ഹോക്കിങ് ‘ഓർമനക്ഷത്രങ്ങൾ’ക്ക് 10 ലക്ഷം ഡോളർ

ലണ്ടൻ∙ സ്റ്റീഫൻ ഹോക്കിങ്ങിന്റെ ചക്രക്കസേരകളിലൊന്നും പ്രപഞ്ചത്തിന്റെ മറുകര തേടിയുള്ള ബൗദ്ധികയാത്രകളുടെ പ്രബന്ധരൂപവും ലേലത്തിൽ വിറ്റുപോയത് 10 ലക്ഷം ഡോളറിന്. മോട്ടോർ ന്യൂറോൺ രോഗം ബാധിച്ചിട്ടും ശാസ്ത്രലോകത്തെ മഹാവിസ്മയമായി ജീവിച്ച് കഴിഞ്ഞ മാർച്ചിൽ 76–ാം വയസ്സിൽ വിടപറഞ്ഞ ഹോക്കിങ്ങിന്റെ സവിശേഷമായ ചക്രക്കസേരയ്ക്ക് 3.9 ലക്ഷം ഡോളറും (ഏകദേശം 2.83 കോടി രൂപ) പ്രബന്ധത്തിന് 7.6 ലക്ഷം ഡോളറും (5.51 കോടി രൂപ) ലഭിച്ചതായി ക്രിസ്റ്റീസ് ലേലകമ്പനി അറിയിച്ചു. കസേരയ്ക്കു കിട്ടിയ തുക ഹോക്കിങ്ങിന്റെ പേരിലുള്ള ഫൗണ്ടേഷനും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും വേണ്ടി വിനിയോഗിക്കും.