യൂറോപ്യൻ യൂണിയൻ ഡേറ്റനിയമം: പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്

ന്യൂയോർക്ക്∙ യൂറോപ്യൻ യൂണിയൻ മേയ് 25നു നടപ്പിലാക്കുന്ന ഡേറ്റസംരക്ഷണ നിയമത്തിനനുസരിച്ചു, യൂറോപ്പിലെ ഉപയോക്താക്കൾക്കുള്ള ഡേറ്റനയത്തിൽ മാറ്റം വരുത്താൻ ഫെയ്സ്ബുക്. ഇതിനായി ഉപയോക്താക്കളുടെ അഭിപ്രായം തേടും.

തങ്ങളുടെ അക്കൗണ്ടിൽ ലഭിക്കുന്ന പരസ്യങ്ങൾ എങ്ങനെയുള്ളതായിരിക്കണം; രാഷ്ട്രീയം, മതപരം, വ്യക്തിപരം തുടങ്ങി തങ്ങളെക്കുറിച്ചുള്ള ഏതൊക്കെതരം വിവരങ്ങൾ പ്രൊഫൈലിൽ കാണിക്കാം; ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതികവിദ്യ ഉപയോഗിക്കണമോ തുടങ്ങിയ കാര്യങ്ങളിൽ ഉപയോക്താക്കൾക്കു നിർദേശം നൽകാൻ അവസരമുണ്ട്.

ഡേറ്റ സംരക്ഷണനിയമമനുസരിച്ച് 13 മുതൽ 15 വയസ്സുവരെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെടുന്ന ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുത്തും. ഭാവിയിൽ യൂറോപ്പിനു വെളിയിലുള്ള ഉപയോക്താക്കൾക്കും നിർ‌ദേശങ്ങൾ നൽകാൻ അവസരമൊരുക്കുമെന്നു ഫെയ്സ്ബുക് അധികൃതർ അറിയിച്ചു.