Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുത്തൻ ആണവായുധങ്ങൾ: ഭീഷണി വേണ്ടെന്ന് റഷ്യയോട് യുഎസ്

vladimir-putin വ്ലാഡിമിർ പുടിൻ

വാഷിങ്ടൻ ∙ ലോകത്ത് എവിടെയുമെത്തുന്ന അപ്രതിരോധ്യ ആണവമിസൈൽ ഉൾപ്പെടെ പുത്തൻ ആയുധങ്ങൾ കൈവശമുണ്ടെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ചു യുഎസ്. ശീതയുദ്ധ കാലത്തെ കരാറിന്റെ പരസ്യ ലംഘനമാണു റഷ്യയുടെ നടപടിയെന്നും ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പ്രഖ്യാപിച്ചു.

ആണവോർജം കൊണ്ടു പ്രവർത്തിക്കുന്ന ക്രൂസ് മിസൈൽ ഉൾപ്പെടെ ഭൂഖണ്ഡാന്തര മിസൈൽ ശേഖരം റഷ്യയ്ക്കുണ്ടെന്നായിരുന്നു, 18നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന സമ്മേളനത്തിൽ പുടിന്റെ പ്രഖ്യാപനം. പരമ്പരാഗത ഇന്ധനങ്ങൾക്കു പകരം ആണവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകൾ മറ്റെങ്ങുമില്ലെന്നും യുഎസിന്റേത് ഉൾപ്പെടെ ഏതു മിസൈൽ പ്രതിരോധ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി ലോകത്തെവിടെയും ലക്ഷ്യം ഭേദിക്കാൻ ശേഷിയുള്ളതാണീ മിസൈലുകളെന്നും പുടിൻ അവകാശപ്പെട്ടു. ഇതിന്റെ മാതൃകയെന്നു കരുതുന്ന ചില വിഡിയോ ദൃശ്യങ്ങളും സമ്മേളനവേദിയിൽ അവതരിപ്പിച്ചു. യുഎസിലെ നഗരമായ ഫ്ലോറിഡയുടെ ഭൂപടത്തിനു മുകളിൽ മിസൈൽ പറക്കുന്ന ദൃശ്യമായിരുന്നു അതിലൊന്ന്.

റഷ്യയുടെ കൈവശമുള്ള ഇത്തരം ആയുധങ്ങൾ മറ്റാർക്കുമില്ലെന്നു പുടിൻ അവകാശപ്പെട്ടു. അവരതു കണ്ടുപിടിക്കുമ്പോഴേക്കും മറ്റു നൂതന ആയുധങ്ങൾ റഷ്യ സ്വന്തമാക്കിക്കഴിയും. വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ആണവ ഡ്രോൺ, സൂപ്പർ സോണിക് ലേസർ ആയുധങ്ങൾ തുടങ്ങിയവയാണു റഷ്യ സ്വന്തമാക്കിയെന്ന് അവകാശപ്പെട്ട മറ്റു പ്രതിരോധ സാമഗ്രികൾ. റഷ്യയുടെ സഖ്യകക്ഷികൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ റഷ്യയ്ക്കു നേരെയുള്ളതായി പരിഗണിച്ചു തിരിച്ചടിക്കുമെന്നു പുടിൻ മുന്നറിയിപ്പു നൽകി. സഖ്യകക്ഷികളുടെ പേരെടുത്തു പറഞ്ഞില്ലെങ്കിലും സിറിയയിൽ യുഎസ് ആക്രമണം ശക്തമാക്കുന്നതിനെതിരെയുള്ള നിലപാടായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. 

മുൻപേ അറിയാവുന്ന കാര്യങ്ങളെന്നു യുഎസ്

വൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ റഷ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നു യുഎസിനു മുൻപേ അറിയാമായിരുന്നുവെന്നും പുടിൻ അതു സ്ഥിരീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു. രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ചു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ബോധ്യമുണ്ട്. കരുത്ത് നിലനിർത്തി സമാധാനം കാത്തുസൂക്ഷിക്കുകയാണു ലക്ഷ്യം. പ്രതിരോധത്തിനായി 70,000 കോടി യുഎസ് ഡോളറാണ് (44.1 ലക്ഷം കോടി രൂപ) പുതിയ ബജറ്റ് വിഹിതം. ഇതിലൂടെ യുഎസിന്റെ ആണവായുധ ശേഖരം വികസിപ്പിക്കുകയും സൈനിക ശേഷി താരതമ്യമില്ലാത്ത വിധം ശക്തിപ്പെടുത്തുകയുമാണു ലക്ഷ്യമെന്നും സാൻഡേഴ്സ് പറഞ്ഞു. 

ശീതകാല യുദ്ധക്കരാർ

രണ്ടാം ലോകയുദ്ധത്തിനു ശേഷം മേധാവിത്വം നിലനിർത്താൻ യുഎസ് ചേരിയും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് ചേരിയും നടത്തിയ ആയുധമൽസരവും അതു സൃഷ്ടിച്ച യുദ്ധഭീതിയുമാണു ശീതയുദ്ധം എന്നറിയപ്പെടുന്നത്. നാലു പതിറ്റാണ്ടിലേറെ നീണ്ട ഈ മൽസരത്തിനൊടുവിൽ സാമ്പത്തികമായി തകർന്ന സോവിയറ്റ് യൂണിയൻ എൺപതുകളുടെ ഒടുവിൽ ഛിന്നഭിന്നമായി. ഇതോടെ സോവിയറ്റ് സൈനിക ഭീഷണിയിൽ കമ്യൂണിസം നിലനിന്ന സമീപരാജ്യങ്ങളും പലതായി പിരിഞ്ഞു. ശീതയുദ്ധകാലത്തു വിവിധ ഘട്ടങ്ങളിൽ ആണവായുധങ്ങളുടെ വ്യാപനം തടയുന്നതിനും സംഘർഷം ഒഴിവാക്കുന്നതിനുമായി‌ സോവിയറ്റ് യൂണിയനും യുഎസും വിവിധ കരാറുകളിൽ ഏർപ്പെട്ടിരുന്നു. സ്റ്റാർട്ട്, സാൾട്ട് എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെട്ട കരാറുകൾ ഇപ്പോഴും നിലവിലുണ്ട്.

related stories