Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുർക്കി–യുഎസ് മഞ്ഞുരുക്കം; യുഎസ് പാസ്റ്ററെ തുർക്കി മോചിപ്പിച്ചു

Andrew–Brunson ആൻഡ്രു ബൻസണ്‍

അങ്കാറ ∙രണ്ടു വർഷമായി തുർക്കിയിൽ തടവിൽ ആയിരുന്ന യുഎസ് പാസ്റ്റർ ആൻഡ്രു ബൻസണെ കോടതി മോചിപ്പിച്ചു. ഭീകരപ്രവർത്തനത്തെ സഹായിച്ചുവെന്ന കേസിൽ 3 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തെ, നല്ല പെരുമാറ്റം കണക്കിലെടുത്തു നേരത്തേ മോചിപ്പിക്കുകയാണെന്നു കോടതി പറഞ്ഞു. തുർക്കിയിൽ 2016ൽ ആൻഡ്രു ബൻസൻ തടവിലായതിനെതുടർന്ന് യുഎസും തുർക്കിയും തമ്മിലുള്ള ബന്ധം ഏറെ ഉലഞ്ഞിരുന്നു. മോചിതനായ ആൻഡ്രു ബൻസൻ ഭാര്യ നൊറൈനുമൊത്തു യുഎസിനു പ്രത്യേക വിമാനത്തിൽ യാത്രയായി.മോചനത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സന്തുഷ്ടി അറിയിച്ചു.

ഇന്ന് ആൻഡ്രു ബൻസൻ ട്രംപിനെ വൈറ്റ്ഹൗസിൽ സന്ദർശിക്കും. തങ്ങൾക്കെതിരെയായ സാമ്പത്തിക ഉപരോധങ്ങളിൽ ഇളവു നൽകാമെന്ന് ട്രംപ് ഭരണകൂടവുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണു തുർക്കി പാസ്റ്ററെ മോചിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ തിരോധാനം സംബന്ധിച്ചു സൗദിക്കെതിരെ തുർക്കി എടുത്ത നിലപാടിനോട് യുഎസും യോജിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയ ഖഷോഗിയെ കാണാതായത്.