ഓറഞ്ച് രുചിയിലൊരു വനില കേക്ക് വീട്ടിൽ ബേക്ക് ചെയ്താലോ?

പല തരത്തിലുള്ള കേക്കുകളുടെയും ബെയ്സാണ് വനില കേക്ക്. ലളിതമായി രുചികരമായ വനില കേക്ക് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

മൈദ – 125 ഗ്രാം
ബേക്കിങ് പൗഡർ – 1 ടീസ്പൂൺ
ഉപ്പ് – 1/8 ടീസ്പൂൺ ( ബട്ടറിന് ഉപ്പില്ലെങ്കിൽ മാത്രം കേക്കിന് ഉപ്പ്ചേർത്താൽ മതി)
പഞ്ചസാരപൊടിച്ചത് – 125 ഗ്രാം
ബട്ടർ – 125 ഗ്രാം
മുട്ട – 3
പാൽ – 2 ടേബിൾ സ്പൂൺ
വനില എസൻസ് – 1 ടീസ്പൂൺ
ഓറഞ്ച് തൊലി – ആവശ്യമെങ്കിൽ മാത്രം

Click here to read Iftar Special Recipes in English

കേക്ക് അലങ്കരിക്കാൻ

ഐസിങ് ഷുഗർ – 115 ഗ്രാം
ഓറഞ്ച് ജ്യൂസ് – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

∙അവ്ൻ 175 ഡിഗ്രി C ൽ ചൂടാക്കിയിടണം

∙മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞെടുക്കുക.

∙ഒരു ബൗളിൽ ബട്ടറും പഞ്ചസാരയും നന്നായി യോജിപ്പിച്ചെടുക്കുക. 

∙ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നായി അടിച്ചെടുക്കുക. വനില എസൻസും ചേർത്ത് യോജിപ്പിക്കാം. തയാറാക്കി വച്ചിരിക്കുന്ന മൈദപ്പൊടി അൽപാൽപമായി ഈ കൂട്ടിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. മാവ് അൽപം കട്ടിയാകുമ്പോൾ പാൽ ചേർക്കാം.  പാലും മൈദയും ഒന്നിടവിട്ട് വേണം ചേർത്തു കൊടുക്കാൻ. അവസാനം മൈദ ചേർത്ത് യോജിപ്പിച്ചു വേണം മിക്സിങ് ഫിനിഷ് ചെയ്യാൻ. 

∙ ഈ കൂട്ടിലേക്ക് ഓറഞ്ച് തൊലി ചുരണ്ടിയിട്ടാൽ കൂടുതൽ രുചികരമായിരിക്കും. ആവശ്യമില്ലെങ്കിൽ ഇത്  ഒഴിവാക്കാം.

∙പ്രീ– ഹീറ്റ് ചെയ്തിരിക്കുന്ന അവ്നിൽ 175 ഡിഗ്രിയിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.

കേക്ക് അലങ്കരിക്കാൻ

ഒരു പാത്രത്തിൽ അരിച്ചെടുത്ത ഐസിങ് ഷുഗറിലേക്ക് ഓറഞ്ച് ജ്യൂസ് ചേർത്ത് യോജിപ്പിച്ചെടുത്ത്  ഇഷ്ടമുള്ള ഡിസൈനിൽ അലങ്കരിക്കാം.  ഇതിനു മീതെ ചോക്കോ ചിപ്സ് കൂടി ചേർത്ത് ഭംഗിയാക്കാം.

നോട്ട്സ്

∙ കേക്ക് തയാറാക്കാൻ ആദ്യം മൈദയാണ് തയാറാക്കേണ്ടത്, അവസാനിപ്പിക്കുന്നതും മൈദ ചേർത്താവണം.

∙ബട്ടർ  അല്ലെങ്കിൽ ബട്ടർ പേപ്പർ നിരത്തി വേണം കേക്ക് ബേക്കിങ് ട്രേയിൽ തയാറാക്കിയ മിശ്രിതം ഒഴിയ്ക്കാൻ.