അഴിമതിവിരുദ്ധ തരംഗം; ബ്രസീലിൽ ബോൽസോനാറോയ്ക്ക് മുൻതൂക്കം

ജയ്ർ ബോൽസോനാറോ, ഫെർനാണ്ടോ ഹദ്ദാദ്

ബ്രസീലിയ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തീവ്രവലതുപക്ഷ നേതാവും മുൻ പട്ടാള ക്യാപ്റ്റനുമായ ജയ്ർ ബോൽസോനാറോയ്ക്കു വൻ നേട്ടം. 46.3% വോട്ടുമായി ബോൽസോനാറോ, 29 % വോട്ടുനേടിയ മുൻ സാവോപോളോ മേയറും ഇടതുപക്ഷ വർക്കേഴ്സ് പാർട്ടി നേതാവുമായ ഫെർനാണ്ടോ ഹദ്ദാദിനെ ബഹുദൂരം പിന്നിലാക്കിയെങ്കിലും ജയിക്കാനാവശ്യമായ 50 % വോട്ട് നേടാനായില്ല. 28 ന് രണ്ടാം ഘട്ട വോട്ടെടുപ്പിൽ ഇരുവരും നേരിട്ട് ഏറ്റുമുട്ടും.

അഴിമതിക്കെതിരെയുള്ള വ്യാപക രോഷമാണു ബോൽസോനാറോയ്ക്കു മുന്നേറ്റമുണ്ടാക്കിയത്. തീവ്രദേശീയതാവാദമുൾപ്പെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ്രടംപിന്റേതിനു സമാനമായ നിലപാടുകളുള്ള ബോൽസോനാറോയ്ക്കു ‘ട്രോപ്പിക്കൽ ട്രംപ്’ എന്നു വിളിപ്പേരുണ്ട്. രണ്ടാം റൗണ്ടിൽ ഹദ്ദാദ് മുന്നേറുമെന്നു ചില അഭിപ്രായവോട്ടെടുപ്പുകൾ സൂചിപ്പിച്ചിരുന്നുവെങ്കിലും ഒന്നാംഘട്ടത്തിലെ വൻവോട്ടു വ്യത്യാസം പ്രവചിക്കുന്നതിൽ അവ പരാജയപ്പെട്ടു. ബോൽസോനാറോയ്ക്കെതിരെ ഒരുമിക്കാൻ മൽസരരംഗത്തുണ്ടായിരുന്ന മറ്റു മൂന്നു സ്ഥാനാർഥികളോട് ഹദ്ദാദ് അഭ്യർഥിച്ചിട്ടുണ്ട്.

അതിനിടെ, പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം, ബ്രസീൽ പാർലമെന്റായ കോൺഗ്രസിലേക്കു ഞായറാഴ്ച നടന്ന വോട്ടെടുപ്പിലും ബോൽസോനാറോയുടെ ചെറുപാർട്ടിയായ സോഷ്യൽ ലിബറൽ പാർട്ടി (എസ്എൽപി) നേട്ടമുണ്ടാക്കിയിട്ടുണ്ട്. എസ്എൽപി രണ്ടാമത്തെ വലിയ പാർട്ടിയാകുമെന്നാണു കരുതുന്നത്.

അഴിമതിയാരോപണങ്ങളിൽ കുളിച്ചുനിൽക്കുന്ന ബ്രസീലിലെ പ്രധാനപാർട്ടികൾക്കെതിരായ ജനവികാരമാണ് എസ്എൽപിയുടെ നേട്ടത്തിനു പിന്നിൽ. ചെറുപാർട്ടിയായ എസ്എൽപിയും ബോൽസോനാറോയും സമൂഹമാധ്യമങ്ങൾ പ്രയോജനപ്പെടുത്തിയാണു പ്രചാരണം നടത്തിയത്. പ്രചാരണത്തിനിടെ ബോൽസോനാറോയ്ക്ക് കുത്തേറ്റിരുന്നു. മന്ത്രിസഭയുടെ വലിപ്പം 15 ആയി കുറയ്ക്കും, നികുതി കുറയ്ക്കും, നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുകയോ സ്വകാര്യമേഖലയ്ക്കു കൈമാറുകയോ ചെയ്യും തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങളാണ് ബോൽസോനാറോ നൽകിയിട്ടുള്ളത്.

ബോൽസോനാറോയ്ക്കു മുൻതൂക്കം ലഭിച്ചതോടെ ബ്രസീൽ ഓഹരിവിപണിയിലും കറൻസിയായ ബ്രസിലിയൻ റിയാലിന്റെ മൂല്യത്തിലും ഉണർവുണ്ടായി. 2003 മുതൽ 2016 വരെ ഭരിച്ച വർക്കേഴ്സ് പാർട്ടി വീണ്ടും അധികാരത്തിലെത്തുന്നതിനോട് നിക്ഷേപകരിൽ മിക്കവർക്കും താൽപര്യമില്ല. ബ്രസീൽ കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഈ കാലത്തായിരുന്നു.