നാടൻ കൂർക്ക മെഴുക്ക്പുരട്ടി, കഴിച്ചിട്ടുള്ളവർ ഒരിക്കലും മറക്കാത്ത രുചി!

koorkka-mezhukkupuratti
SHARE

നാടൻ  കൂർക്ക മെഴുക്കുപുരട്ടി ഒരു  നൊസ്റ്റാൾജിക് ഐറ്റം ആണ് .  പണ്ട് പാടവും നെല്ലും ഒക്കെ ഉണ്ടായിരുന്ന കാലത്ത് ജനുവരിയിൽ കൊയ്ത്ത് കഴിഞ്ഞു പാടത്തൊക്കെ പയർ, ഉഴുന്ന്, കൂർക്ക ഇങ്ങനെയുള്ള വെള്ളം ആവശ്യമില്ലാത്ത കൃഷികൾ ആയിരിക്കും. ഏപ്രിൽ-മെയ് ആകുമ്പോഴേക്കും ഇതൊക്കെ പറിച്ചെടുക്കാറാകും.സ്കൂൾ അടച്ചിരിക്കുമ്പോൾ കുട്ടികൾക്ക് കളി കഴിഞ്ഞാൽ ഉള്ള മെയിൻ പരിപാടി കൂർക്ക വൃത്തിയാക്കൽ, പയർ ഒരുക്കി കൊടുക്കൽ ഇതൊക്കെ ആയിരിക്കും. ചുമ്മാതല്ലാട്ടോ..കൂർക്ക അലക്കു കല്ലിൽ ഉരച്ചു നന്നാക്കി കൊടുത്താൽ നുറുക്കുന്നത് അമ്മ ചെയ്തോളും. കുട്ടിയല്ലേ ....കൈ മുറിക്കേണ്ടല്ലോ.... ചോറുണ്ണുമ്പോൾ മെഴുക്കുപുരട്ടി കുറച്ച് കൂടുതൽ കിട്ടും ഒരുക്കിയ ആൾക്ക്....ഇതിന്റെയൊക്കെ രുചി കാരണം അടുത്ത ദിവസം അമ്മ പറയാതെ തന്നെ അങ്ങോട്ട് ചെല്ലും ....ഇന്ന് കൂർക്ക നന്നാക്കണോ എന്ന് ചോദിക്കാൻ ... തറവാട്ടിൽ കൂർക്ക നന്നാകുന്നത് മുത്തശ്ശി ആണ്...ഒരു പഴയ തോർത്തിൽ കൂർക്ക ഇട്ടു കിഴി പോലെ ആക്കി വീടിന്റെ മുന്നിൽ കൂടി ഒഴുകുന്ന ചെറിയ തോട്ടിൽ ഇറങ്ങി അവിടെ നിന്ന് കല്ലിൽ ഉരച്ചു വൃത്തിയാക്കി എടുക്കും. നന്നാക്കുന്നതും ചെറുതായി നുറുക്കി എടുക്കുന്നതും ഒരു അദ്ധ്വാനം ആണെങ്കിലും മെഴുക്കുപുരട്ടി വായിൽ വെക്കുമ്പോൾ അതൊക്കെ മറക്കും.


കൂർക്ക വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഒന്ന് തൊലി കളഞ്ഞ് കിട്ടിയാൽ പിന്നെ നുറുക്കി വേവിക്കാൻ അധികം സമയം എടുക്കില്ല. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ - ഒരു നെറ്റ് ബാഗിൽ കൂർക്ക ഇട്ടു 2 മണിക്കൂർ വെള്ളത്തിൽ മുക്കി വെക്കുക. അതിനു ശേഷം ആ ബാഗോടു കൂടി ഉരച്ച് കഴുകി എടുക്കുക. കുറച്ചു തിരുമ്മി പൈപ്പ്‌ തുറന്ന്  അടിയിൽ കാണിച്ച് ക്ലീൻ ആക്കുക.

koorkka-recipeതയാറാക്കുന്ന വിധം

കൂർക്ക നന്നായി ഉരച്ച് കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിച്ച് വെള്ളത്തിൽ ഇട്ട് വെക്കുക. കുറച്ചു വെള്ളം അടുപ്പത്ത് വെച്ച് തിളക്കുമ്പോൾ ആവശ്യത്തിന് ഉപ്പും 1 സ്പൂൺ മഞ്ഞൾപ്പൊടിയും കാൽ സ്പൂൺ മുളക്പൊടിയും ചേർത്ത് കൂർക്കയും ഇട്ട് വെള്ളം പറ്റിച്ചെടുക്കുക. വെള്ളം കൂടുതൽ ആണെങ്കിൽ ഊറ്റി കളയുക.

പാൻ / ചീനച്ചട്ടി (ഇരുമ്പ് ആണെങ്കിൽ കൂടുതൽ ടേസ്റ്റ് ആയിരിക്കും.) അടുപ്പിൽ വെച്ച് 3 സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 7-8 ചെറിയുള്ളി ചെറുതായി അരിഞ്ഞതും 3-4 പച്ചമുളക് കീറിയതും  കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി മൂത്ത് മണം വരുമ്പോൾ കൂർക്ക ഇട്ട്  ഇളക്കി ഇളക്കി കരിഞ്ഞ് പോകാതെ നന്നായി മൊരിച്ചെടുക്കുക... ആവശ്യമെങ്കിൽ ഇടക്ക് സ്വൽപം എണ്ണ ഒഴിച്ച് കൊടുക്കാം...ഇത് മൊരിഞ്ഞു വരുമ്പോൾ ഉള്ള മണം തന്നെ സൂപ്പറാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA