ഇന്ധന വിലവർധനയ്ക്കെതിരെ ട്രക്ക് സമരം; ബ്രസീൽ സ്തംഭിച്ചു

ബ്രസീലിൽ ഇന്ധന വിലവർധനനയ്ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി സാവോ പോളോയ്ക്കു സമീപം ട്രക്കുകൾ നിർത്തിയിട്ടു റോഡ് ഉപരോധിച്ചിരിക്കുന്നു.

സാവോ പോളോ∙ ഇന്ധനവില വർധനയ്ക്കെതിരായ ട്രക്ക് സമരം ആറു ദിവസം പിന്നിട്ടതോടെ ബ്രസീലിൽ ചരക്കുനീക്കം പൂർണമായി സ്തംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ സാവോ പോളോയിലും മറ്റൊരു പ്രധാന നഗരമായ റിയോ ഡി ജനീറോയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമരത്തിൽ പങ്കെടുക്കുന്ന ട്രക്കുകൾ പിടിച്ചെടുക്കാനാണ് അധികൃതരുടെ നീക്കം. ദേശീയപാതകളിൽ ട്രക്കുകൾ പാർക്ക് ചെയ്ത് ഉപരോധിച്ചിരിക്കുകയാണ്. അവ നീക്കംചെയ്യാൻ പ്രസിഡന്റ് മൈക്കൽ ടെമെർ സൈന്യത്തിന് ഉത്തരവു നൽകി.

വിമാനത്താവളങ്ങളും ഗ്യാസ് സ്റ്റേഷനുകളും ഇന്ധനമില്ലാതെ പ്രവർത്തനം നിലച്ചു. ഗതാഗതം, മാലിന്യനീക്കം തുടങ്ങിയ പൊതുസംവിധാനങ്ങളും മിക്കയിടങ്ങളിലും തടസ്സപ്പെട്ടു. കടകളിലും സൂപ്പർമാർക്കറ്റുകളിലും സാധനങ്ങൾ തീർന്നു. ആശുപത്രികളിൽ പോലും അവശ്യവസ്തുക്കൾ കിട്ടാനില്ലെന്നാണു റിപ്പോർട്ട്. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. തീറ്റ കിട്ടാനില്ലാതെ 100 കോടി പക്ഷികളും രണ്ടുകോടി പന്നികളും ചത്തൊടുങ്ങുമെന്ന് ബ്രസീലിലെ മാംസവ്യാപാര മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

66 രൂപയോളമാണ് ബ്രസീലിൽ ഒരു ലീറ്റർ ഡീസലിന്റെ വില. ഇന്ത്യയിലേതുപോലെ കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ധനവില ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ധനത്തിന് സബ്സിഡി നൽകണമെന്നാണ് ട്രക്കുടമകളുടെ ആവശ്യം.