രക്ഷാസമിതി ഇത് തള്ളിക്കളഞ്ഞു. രാജ്യാന്തര സമൂഹവും അംഗീകരിച്ചിട്ടില്ല. പലസ്തീൻകാർ തലസ്ഥാനമായി കണക്കാക്കുന്നതു കിഴക്കൻ ജറുസലമാണ്.