ദക്ഷിണ കൊറിയ മുൻ പ്രസിഡന്റിന് അഴിമതിക്കേസിൽ 15 വർഷം തടവ്

ലീ മ്യൂങ് ബക്ക്

സോൾ ∙ ദക്ഷിണ കൊറിയയിലെ മുൻ പ്രസിഡന്റ് ലീ മ്യൂങ് ബക്കി (76)ന് അഴിമതിക്കേസിൽ 15 വർഷം ജയിൽ ശിക്ഷ.. 2008 മുതൽ 2013 വരെ പ്രസിഡന്റായിരുന്ന ലീ കൈക്കൂലി വാങ്ങിയതായും അധികാര ദുർവിനിയോഗം നടത്തിയതായും കണ്ടെത്തിയ സോൾ സെൻട്രൽ ഡിസ്‌ട്രിക്‌ട് കോടതി 1300 കോടി വോൺ (1.15 കോടി ഡോളർ) പിഴയും വിധിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങളാൽ ലീയുടെ അസാന്നിധ്യത്തിലാണു ശിക്ഷ വിധിച്ചത്.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന നാലാമത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റാണു ലീ. സാംസങ് കമ്പനിയുടെ ചെയർമാൻ ലീ കുൻഹീക്കു മാപ്പു നൽകുന്നതിനു ലീ 60 കോടി വോൺ കൈക്കൂലി വാങ്ങിയതായി കോടതി കണ്ടെത്തിയിരുന്നു. സ്വന്തം സഹോദരന്റേതെന്നു ലീ അവകാശപ്പെട്ട ഡാസ് ഓട്ടോ പാർട്സ് കമ്പനിയിലൂടെയാണു പണം കൈമാറ്റം ചെയ്തത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ലീ പ്രതികരിച്ചു.