നികുതി റിട്ടേൺ കേസ്: തൊഴിൽ വിലക്കു മാറ്റുമെന്ന് ബ്രിട്ടൻ

ലണ്ടന്‍∙ നിസ്സാര നികുതി പ്രശ്നങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കെതിരെ കേസെടുക്കുകയും അവരെ ബ്രിട്ടനില്‍ തുടർന്നു തൊഴില്‍ ചെയ്യുന്നതു വിലക്കുകയും ചെയ്ത നടപടി പുനഃപരിശോധിക്കാമെന്ന് ആഭ്യന്തരകാര്യ ഓഫിസ് അറിയിച്ചു. ആഭ്യന്തര, കുടിയേറ്റ വകുപ്പുകളുടെ മന്ത്രി കാരൊലിൻ നോക്സിനെ ജനസഭയുടെ ആഭ്യന്തരകാര്യ സിലക്ട് കമ്മിറ്റി വിളിച്ചുവരുത്തി ഇതു സംബന്ധിച്ചു വിവരങ്ങൾ ആരാഞ്ഞിരുന്നു.

പൊതു വീസയിൽ എത്തുന്നവരെ നികുതി റിട്ടേണിലെ തിരുത്താനാകുന്ന നിസ്സാര പിഴവുകളുടെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിനെതിരെ ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി നേരിടേണ്ടിവന്നിരുന്നത്. വിവേചനമാകുന്ന ഇത്തരം നടപടികൾ ഒഴിവാക്കണമെന്നു സിലക്ട് കമ്മിറ്റി ആവശ്യപ്പെട്ടു.