Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രങ്ങൾ സാക്ഷി; സ്റ്റീഫൻ ഹോക്കിങ്ങിന്റെ സംസ്കാരം ഇന്ന്

FILES-FRANCE-GBR-SCIENCE-EDITION-HAWKING

ലണ്ടൻ∙ കേംബ്രിജ് നഗരത്തെ പ്രപഞ്ചത്തോളം സ്നേഹിച്ച സ്റ്റീഫൻ ഹോക്കിങ്ങിനു കേംബ്രിജിൽത്തന്നെ അന്ത്യവിശ്രമവും. സെന്റ് മേരി ദ് ഗ്രേറ്റ് പള്ളിയിൽ സംസ്കാരശുശ്രൂഷ ഇന്ന്. ചിതാഭസ്മം ‍അടക്കുന്നതു ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടൺ ഉൾപ്പെടെ ശാസ്ത്രേതിഹാസങ്ങളുടെ ശവകുടീരങ്ങൾക്കരികിൽ. 76–ാം വയസ്സിൽ, കഴിഞ്ഞ 14നാണു ഹോക്കിങ് അന്തരിച്ചത്.

അരനൂറ്റാണ്ടിലേറെക്കാലം പഠനവും ഗവേഷണവും അധ്യാപനവുമായി പിതാവിന് അത്രയേറെ ഇഷ്ടമുണ്ടായിരുന്ന സ്ഥലമായതിനാലാണു സംസ്കാരം കേംബ്രിജിൽ നടത്തുന്നതെന്നു മക്കൾ അറിയിച്ചു. വീൽചെയറിലെ അസാധാരണ പ്രതിഭയായി സവിശേഷ രൂപവും സാന്നിധ്യവും കൊണ്ട് കേംബ്രിജ് നഗരത്തിന്റെയും സർവകലാശാലയുടെയും അവിഭാജ്യ ഘടകമായിരുന്നു ഹോക്കിങ്ങെന്നും മക്കളായ ലൂസിയും റോബർട്ടും ടിമ്മും അനുസ്മരിച്ചു.

സെന്റ് മേരി ദ് ഗ്രേറ്റ് പള്ളിയിൽ പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടിനാണു ശുശ്രൂഷാച്ചടങ്ങു തുടങ്ങുക. നീണ്ട 52 വർഷക്കാലം ഫെലോ ആയി പ്രഫ. ഹോക്കിങ് സേവനമനുഷ്ഠിച്ച ഗോൺവിൽ ആൻഡ് കീസ് കോളജിനു തൊട്ടടുത്താണ് ഈ പള്ളി. കോളജിൽ സൂക്ഷിച്ചിരിക്കുന്ന അനുശോചന ബുക്കിൽ ഒപ്പിടാൻ കഴിഞ്ഞ രണ്ടാഴ്ചയായി ജനപ്രവാഹമായിരുന്നു.