മധുരത്തിനു കേസരി, ബേസൻ ലഡ്​ഡു

മധുരപ്രിയർക്ക് വീട്ടിൽ തയാറാക്കാവുന്ന രുചികരമായ രണ്ട് പാചകവിധികൾ പരിചയപ്പെടാം.

കേസരി

റവ–1 കപ്പ് 2. പഞ്ചസാര–2 കപ്പ് 3. നെയ്യ്–1 കപ്പ്. 4. ഏലക്കപ്പൊടി 5. പാൽ–2 കപ്പ് 6. മഞ്ഞ ഫുഡ് കളർ–1 നുള്ള്. 7. കശുവണ്ടി നുറുക്ക്, കിസ്മിസ്–1 വലിയ സ്പൂൺ വീതം.

നെയ്യ് ചൂടാക്കി കശുവണ്ടി–കിസ്മിസ് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് റവയിട്ട് നന്നായി വറുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. അൽപം പാലിൽ കലക്കിയ ഫുഡ് കളറും, ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി കൂട്ട് ഒരുവിധം കുറുകുമ്പോൾ വറുത്തുവച്ച കശുവണ്ടി–കിസ്മിസ് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. റവ മൂത്ത് മുറുകി തുടങ്ങുമ്പോൾ ഇറക്കിവച്ച് നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തി ഡയമണ്ട് ഷേപ്പിൽ വരഞ്ഞു വയ്ക്കുക. മീതെ കുങ്കുമപൂവ് വിതറി അലങ്കരിക്കാം. ചൂടാറുമ്പോൾ അടർത്തിയെടുക്കാം.

ബേസൻ ലഡ്ഡു

1. കടലമാവ്–2 കപ്പ് 2. പഞ്ചസാര പൊടിച്ചത്–2 കപ്പ്. 3. നെയ്യ്–2 വലിയ സ്പൂൺ 4. കശുവണ്ടി നുറുക്കിയത്–അര കപ്പ്. 5. ഏലക്കപ്പൊടി–1 ടീ സ്പൂ. നെയ്യ് ചൂടാക്കി കശുവണ്ടി നുറുക്ക് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് കടലമാവ് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. ചുവപ്പു നിറമാകുമ്പോൾ വാങ്ങിവച്ച് പഞ്ചസാരയും ഏലക്കപ്പൊടിയും കശുവണ്ടി നുറുക്കും ചേർത്തിളക്കി കയ്യിൽ നെയ്യ് പുരട്ടി കുറേശ്ശേ എടുത്ത് നാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.