തുർക്കിയിൽ എർദോഗൻ വീണ്ടും; ഇനി പ്രസിഡന്റിനു കൂടുതൽ അധികാരം

ഇസ്തംബുൾ ∙ തുർക്കിയിൽ പൊതുതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് തയീപ് എർദോഗനും കക്ഷിക്കും വൻ വിജയം. ഞായറാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തിരഞ്ഞെടുപ്പിൽ എർദോഗൻ 53% വോട്ടു നേടി അധികാരമുറപ്പിച്ചു. പാർലമെന്റിൽ എർദോഗന്റെ കക്ഷിയായ ജസ്റ്റിസ് ആൻഡ് ഡവലപ്മെന്റ് പാർട്ടി (എകെപി) 45.5% വോട്ട് നേടിയപ്പോൾ സഖ്യകക്ഷിയായ നാഷനലിസ്റ്റ് മൂവ്മെന്റ് പാർട്ടി (എംഎച്ച്‌പി) 11% വോട്ടും നേടി. 600 അംഗ പാർലമെന്റിൽ എകെപിക്ക് 293 സീറ്റുകളാണു ലഭിച്ചത്.

എംഎച്ച്പിക്ക് 50 സീറ്റുകളും. ഇതോടെ മുന്നണിക്കു വ്യക്തമായ ഭൂരിപക്ഷമായി. എർദോഗനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിച്ച റിപ്പബ്ലിക്കൻ പീപ്പീൾസ് പാർട്ടിയുടെ മുഹ്റം ഐൻഷിക്ക് 31% വോട്ടുകളാണു ലഭിച്ചത്. തിരഞ്ഞെടുപ്പിൽ അനീതി നടന്നതായും പ്രസിഡന്റ് ഭരണം ഏകാധിപത്യത്തിലേക്കു നയിക്കുമെന്നും ഐൻഷി പറഞ്ഞു. റിപ്പബ്ലിക്കൻ കക്ഷിക്ക് പാർലമെന്റിൽ 23% വോട്ടുകളാണു ലഭിച്ചത് പ്രസിഡന്റിന് സമഗ്രാധികാരം നൽകുന്ന ഭരണഘടനാ ഭേഗഗതിക്ക് കഴിഞ്ഞവർഷം ഹിതപരിശോധന അംഗീകാരം നൽകിയിരുന്നു.

ഇതുപ്രകാരം ഇനി തുർക്കിയിൽ പ്രധാനമന്ത്രി പദവി ഉണ്ടാകില്ല. പാർലമെന്റിന്റെ അനുമതി കൂടാതെ പ്രസിഡന്റിനു മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പിരിച്ചുവിടാനും അധികാരമുണ്ടാകും. 15 വർഷമായി അധികാരത്തിൽ തുടരുന്ന എർദോഗൻ സാമ്പത്തിക പുരോഗതിയിലൂടെയും അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും വൻ ജനപ്രീതിയാണു നേടിയത്. എന്നാൽ രാഷ്ട്രീയ എതിരാളികളെ നിഷ്ഠുരമായി നേരിട്ടു. 2016 ൽ എർദോഗനെതിരെ നടന്ന സൈനിക അട്ടിമറിശ്രമം പരാജയപ്പെട്ടതിനു പിന്നാലെ അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും അടക്കം ഒന്നരലക്ഷം പേരെയാണു എർദോഗൻ ഭരണകൂടം തടവിലാക്കിയത്.