രാജ്യാന്തര നാവികാഭ്യാസത്തിൽനിന്ന് ചൈനയെ ഒഴിവാക്കി യുഎസ്

വാഷിങ്ടൻ∙ ദക്ഷിണ ചൈനാക്കടലിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുന്നതിനിടെ രാജ്യാന്തര നാവികാഭ്യാസ പ്രകടനത്തിൽനിന്ന് ചൈനയ്ക്കുള്ള ക്ഷണം യുഎസ് പിൻവലിച്ചു. മേഖലയിൽ അസ്ഥിരത സൃഷ്ടിക്കുന്ന വിധത്തിൽ ചൈന പെരുമാറുന്നതാണ് നടപടിക്കു പ്രകോപനമെന്ന് പെന്റഗൺ വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധത്തിൽ കാര്യമായ വിള്ളലുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ നടപടി. രണ്ടു വർഷം കൂടുമ്പോൾ ഹവായയിൽ നടക്കുന്ന റിം ഓഫ് ദ് പസിഫിക് എക്സർസൈസിൽ (റിംപാക്) നിന്നാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി നേവിയെ ഒഴിവാക്കിയത്. ഇന്ത്യയും ജപ്പാനും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.

നേരത്തേ ദക്ഷിണചൈനാക്കടലിൽ ചൈന കൃത്രിമദ്വീപുകളും സൈനികകേന്ദ്രങ്ങളും നിർമിച്ചതും യുഎസ്–ചൈന നാവിക സംഘർഷത്തിനു കാരണമായിരുന്നു. ഈയിടെ നടത്തിയ മിസൈൽ വിന്യാസവും പ്രകോപനത്തിനു കാരണമായി.