എരിപൊരി ഉരുളക്കിഴങ്ങ് റവ ഫിംഗേഴ്സ്

മസാലയിൽ പൊതിഞ്ഞ് വറുത്തെടുത്ത രുചികരമായ ഉരുളക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമാണ്. റവ കിഴങ്ങ് ഫിംഗേഴ്സ് തയാക്കാനുള്ള ചേരുവകളുടെ അളവുകൾ അളവുകപ്പിലാണ് എടുക്കേണ്ടത്. ഒരു കപ്പ് 170 ഗ്രാം. സാധാരണ ഗ്ലാസും ഉപയോഗിക്കാം.

∙ പാനിൽ കാൽ കപ്പ് വെള്ളമൊഴിച്ച് പാകത്തിന് ഉപ്പു ചേർത്തു തിളച്ചുവരുമ്പോൾ അരകപ്പ് വറുത്ത റവ ചേർത്തു വറ്റിച്ചെടുക്കുക.
∙ മൂന്ന് ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായി ഉടച്ചെടുക്കണം.
∙ ഒരു സവാളയുടെ പകുതി, കുറച്ചുമല്ലിയില, എരിവിനാവശ്യമായ പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുത്തതും അരടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, പാകത്തിന് ഉപ്പ്, കിഴങ്ങ്,വറ്റിച്ചെടുത്ത റവ എന്നിവയും ചേർത്തു നല്ലതു പോലെ കുഴച്ചു യോജിപ്പിക്കുക.
∙ ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ കോൺഫ്ളവറും രണ്ടു ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടിയും ചേർത്ത് ഒന്നു കൂടി യോജിപ്പിച്ചെടുക്കണം.
∙ ഇരു കൈകളിലും എണ്ണ തടവിയ ശേഷം മിശ്രിതം സിലിണ്ടർ ആകൃതിയിൽ ഉരുട്ടിയെടുത്തു നന്നായി ചൂടാക്കിയ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ തീ കുറച്ചുവച്ച് വറുത്തുകോരാം.