Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊറിയൻ സമാധാന സമ്മേളനത്തിന് സോളിൽ സമാപനം

Korea-Peace-Summit സോളിൽ നടന്ന സമാധാന സമ്മേളനത്തിന്റെ സമാപന സംഗമത്തിൽ ഐക്യരാഷ്‌ട്രസംഘടന മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണിന് ഇന്ത്യൻ പ്രതിനിധിയായി സംബന്ധിച്ച മലപ്പുറം മഅ്‌ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉപഹാരം സമ്മാനിച്ചപ്പോൾ.

സോൾ ∙ ആരോഗ്യകരമായ സംവാദമാണ് സമാധാനത്തിലേക്കുള്ള മാർഗമെന്ന് ഐക്യരാഷ്‌ട്രസംഘടന മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അഭിപ്രായപ്പെട്ടു. കൊറിയൻ തലസ്ഥാനമായ സോളിൽ രണ്ടാമത്  സമാധാന സമ്മേളത്തിന്റെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കീഴടങ്ങലല്ല സംവാദം. പൂർണമായ ഒരുമയിലെത്തിയില്ലെങ്കിലും പരസ്‌പരം അറിയാനുള്ള അവസരമായി ഇത്തരം വേദികൾ കാണണം. കരുതലോടെയാണെങ്കിലും ദക്ഷിണ കൊറിയയും അമേരിക്കയും ചർച്ചകൾക്കൊരുങ്ങുന്നത് പ്രത്യാശ നൽകുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

Korea Peace Summit സമാധാന സമ്മേളനത്തിന്റെ വേദിയിൽ മുഖ്യാതിഥികളുടെ ഐക്യപ്രഖ്യാപനം.

ബാൻകി മൂണിന്റെ നേതൃത്വത്തിലുള്ള യുഎൻ ഗ്ലോബൽ കോംപാക്‌റ്റ്, യുഎൻ അലയൻസ് ഓഫ് സിവിലൈസേഷൻ, ഗ്ലോബൽ കോംപാക്‌റ്റ് നെറ്റവർക് കൊറിയ, റിലിജിയസ് ഫ്രീഡം ആൻഡ് ബിസിനസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 12 രാജ്യാന്തര സംഘടനകലും അക്കാദമിക് സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ദ്വിദ്വിന സമ്മേളനത്തിൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സമാധാന പ്രവർത്തകർക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു. 

Korea Peace Summit സമാധാന സമ്മേളനത്തിന്റെ വേദി.

2020ൽ ജപ്പാനിൽ നടക്കുന്ന അടുത്ത സമ്മേളനത്തിന്റെ പതാക സംഘാടക സമിതി തലവൻ ഡോ. ബ്രയാൻ ജെ ഗ്രിമിൽ നിന്നു ജപ്പാൻ മുൻ പ്രധാന മന്ത്രി യുകിയോ ഹതോയാമ ഏറ്റുവാങ്ങി. ശീതകാല ഒളിംപിക്സിനോടനുബന്ധിച്ചു ഉത്തര–ദക്ഷിണ കൊറിയകൾ തമ്മിൽ ആരംഭിച്ച സമാധാന ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ വേണ്ട കാര്യങ്ങൾക്ക് പിന്തുണ നൽകാൻ ഇത്തരം സമാധാന കൂട്ടായ്‌മകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യൻ പ്രതിനിധിയായി മലപ്പുറം മഅ്‌ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സംബന്ധിച്ചു. 

Korea Peace Summit സമാധാന സമ്മേളനത്തിൽ യുഎൻ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ മുഖ്യപ്രഭാഷണം നടത്തുന്നു.

യൂറോപ്യൻ യൂണിയൻ പ്രതിനിധി ഴാൻ ഫിഗൽ, മുൻ ഐറിഷ് അംബാസഡർ ഫിലിപ് മക്‌ഡൊണ, കൊറിയയുടെ മുൻ കൃഷി മന്ത്രി യങ് ജിൻ കിം, യുഎൻ ഗ്ലോബൽ കോംപാക്‌റ്റ് അംഗം വൈ. ഡബ്ല്യു. ജുനർദി, ഗ്ലോബൽ ബിസിനസ് പീസ് അവാർഡ് സെക്രട്ടറി ജനറൽ ക്യുങ് ഈ യൂ, ചർച്ച് ഓഫ് ജീസസ് വടക്കെ ഏഷ്യ പ്രസിഡണ്ട് എൽഡർ റോബർട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 

Korea Peace Summit 1 സമാധാന സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സംബന്ധിക്കുന്ന മലപ്പുറം മഅ്‌ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്‌ഘാടന വേദിയിൽ മുൻ ജപ്പാൻ പ്രധാനമന്ത്രി യുകിയോ ഹതോയാമ, കൊറിയയുടെ മുൻ കൃഷി മന്ത്രി യങ് ജിൻ കിം എന്നിവർക്കൊപ്പം.

ഐക്യരാഷ്‌ട്രസംഘടനയുടെ പതിനേഴിന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനു ബിസിനസ്, സംഘാടനം, മനുഷ്യാവകാശം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തുന്നവരുടെ കൂട്ടായ്‌മയായി 2016ലെ റിയോ പാരാലിംപിക്സിനോടനുബന്ധിച്ചാണ്  ഗ്ലാബൽ ബിസിനസ് ആൻഡ് പീസ് അവാർഡുകളും സമാധാന സമ്മേളനവും ആരംഭിച്ചത്. അടുത്ത സമ്മേളനത്തിന്റെ സംഘാടക സമിതിയിലേക്ക് ഇന്ത്യയിൽ നിന്നു മഅ്‌ദിൻ അക്കാദമിയെ തിരിഞ്ഞെടുത്തു.

ദക്ഷിണി കൊറിയൻ പാർലമെന്റ് ഹൗസിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. തുടർന്ന്, പ്രസിഡന്റിന്റെ വസതിയായ ബ്ലൂഹൗസിൽ പ്രത്യേക സന്ദർശനവും നടന്നു. അഞ്ചുദിവസത്തെ സന്ദർശനത്തിന് ദക്ഷിണ കൊറിയയിലെത്തിയ സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ വിവിധ സർവകലാശാലകളും സാങ്കേതിക സ്ഥാപനങ്ങളും സന്ദർശിക്കും. മഅ്‌ദിൻ രാജ്യാന്തര വിഭാഗം ഡയറക്‌ടർമാരായ ഡോ. അബ്ബാസ് പനക്കൽ, ഉമർ മേൽമുറി എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.