ആണവപരീക്ഷണ തുരങ്കങ്ങൾ നശിപ്പിക്കുമെന്ന് ഉത്തര കൊറിയ

സോൾ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ജൂൺ 12ന് സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിക്കു മുന്നോടിയായി ആണവ പരീക്ഷണ കേന്ദ്രം നശിപ്പിക്കുമെന്ന് ഉത്തര കൊറിയയുടെ കിം ജോങ് ഉൻ. പുങ്ക്യെ റി ആണവ പരീക്ഷണ കേന്ദ്രത്തിലെ തുരങ്കങ്ങൾ ഈ മാസം 24 നോ 25 നോ നശിപ്പിക്കുമെന്നും അതു കാണാൻ വിദേശ മാധ്യമങ്ങളെ ക്ഷണിക്കുമെന്നും ഉത്തര കൊറിയ അറിയിച്ചു.

തീരുമാനം ട്രംപ് സ്വാഗതം ചെയ്തിട്ടുണ്ട്. ആണവമുക്തമാകുമെന്നു പറയുന്നുണ്ടെങ്കിലും യുഎസിൽ വരെ എത്താൻ ശേഷിയുള്ള ആണവ മിസൈൽ ശേഖരം എന്തു ചെയ്യുമെന്ന് ഉത്തര കൊറിയ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.