വീട്ടുകാരെല്ലാം വന്നില്ലെങ്കിൽ ഇവിടെ ഭക്ഷണം വിളമ്പില്ല!

ഭക്ഷണം ഒരു വലിയ തളികയിൽ വിളമ്പി വയ്ക്കുന്നു. ചുറ്റും കുടുംബാംഗങ്ങൾ എല്ലാവരും ചമ്രംപടിഞ്ഞ് ഇരിക്കണം. ഒരാൾപോലും മാറിനിൽക്കാൻ പാടില്ല. അംഗസംഖ്യ ഒത്തില്ലെങ്കിൽ ആഹാരം വിളമ്പില്ല. ആദ്യപടിയായി ഉപ്പ് കൈമാറിത്തുടങ്ങും... വ്യത്യസ്തവും രസകരവുമാണു ഗുജറാത്തിലെ ബൊഹ്റ മുസ്‌ലിംകളുടെ ആഹാരശീലം. ഒരു പാത്രത്തിൽ ഉണ്ട് ഒരുമയോടെ ജീവിക്കുന്നവരാണ് ബൊഹ്റകൾ. ചതുരത്തിലുള്ള പരവതാനിയിലാണ് വലിയ ആഹാരത്തളിക വയ്ക്കുക. കഴിക്കാൻ ചുറ്റും ഇരിക്കേണ്ടത് എട്ട് അല്ലെങ്കിൽ ഒൻപതു പേരാണ്. ഒരാൾ കുറവാണെങ്കിൽ ആഹാരം വിളമ്പില്ല. കാരണം എട്ടുപേർക്കു കണക്കാക്കിയാണ് അവർ ആഹാരം തളികയിൽ ഒരുക്കുക. ഒരു വറ്റുപോലും പാഴാക്കരുതെന്ന ചട്ടം മുറുകെപ്പിടിക്കുന്നു. വിളമ്പി വച്ചിരിക്കുന്ന വലിയ പാത്രത്തിൽനിന്നു തന്നെ അവനവന്റെ പങ്ക് എടുത്തുകഴിക്കാം. എല്ലാവരും ഇരുന്നിടത്തു തന്നെയാണു കൈകഴുകുന്നതും. ആഹാരം കഴിക്കുമ്പോൾ തല മൂടണമെന്നതും ബൊഹ്റൻ ആഹാരശീലത്തിൽ നിർബന്ധം. 

മുഗൾ ആഹാരരീതികളുമായി ചെറുതല്ലാത്ത ബന്ധം ബൊഹ്റകൾക്കുണ്ട്. എന്നാൽ രുചിയുടെ കാര്യത്തിൽ തീർത്തും വ്യത്യസ്തം. പ്രധാന ഭക്ഷണത്തിനു മുൻപ് ഒട്ടേറെ ചെറുഭക്ഷണങ്ങൾ കഴിക്കുമെന്നതാണു ബൊഹ്റകളുടെ പ്രത്യേകത. വീട്ടിൽ ഊണു കഴിക്കുമ്പോൾ പോലും അതിനുമുൻപായി ഒരു ചെറുകടിയും രണ്ടു മധുരപലഹാരങ്ങളും ബൊഹ്‌റകൾക്കു നിർബന്ധം. നെയ്യും മധുരവും ചോറും ചേർത്തു വേവിച്ച ‘സൊഡന്നു’ ഇതിൽ പ്രധാനിയാണ്. മുഖ്യ ആഹാരത്തിലേക്കു കടന്നാൽ ബൊഹ്‌റ ബിരിയാണി അല്ലെങ്കിൽ കാരി ചാവൽ (സൂപ്പും ചോറും), ദാൽ ചാവൽ പലീദ എന്നിവ എത്തുകയായി. മട്ടൻ ചേർത്ത് പുഴുങ്ങിയെടുക്കുന്ന ചോറ് പലീദയോടൊപ്പം (നമ്മുടെ സാമ്പാർ പോലൊന്ന്) വിളമ്പുന്നതാണു ദാൽ ചാവൽ പലീദ. ആഹാരം പൂർത്തിയായാൽ ഉപ്പു തൊട്ടു നാവിൽ വയ്ക്കുന്നതും ബൊഹ്റകളുടെ പരമ്പരാഗത ശീലമാണ്. 72 രോഗങ്ങളിൽ നിന്ന് ഉപ്പ് സംരക്ഷണം നൽകുമെന്നാണു ബൊഹ്‌റകളുടെ വിശ്വാസം. 

ആട്ടിറച്ചി, കോഴിയിറച്ചി, മീൻ എന്നിവ ആഹാരത്തിലെ മുഖ്യകഥാപാത്രങ്ങളായി എത്തുമ്പോൾ ബീഫ് ബൊഹ്‌റകൾ ഒഴിച്ചുനിർത്തുന്നു. ഗുജറാത്തിലെ ഹിന്ദു ഭക്ഷണശീലങ്ങളുമായി ഒട്ടേറെ സാമ്യമുണ്ട് ബൊഹ്‌റ വിഭവങ്ങൾക്ക്. ഗുജറാത്തി ഹിന്ദുക്കളുടെ ‘ദാൽ ദോക്ക്‌ലി’യുടെ മാംസാഹാര പതിപ്പാണു ബൊഹ്‌റകളുടെ ‘ചിക്കോലി’. പൊരിച്ച വിഭവങ്ങളോടും സുഗന്ധദ്രവ്യങ്ങൾ ധാരാളം ചേർത്ത പുലാവുകളോടും പ്രിയം കൂടുതലാണ്. ഗോതമ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ബൊഹ്റ സമൂസയും ബഹുകേമം തന്നെ. വിവിധതരം ഹൽവകളുടെ മാസ്മരിക ലോകം തന്നെ ബൊഹ്റകൾ തുറന്നിടുന്നു. ബൊഹ്റകളുടെ ഷീർ കുറുമ എന്ന മധുരപലഹാരം ഒന്നു പരീക്ഷിക്കാം. 

ഷീർ കുറുമ

പാൽ– രണ്ട് ലീറ്റർ
സേമിയ– ഒരു കപ്പ്
ഈത്തപ്പഴം– 4 എണ്ണം
ഉണക്കമുന്തിരി– അരക്കപ്പ്
ബദാം– അരക്കപ്പ്
പിസ്ത– അരക്കപ്പ്
നെയ്യ്– രണ്ട് ടീസ്പൂൺ
പഞ്ചസാര– ആവശ്യത്തിന്

ആദ്യം പാൽ തിളപ്പിച്ച‌ു വയ്ക്കുക. ബദാമും പിസ്തയും തൊലികളഞ്ഞ് വെള്ളത്തിൽ കുതിർത്ത് എടുത്ത്, നീളത്തിൽ ചെറുതായി അരിയണം. ഈത്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞുവയ്ക്കണം. ഇനി നെയ്യ് ഒരു പാത്രത്തിൽ അടുപ്പിൽവച്ച് ചെറുതീയിൽ ചൂടാക്കുക. അതിലേക്കു സേമിയ ഇട്ട് റോസ്റ്റ് ആകുന്നതുവരെ ഇളക്കുക. ഇളം ചുവപ്പുനിറം കണ്ടുതുടങ്ങിയാൽ അതിലേക്ക് ഈത്തപ്പഴം, ബദാം, പിസ്ത എന്നിവ ഇടുക. നല്ല മണം വരുന്നതുവരെ വീണ്ടും ഇവ ചെറുതീയിൽ റോസ്റ്റ് ചെയ്യുക. അവസാനം ഉണക്കമുന്തിരി ഇട്ട്, അധികം താമസിയാതെ തിളപ്പിച്ച പാൽ അതിലേക്ക് ഒഴിക്കുക. പാൽ ക്രീം നിറത്തിലേക്കു മാറുന്ന സമയത്തു പഞ്ചസാര ചേർക്കണം. തുടർന്നു പാൽ പകുതിയോളം വറ്റി, ഒരുവിധം ക്രീം പരുവത്തിൽ ആകുന്നതുവരെ ഇളക്കുക. ചൂടോടെ കഴിക്കാം.