പ്രളയകെടുതിയെ അതിജീവിച്ചു, ഇനി ഭക്ഷണക്രമം ശ്രദ്ധിക്കണം

ഭക്ഷണകാര്യത്തിൽ കുടിവെള്ളത്തിൽ തുടങ്ങി എന്തു കഴിക്കണം എന്ന കാര്യത്തിൽപ്പോലും വളരെ ശ്രദ്ധ പുലർത്തണം. ശുദ്ധമായ വെളളം കുടിക്കണം. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം.

വെള്ളപ്പൊക്ക ഭീതിയിൽ കൃത്യമായ ഭക്ഷണക്രമം പിന്തുടരാനോ ആവശ്യമായ സമീകൃതാഹാരം കഴിക്കാനോ മലയാളിക്കു കഴിഞ്ഞില്ല. രോഗമുള്ളവരുടെ മരുന്നും വ്യായാമവുമൊക്കെ ഇക്കാലയളവിൽ മുടങ്ങിയിട്ടുണ്ടാവാം. ഇതുകൂടാതെ കടുത്ത മാനസികസമ്മർദം ആരോഗ്യത്തെയും മാനസികാവസ്ഥയെയും സ്വാധീനിച്ചിട്ടുണ്ടെന്നുറപ്പ്. വെള്ളത്തിന്റെ കെടുതികൾക്കു തെല്ലു ശമനമായപ്പോൾ വീടു വൃത്തിയാക്കുന്നതിന്റെ തിരക്കിലായി എല്ലാവരും. ഇതു ശരീരത്തിനു കടുത്ത ക്ഷീണമാണുണ്ടാക്കുന്നത്. ഈ കുറവുകളെല്ലാം നികത്തുന്ന രീതിയിലാവണം ഇനിയുള്ള കുറച്ചുകാലത്തെ ഭക്ഷണക്രമത്തെ പരുവപ്പെടുത്താൻ. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും  ഇക്കാലത്തു ശ്രദ്ധിക്കണം.    

വ്യക്തിഗത ശുചിത്വത്തിനുവേണം ഈ സമയത്ത് ഏറ്റവും പ്രാധാന്യം നൽകാൻ. സാംക്രമികരോഗങ്ങളുടെ നിര നമ്മെ കാത്തിരിപ്പുണ്ട്. വൃത്തിഹീനമായ ചുറ്റുപാടിലെ ഭക്ഷണംമൂലം അണുക്കൾ ശരീരത്തിനുള്ളിൽ കടന്നു രോഗങ്ങൾക്കു വഴിവയ്ക്കുവാൻ സാധ്യത കൂടുതലാണ്. വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരശൈലിക്കും വേണം ഈ സമയത്തു മുൻഗണന കൊടുക്കാൻ.  പാകം ചെയ്യാനുള്ള അസംസ്കൃത വസ്തുക്കൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. അഴുകിയ വസ്തുക്കൾ  ഒന്നും പാചകത്തിന് ഉപയോഗിക്കരുത്. വെള്ളം കയറിയ അടുക്കളയിലെ ഭക്ഷണവസ്തുക്കൾ ഉപയോഗിക്കരുത്. മലിനജലവുമായി സംസർഗമുള്ള ഭക്ഷണപദാർഥങ്ങൾ  ഉപേക്ഷിക്കണം. നേരത്തേ ഫ്രിജിൽ  സൂക്ഷിച്ചിരുന്നവയും കളയണം. ഈർപ്പം തട്ടിയ വസ്തുക്കൾ, പൂപ്പൽ പിടിച്ചവ എന്നിവയൊന്നും ഉപയോഗിക്കരുത്.  ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ, ഗ്ലാസുകൾ, തുടങ്ങിയവയും നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ. 

കുടിവെള്ളത്തിലും വേണം ശ്രദ്ധ

പെട്ടെന്നു ദഹിക്കുന്നതും ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നതുമായ ലളിതമായ ഭക്ഷണക്രമം വേണം ഇക്കാലത്തു പിന്തുടരാൻ.  ദഹനപ്രക്രിയയിലൂടെ കൂടുതൽ ഉൗർജം ശരീരത്തിൽനിന്നു നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഭക്ഷണം അകറ്റാം. ഇവ ശരീരത്തിന്റെ താപനില കൂടുതൽ ഉയർത്തുകയേയുള്ളൂ. ശരീരത്തിന്റെ ചൂട് വീണ്ടും കൂട്ടുന്ന അമിത കലോറിയുള്ള ഭക്ഷണം ഇൗ സമയത്ത് അധികം വേണ്ട എന്നർഥം. സമീകൃതവും ലളിതവുമായ ഭക്ഷണമാണ് ഈ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. പെട്ടെന്നു ദഹിക്കുന്ന ആഹാരം കഴിക്കുന്നതിലൂടെ ദാഹവും വിശപ്പും ശമിക്കും, ക്ഷീണം ഇല്ലാതാവും. അതിനായി തനി നാടൻ ഭക്ഷണങ്ങളെ  ഒപ്പംകൂട്ടാം.

ഭക്ഷണകാര്യത്തിൽ കുടിവെള്ളത്തിൽ തുടങ്ങി എന്തു കഴിക്കണം എന്ന കാര്യത്തിൽപ്പോലും വളരെ ശ്രദ്ധ പുലർത്തണം. ശുദ്ധമായ വെളളം കുടിക്കണം. മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം.  തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ. അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം. തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണു നല്ലത്. ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്തു തിളപ്പിച്ച  വെള്ളം രോഗങ്ങളെ അകറ്റും. അല്ലെങ്കിൽ ക്ലോറിൻ ടാബ്‌ലെറ്റുകൾ ഉപയോഗിച്ചു ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാം. 20 ലീറ്റർ വെള്ളത്തിൽ ഒരു ടാബ്‌ലെറ്റ് അരമണിക്കൂർ ഇട്ടുവച്ചാൽ  വെള്ളം ശുദ്ധമാകും. ഈ വെള്ളം മാത്രമേ പാചകത്തിനുപോലും ഉപയോഗിക്കാവൂ. തുറന്നുവച്ചതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം. നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ. ചെറു ചൂടോടെതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പാകം ചെയ്ത ഭക്ഷണം ഏറെനേരം തുറന്നുവയ്ക്കരുത്. അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളം ശുദ്ധമുള്ളതാവണം.  

വയോജനങ്ങളുടെ  ആഹാരത്തിൽ  പ്രത്യേക ശ്രദ്ധ നൽകണം. ദഹിക്കാൻ  എളുപ്പമുള്ള കഞ്ഞി,  ഓട്സ്  എന്നിവ കൂടുതലായി ഉൾപ്പെടുത്തണം. കുഞ്ഞുങ്ങൾക്കുള്ള മുലയൂട്ടൽ തുടരാൻ അമ്മമാർ ശ്രദ്ധിക്കണം. പെട്ടെന്നു ദഹിക്കുന്ന ആഹാരം വേണം കൂടുതലായി കഴിക്കാൻ. ദിവസം ഒരു നേരമെങ്കിലും കഞ്ഞി നിർബന്ധമാക്കണം. രാത്രി കഞ്ഞിയായാൽ ഉത്തമം. കഞ്ഞിയും പ്രോട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ ആഹാരമാവണം.  ഒപ്പം ചുട്ടെടുത്ത പപ്പടവും ചമ്മന്തിയുമൊക്കെയായാൽ ഏറെ നന്ന്.  ഒൗഷധഗുണമുള്ള കുരുമുളക്, കൊത്തമല്ലി, ചുക്ക്, ജീരകം, അയമോദകം എന്നിവ ചേർത്തുണ്ടാക്കുന്ന കഞ്ഞി രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണ്. 

എല്ലാ ദിവസവും ഏതെങ്കിലും പഴം കഴിക്കാം. എന്നാൽ, ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ (ഉദാ: തണ്ണിമത്തൻ) ഒഴിവാക്കുന്നതാണു നല്ലത്. ഏറെ പഴക്കമുള്ളതും അമിതമായി പഴുത്തതുമായ പഴങ്ങൾ വേണ്ട.

 ∙ വൈദ്യശാസ്ത്ര വിവരങ്ങൾക്ക് കടപ്പാട് 

ഡോ. ബി. പത്മകുമാർ
പ്രഫ. മെഡിസിൻ വിഭാഗം,
മെഡിക്കൽ കോളജ്, ആലപ്പുഴ