Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഞ്ഞി വെറും കഞ്ഞിയല്ല

Paal kanji

കഞ്ഞി’ എന്നു പറയുന്നതു തന്നെ മോശം എന്നു കരുതുന്ന കാലം. മോശക്കാരെ മുഴുവൻ വിളിച്ചു കളിയാക്കാനുള്ള വാക്കാണിന്നു ‘കഞ്ഞി’. പക്ഷേ, സായിപ്പിന്റെ സൂപ്പു തന്നെയാണീ സാധനം എന്നു മനസ്സിലാക്കുന്നതോടെ അതു വെറും ‘കഞ്ഞി’യല്ലാതാകുന്നു. 

നമ്മുടെ പഴയ തലമുറകളുടെ ആരോഗ്യം കാത്തത് ഒരുപരിധി വരെ കഞ്ഞി തന്നെയായിരുന്നു. നമുക്കു തയാറാക്കാവുന്ന ഏറ്റവും ചെലവു കുറഞ്ഞ, മികച്ച പോഷകാഹാരമാണിത്. തവിട് അധികം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുത്തരി കൊണ്ടുള്ള കഞ്ഞിക്കു ഗുണം കൂടും. അരിയുടെയും തവിടിന്റെയും പ്രധാന പോഷകാംശം കഞ്ഞിവെള്ളത്തിലായിരിക്കും. അത് ഊറ്റിക്കളഞ്ഞ് ചോറ് ആയി കഴിച്ചാലേ അന്തസ്സ് ഉള്ളൂ എന്നതു പുത്തൻമലയാളിയുടെ ശീലം. കുത്തരിക്കഞ്ഞിയിലെ അരിയിലൂടെ ശരീരത്തിനു വേണ്ട കാർബോ ഹൈഡ്രേറ്റും തവിടിന്റെ അംശത്തിലൂടെ വിറ്റമിൻ-ബിയും വേണ്ടത്ര കിട്ടും. 

കഞ്ഞിയോടൊപ്പം പയറോ കടലയോ കൊണ്ടുള്ള കറികളോ ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങൾ കൊണ്ടുള്ള പുഴുക്കോ ആണു പണ്ടുള്ളവർ കഴിച്ചിരുന്നത്. പയറിലൂടെയും പരിപ്പിലൂടെയും കടലയിലൂടെയും കിഴങ്ങുവർഗങ്ങളിൽ നിന്നുമെല്ലാം പ്രോട്ടീൻ വേണ്ടത്ര കിട്ടും. ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളിൽ ആവശ്യത്തിനു കൊഴുപ്പും ഉണ്ട്. അതുകൊണ്ടു തന്നെ കഞ്ഞിയും പുഴുക്കും മാത്രം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനുള്ള വകയായി. ദഹനവും എളുപ്പം. 

ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുകയെന്നതു പണ്ടു മലയാളിയുടെ ശീലമായിരുന്നു. അന്നു മലയാളിക്ക് ആരോഗ്യവും ഉണ്ടായിരുന്നു. കഞ്ഞിയുടെ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ദേവന്മാർക്ക് അമൃതു പോലെയാണു മനുഷ്യന്മാർക്കു കഞ്ഞി’ എന്നാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഉദ്ദണ്ഡശാസ്‌ത്രികൾ പോലും പറഞ്ഞത്. അതു കഞ്ഞിയുടെ മഹത്വം. 

ഔഷധക്കഞ്ഞി ഉണ്ടാക്കേണ്ട വിധം: 

ആവശ്യമായ സാധനങ്ങൾ 

1. ചെറുപനച്ചി (അരച്ചത്)
2. കുടങ്ങൽ (ചതച്ചത്)
3. തൊട്ടാവാടി (അരച്ചത്)
4. ചങ്ങലംപരണ്ട, ചുവന്നുള്ളി (ഒരുമിച്ചു കിഴി കെട്ടി ഇടാം)
5. ഉണക്കലരി

തയാറാക്കുന്ന വിധം 

ഒന്നു മുതൽ നാലു വരെ പറഞ്ഞ ഔഷധങ്ങൾ വെള്ളത്തിലിട്ടു തിളപ്പിക്കുക. ആ വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ടു വേവിച്ചെടുക്കുക. രാവിലെയാണ് ഔഷധക്കഞ്ഞി കുടിക്കാൻ പറ്റിയത്. ഉപ്പും നെയ്യും ഉപയോഗിക്കാവുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ഔഷധക്കഞ്ഞിയാണ് മരുന്നുകഞ്ഞിയായി ഉപയോഗിക്കുന്നത്. ദേശങ്ങളുടെ വ്യത്യാസം അനുസരിച്ചു ചേരുവകളിലും തയാറാക്കുന്ന വിധത്തിലും നേരിയ വ്യത്യാസങ്ങളുണ്ടാവും. ഈ ചേരുവകളിൽ നിന്നു വളരെ വ്യത്യാസം മറ്റു ചില ഔഷധക്കഞ്ഞികളിൽ കാണാം. 

ഉലുവാക്കഞ്ഞി ഉണ്ടാക്കുന്ന വിധം: 

ആവശ്യമായ സാധനങ്ങൾ 

1. കുതിർത്ത ഉലുവ പകുതി അരച്ചത്
2. ജീരകം, ചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളി, അയമോദകം, കുരുമുളക് എന്നിവ നാളികേരം കൂട്ടി അരച്ചെടുത്തത്
3. പൊടിയരി

തയാറാക്കുന്ന വിധം: 

നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചതച്ചെടുത്ത ഔഷധമിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക. വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക. അതിനു ശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേവിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.