Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്നോട്ടു പായുന്ന സമയം, തമോഗർത്തം, പ്രണയം; ഹോക്കിങ് എന്ന യുഗശാസ്ത്രജ്ഞൻ

Stephen-hawking സ്റ്റീഫൻ ഹോക്കിങ്.

സ്വപ്നങ്ങളുടെ ആകാശത്ത‌ു പുതിയ സിദ്ധാന്തങ്ങൾ മെനഞ്ഞു മനുഷ്യരെ പ്രലോഭിപ്പിച്ച ശാസ്ത്രജ്ഞൻ. അതിരില്ലാത്ത ആകാശങ്ങളിലേക്കും ജീവന്റെ വേരിലേക്കും ഒരുപോലെ സഞ്ചരിക്കാൻ കൈപിടിച്ച മനുഷ്യൻ. ശാസ്ത്രത്തിനും മനുഷ്യചിന്തകൾക്കും വിസ്മയമായാണു സ്റ്റീഫൻ ഹോക്കിങ് എന്ന പ്രതിഭാസം ഭൂമിയിൽ ജീവിച്ചത്.

യൗവനത്തിൽ ശരീരമാസകലം തളർന്ന അപൂർവ മാരകരോഗത്തിന് ഇരയായിട്ടും ശാരീരികാവശതകളെ അതിജീവിച്ച്, ഡോക്ടർമാരുടെ പ്രവചനങ്ങളെ നിഷ്പ്രഭമാക്കിയ കൗതുകം. ഓരോ ശ്വാസനിശ്വാസത്തിലും പ്രതിഭയുടെ അദ്ഭുത സ്പർശത്താൽ വിസ്മയിപ്പിച്ചു കൊണ്ടേയിരുന്ന, സാധാരണക്കാരെ ശാസ്ത്രത്തിലേക്ക് അടുപ്പിച്ച യുഗശാസ്ത്രജ്ഞൻ.

പുതിയ ഭൂമി തേടണം

‘എ ബ്രീഫ് ഹിസ്‌റ്ററി ഓഫ് ടൈം (സമയത്തിന്റെ സംക്ഷിപ്ത ചരിത്രം)’ എന്ന പുസ്തകമാണു ഹോക്കിങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്. ശാസ്ത്രരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഹോക്കിങ് മനുഷ്യർക്കു മുന്നറിയിപ്പു നൽകി- ഭൂമിയിൽ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു, അതിജീവനത്തിനു പുതിയ ഭൂമി കണ്ടെത്താതെ വഴിയില്ല. ഭാഗ്യമുണ്ടെങ്കിൽ 100 വർഷം കൂടി മനുഷ്യർക്കു ഭൂമിയിൽ കഴിയാനാകുമെന്നായിരുന്നു ഹോക്കിങ്ങിന്റെ കണക്കുകൂട്ടൽ. ചന്ദ്രനിലും ചൊവ്വയിലും വാസമുറപ്പിക്കുക എന്ന ദൗത്യം മുൻനിർത്തിയുള്ള ഗവേഷണങ്ങൾക്കു ലോകരാജ്യങ്ങൾ ഒരുമിക്കണമെന്നും ഹോക്കിങ് ആഹ്വാനം ചെയ്തു.

Read more at: സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു; വിട പറഞ്ഞത് നൂറ്റാണ്ടിലെ ശാസ്ത്രപ്രതിഭ...

2020 നകം ചന്ദ്രനിലേക്കും 2025 നകം ചൊവ്വയിലേക്കും ഗവേഷകരെ അയയ്ക്കണം. 30 വർഷത്തിനകം ചന്ദ്രനിൽ താവളം നിർമിക്കാനാകണം. പ്രകാശത്തിന്റെ അഞ്ചിലൊന്നു വേഗത്തിൽ സ‍ഞ്ചരിക്കാൻ കഴിയുന്ന ബഹിരാകാശ പേടകം ഒരുക്കണം. ‘നമുക്കു ഭൂമിയിൽ ഇടമില്ലാതായി വരികയാണ്. പോകാനുള്ളതു മറ്റു ഗ്രഹങ്ങളിലെ സ്ഥലങ്ങൾ മാത്രമാണ്. അതുകൊണ്ടു സൗരയൂഥസഞ്ചാരം ആരംഭിക്കണം. മനുഷ്യർ ഭൂമി ഉപേക്ഷിക്കേണ്ടിവരുമെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല’– ഹോക്കിങ് പറഞ്ഞു. കൃത്രിമബുദ്ധി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ മനുഷ്യരാശിയുടെ നിലനിൽപ്പിനു ഭീഷണിയാണെന്നും ഹോക്കിങ് ഓർമിപ്പിച്ചു. ചിന്തിക്കുന്ന യന്ത്രങ്ങളോടു പിടിച്ചുനിൽക്കാൻ മനുഷ്യർക്കാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

US-SPACE-SCIENCE-HAWKING അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽവച്ച് വിമാനത്തിൽ സീറോ ഗ്രാവിറ്റി അനുഭവിക്കുന്ന സ്റ്റീഫൻ ഹോക്കിങ് (ഫയൽ ചിത്രം)

ബ്ലാക്ക് ഹോൾ സിദ്ധാന്തം

2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ സ്റ്റീഫൻ ഹോക്കിങ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. തമോഗർത്തങ്ങളെക്കുറിച്ച് (ബ്ലാക് ഹോൾ) അന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു അത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി താൻ തന്നെ ശരിയെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കുന്ന കണ്ടെത്തൽ.

Read more at: ഡോക്ടർമാർ വിധിച്ചു രണ്ടുവർഷം; ഹോക്കിങ് പിന്നെയും വിസ്മയിപ്പിച്ചു 56 വർഷം...

ഒരു തമോഗർത്തത്തിലേക്കു വീഴുന്ന വസ്തുവിനെപ്പറ്റിയുള്ള എല്ലാ വിവരവും പുറത്തു നിൽക്കുന്ന നിരീക്ഷകനു നഷ്ടപ്പെടുന്നു എന്ന ധാരണ പൂർണമായും ശരിയല്ലെന്നാണ് അദ്ദേഹം സമർഥിച്ചത്. ബ്ലാക്ക് ഹോളുകളിൽനിന്നു പുറത്തുവരുന്ന വികിരണങ്ങളിൽ നഷ്ടപ്പെട്ടുവെന്നു കരുതുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പ്രസ്താവിച്ചു. ‘ഹോക്കിങ് വികിരണ’ത്തിൽ കോഡ് ചെയ്ത വിവരങ്ങൾ വായിച്ചെടുക്കാൻ ഇപ്പോൾ നമുക്ക് കഴിയുന്നില്ല എന്നേയുള്ളൂ എന്നും അദ്ദേഹം സമർഥിച്ചു.

സ്റ്റീഫൻ ഹോക്കിങ്ങും എലെയ്ൻ മസോണും വിവാഹസമയത്ത് (ഫയൽ ചിത്രം)

Read more at: വിരലനക്കം പോലും അസാധ്യമായ ഹോക്കിങ് ‘വർത്തമാനം’ പറഞ്ഞതെങ്ങനെ ?...

ദൃശ്യ പ്രപഞ്ചത്തിൽനിന്നു ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ (baby universe) എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. എന്നാൽ ഈയടുത്ത കാലത്ത് ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു.

ഹോക്കിങ്ങിന്റെ ജീവിതം സിനിമയിൽ

സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതകഥ വെള്ളിത്തിരയിലുമെത്തി. ബ്രിട്ടിഷ് സംവിധായകൻ ജയിംസ് മാർഷ് ഒരുക്കിയ ജീവിതാഖ്യായിക ‘ദ് തിയറി ഓഫ് എവരിതിങ്’ നിറഞ്ഞ കയ്യടികളോടെയാണു ലോകം സ്വീകരിച്ചത്. ഹോക്കിങ്ങിന്റെ മുൻഭാര്യ ജെയ്‌ൻ രചിച്ച ‘ട്രാവലിങ് ടു ഇൻഫിനിറ്റി: മൈ ലൈഫ് വിത് സ്‌റ്റീഫൻ’ എന്ന ഓർമപ്പുസ്‌തകത്തെ ആധാരമാക്കിയാണു ‌ചിത്രമെടുത്തത്. ഹോക്കിങ്ങിന്റെ വേഷമിട്ട ബ്രിട്ടിഷ് യുവനടൻ എഡ്‌ഡി റെഡ്‌മെയ്‌ൻ 2014ലെ മികച്ച നടനുള്ള ഓസ്കറും സ്വന്തമാക്കി.

മോട്ടോർ ന്യൂറോ ഡിസീസ് എന്ന അപൂർവരോഗമായിരുന്നു ഹോക്കിങ്ങിന്. ശരീരം തളർന്ന അദ്ദേഹം രണ്ടുവർഷത്തിലധികം ജീവിക്കില്ലെന്നായിരുന്നു ഡോക്‌ടർമാരുടെ പ്രവചനം. എന്നാൽ അദ്ദേഹം ജീവിതം മുന്നോട്ടു കൊണ്ടുപോയി, സൈദ്ധാന്തിക ഭൗതികശാസ്‌ത്രജ്‌ഞരിൽ വിഖ്യാതനായി. സ്‌റ്റീഫനും ജെയിനുമായുള്ള പ്രേമവും രോഗാവസ്‌ഥയും തുടർന്നു ഭൗതികശാസ്‌ത്രജ്‌ഞൻ എന്ന നിലയിലുള്ള വളർച്ചയുമാണ് സിനിമയുടെ ഇതിവൃത്തം. രോഗാവസ്‌ഥയിൽ ജെയിൻ നൽകിയ സ്‌നേഹവും പിന്തുണയുമാണു തുടർന്നുള്ള തന്റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് പറഞ്ഞിട്ടുണ്ട്.

ഗവേഷണകാലത്തു പരിചയപ്പെട്ട ജെയിൻ വൈൽഡിനെ സ്റ്റീഫൻ ഹോക്കിങ് പ്രണയിച്ചു. മാരകമായ രോഗം കണ്ടെത്തിയതോടെ ജെയിൻ വൈൽഡിനെ ഒഴിവാക്കാൻ അദ്ദേഹം ശ്രമിച്ചു. വിവരമറിഞ്ഞതോടെ ജെയിൻ സ്റ്റീഫനെ വിവാഹം കഴിക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു. ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു ഹോക്കിങ് ഓർമിച്ചു. ഇവർക്കു മൂന്നു മക്കൾ പിറന്ന‍ു – ലൂസി, തിമോത്തി, റോബർട്ട്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെയാണു അദ്ദേഹം വിവാഹം കഴിച്ചത്.

ഹോക്കിങ് ആയി മാറാൻ ആറുമാസത്തിലേറെ നീണ്ട പ്രയത്നമാണ് എഡ്‌ഡി റെഡ്‌മെയ്‌ൻ നടത്തിയത്. ജെയിൻ ആയി ഫെലിസിറ്റി ജോൺസ് വേഷമിട്ടു. ടൊറന്റോ ഫെസ്‌റ്റിവലിൽ പ്രദർശനം കാണാൻ ഹോക്കിങ്ങുമുണ്ടായിരുന്നു. സിനിമ തീർന്നപ്പോൾ അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണീരൊഴുകി; ഒരായുഷ്കാലത്തിന്റെ സ്നേഹത്തിന്റെയും സഹനത്തിന്റെയും ഉപ്പുരസമുള്ളത്.

അദ്ഭുതപ്പെടുത്തുന്ന അതിജീവന ഗാഥ

യുകെയിലെ ഓക്സ്ഫഡ‍ിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായ‍ി 1942 ജനുവരി എട്ടിനു ജനനം. സ്റ്റീഫൻ വില്യം ഹോക്കിങ്ങിന് ഊർജതന്ത്രത്തിലും ഗണിതത്തിലുമായിരുന്നു താൽപര്യം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 1962ൽ, പെട്ടെന്ന് ഒരു ദിവസം സ്റ്റീഫൻ ഹോക്കിങ് കുഴഞ്ഞുവീണു. വിശദമായ വൈദ്യപരിശോധനയിൽ മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന മാരക രോഗമാണെന്നു കണ്ടെത്തി.

Read More: ഹോക്കിങ്ങിനെക്കുറിച്ച് മാതാപിതാക്കള്‍ അറിയേണ്ട 5 കാര്യങ്ങള്‍!

രോഗം മൂർച്ഛിച്ച്, ക്രമേണ ചലന ശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ജീവിതം വീൽചെയറിലായി. കംപ്യൂട്ടറുമായി ഘടിപ്പിച്ച സ്പീച്ച് സിന്തസൈസർ വഴിയായി സംസാരം. രോഗം ശരീരത്തെ തളർത്തുന്നതിനിടയിലും തളരാത്ത മനസ്സുമായി കേംബ്രിജിലെ ഗവേഷണകാലത്തു മഹാസ്ഫോടന സിദ്ധാന്തത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചും പഠിച്ചു. വീൽ ചെയറിൽ ഇരുന്നുകൊണ്ടു പ്രപഞ്ചരഹസ്യങ്ങളുടെ ചുരുൾ നിവർത്തി.

പ്രപഞ്ചവും തമോഗർത്തങ്ങളും

കേംബ്രിജിൽ ഗവേഷണം നടത്തുന്ന സമയത്തു മഹാസ്ഫോടന സിദ്ധാന്തമായിരുന്നു ഹോക്കിങ്ങിന്റെ ഇഷ്ടവിഷയം ഒപ്പം തമോഗർത്തങ്ങളെക്കുറിച്ചും ഏറെ പഠിച്ചു. 1960 കളിൽ ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ റോജർ പെൻറോസ് തമോഗർത്തങ്ങളെക്കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു. അതിശക്തമായ ഗുരുത്വാകർഷണം കാരണം പ്രകാശരശ്മിക്കുപോലും പുറത്തുകടക്കാൻ കഴിയാത്ത സ്ഥലകാലപ്രദേശമാണു തമോഗർത്തം എന്ന ആശയമാണ് അവതരിപ്പിക്കപ്പെട്ടത്.

ഇന്ധനം തീർന്ന് ജ്വലനം നിലച്ച, സൗര ദ്രവ്യമാനത്തിന്റെ മൂന്നിരട്ടി മാസ്സുള്ള ഭീമൻ നക്ഷത്രം അതിഭീമമായ ഗുരുത്വാകർഷണത്തിന് വിധേയമായി അമർന്നു ചുരുങ്ങി അത്യന്തം സാന്ദ്രതയുള്ള വസ്തുവായി മാറുമ്പോഴാണു തമോഗർത്തം രൂപം കൊള്ളുന്നത്. പെൻറോസുമായി ചേർന്ന് പ്രപഞ്ചോൽപ്പത്തി സംബന്ധിച്ചു പുതിയ ആശയങ്ങൾ മുന്നോട്ടുവച്ചു ഹോക്കിങ്. പ്രപഞ്ചാരംഭ സമയത്ത് പ്രപഞ്ചം പൂജ്യം വ്യാപ്തമുള്ള ഒരു ബിന്ദു ആയിരുന്നിരിക്കും എന്ന ആശയം അവർ അവതരിപ്പിച്ചു. പ്രപഞ്ചാരംഭം ഒരു സിംഗുലാരിറ്റിയിൽ നിന്നായിരിക്കാം എന്ന് ഗണിത സമവാക്യങ്ങളുടെ സഹായത്തോടെ സമർഥിച്ചു.

തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ ഹോക്കിങ്ങിന്റെ പ്രശസ്തി ലോകമെങ്ങും പരന്നു. 1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 ൽ കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. മുൻപ് ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയിലേക്കു ഗലീലിയോയുടെ വലിയ ആരാധകനായ ഹോക്കിങ് ഇരിപ്പുറപ്പിച്ചു.

സമയത്തിന്റെ സംക്ഷിപ്ത ചരിത്രം

സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഗവേഷണങ്ങൾ പോലെ തന്നെ അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയ ഗ്രന്ഥമാണ് A Brief History of Time– സമയത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം. ഈ വിഖ്യാത ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് കാൾ സാഗൻ ആണ്. ഈ മഹാപ്രപഞ്ചത്തിന്റെ ഉൽപ്പത്തി എങ്ങനെ, പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലായത് എങ്ങനെ, സമയം പുറകോട്ട് പായുമോ, സമയത്തിന് തുടക്കവും ഒടുക്കവും ഉണ്ടോ, പ്രപഞ്ചാരംഭ സമയത്തെ ക്രമമില്ലായ്മയിൽ നിന്ന് ക്രമം എങ്ങനെയുണ്ടായി, തമോഗർത്ത രഹസ്യങ്ങൾ, പ്രപഞ്ചത്തിന്റെ തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതിനുള്ള വിശദീകരണങ്ങളും ഒരേ സമയം പ്രൗഢമായും ലളിതമായും സരസമായും പ്രതിപാദിച്ചിട്ടുണ്ട് ഈ ഗ്രന്ഥത്തിൽ.

അദ്ദേഹത്തിന്റെ മറ്റൊരു പ്രശസ്ത ഗ്രന്ഥമാണ് The Universe in a Nutshell. മകളായ ലൂസിയുമായി ചേർന്ന് കുട്ടികൾക്കായി അദ്ദേഹം രചിച്ച പുസ്തകമാണ് 'George's Secret Key to The Universe" ദ് ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ് ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി എന്നിവയൊക്കെ അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്. പ്രപഞ്ചത്തിലെ എല്ലാറ്റിനെയും ഉൾക്കൊള്ളാനും വിശദീകരിക്കാനും സഹായിക്കുന്ന ഒരു സമഗ്ര സിദ്ധാന്തം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണു ഹോക്കിങ്ങിന്റെ വിയോഗം.