അശോക ടീ ഷോപ്പിലെ ഉപ്പുമാവും മുട്ടറോസ്റ്റും കഴിച്ചിട്ടുണ്ടോ?

ലോകം മുഴുവൻ ചുറ്റിക്കറങ്ങി നടന്ന കോഴിക്കോട്ടുകാരൻ. മലയാളികളുടെ സ്വന്തം എസ്.കെ. പൊറ്റെക്കാട്ട്. തെരുവിന്റെ വടക്കേ അറ്റത്ത് അദ്ദേഹം തലയുയർത്തി നിൽക്കുന്നു. ആ നോട്ടം തെരുവിന്റെ തെക്കേ അറ്റത്ത് ശങ്കരൻ ബേക്കറി വരെയെത്തും. മിഠായിത്തെരുവിലെ തിരക്കിലലിഞ്ഞ് കാഴ്ചകൾ കണ്ടു നടക്കുമ്പോൾ മനസ്സിലൊരു ആശ്വാസമാണ്. മൺ‍മറഞ്ഞുപോയവരുടെ പ്രാർഥനകൾ ഏതൊക്കെയോ കോണിലുണ്ട്. ഓമഞ്ചിയും ശ്രീധരനും ആണ്ടിയുമെല്ലാം ഈ തെരുവിൽ എവിടെയൊക്കെയോ നമ്മെ നോക്കിയിരിക്കുന്നുണ്ട്.

പബ്ലിക് ലൈബ്രറിയിലെ മേശയിൽ പത്രത്തിന്റെ ഓരോ പേജിനും പിടിവലി നടക്കുകയാണ്. മനോരമയുടെ രണ്ടാംപേജ് വായിച്ചു കഴിഞ്ഞവന് പലപ്പോഴും കിട്ടുന്നത് ഹിന്ദു പത്രത്തിന്റെ പത്താംപേജ് ആയിരിക്കും. പല രുചിയുള്ള വാർത്തകൾ. കൈമാറി കൈമാറി കീറിത്തുടങ്ങിയ പല പല മാസികകൾ. വായന കഴിഞ്ഞാൽ അടുത്തത് മിഠായിത്തെരുവിലിറങ്ങി വായിൽനോട്ടമാണ്.  

ഞായറാഴ്ച വൈകുന്നേരം തെരുവിൽ തിരക്കിത്തിരി കൂടുതലാണ്. പൊറ്റെക്കാടിന്റെ പ്രതിമയ്ക്കു മുന്നിലിരുന്ന് എങ്ങോട്ടുപോണം എന്ന് ആലോചിക്കുകയായിരുന്നു. സമയം അഞ്ചു കഴിഞ്ഞു. 

ചെറിയ ചാറ്റൽമഴയിൽ നനഞ്ഞൊട്ടിക്കിടക്കുകയാണ് പാത. ബദാം മരത്തിന്റെ ഇലകൾ തെരുവിന്റെ നെഞ്ചോടുചേർന്നു കിടക്കുന്നുണ്ട്. നല്ല കടുപ്പത്തിലൊരു ചായ കുടിക്കാൻ പറ്റിയ അന്തരീക്ഷം. പതുക്കെ തെരുവിലൂടെ നടന്നുതുടങ്ങി‍. കോർട്ട് റോഡിലേക്ക് തിരിഞ്ഞ് പടിഞ്ഞാറോട്ട് നടന്നു. പേരറിയാത്തൊരു ട്രെയിനിനായി ലെവൽക്രോസ് അടഞ്ഞുകിടക്കുന്നു. റോഡിൽ പരക്കെ വാഹനങ്ങൾ‍... കമ്പിയിൽചാരിനിന്ന് വർത്തമാനം പറയുന്നവർ.

ട്രെയിൻ ഓടിക്കിതച്ച് കടന്നുപോയി. അങ്ങു റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ചെന്നു തൊട്ടു. അതിനുശേഷമാണ് ലെവൽക്രോസ് തുറന്നത്. അപ്പുറത്ത് എത്തിയാൽ ഇടതുവശത്തൊരു കുഞ്ഞു ചായക്കടയുണ്ട്. അശോക ടീസ്റ്റാൾ. വാതിൽപ്പടിയി‍ൽ തലമുട്ടാതെ ചായക്കടയിലേക്ക് കയറുമ്പോൾ ഓർത്തുപോവും; പൊറ്റെക്കാട്ട് എത്രതവണ ഈ കടയിൽവന്ന് ചായ കഴിച്ചിട്ടുണ്ടാവും!  

ചായക്കടത്തനിമ

കടയ്ക്കകത്തേക്ക് കയറുമ്പോൾ 50  വർഷം പിറകിലേക്ക് സഞ്ചരിച്ച അനുഭൂതിയാണ്. തനി നാടൻ. അഴിയിട്ട ജനലുകൾ. വീതികുറഞ്ഞ നീണ്ട ഡെസ്ക്. തടി കൊണ്ടുള്ള മേശയും കസേരകളും.ചില്ലിട്ട മരയലമാര. അതിനകത്ത് ആവി പറക്കുന്ന പുട്ടും ചൂടൻപൊറോട്ടയും. മുപ്പതു പേർ ഒരുമിച്ചുവന്നാൽ അകം നിറയും. ആഡംബരങ്ങളില്ലാത്ത ചായക്കട. 

പക്ഷേ, അശോക ടീഷോപ്പിലെ രുചിയുടെ തനിമയാണ് ഇന്ന്സമൂഹ മാധ്യമങ്ങളിൽ നിറയെ. പ്രമുഖ ഭക്ഷണ വെബ്സൈറ്റുകളിലെല്ലാം കോഴിക്കോട്ടെ പ്രധാന ഹോട്ടലുകളിൽ ഒന്നായി അശോകയെ അടയാളപ്പെടുത്തിയിട്ടുണ്ട്.

50 വർഷം മുൻപ് ഫറോക്ക് സ്വദേശി  ശങ്കരനാണ് ചായക്കട തുടങ്ങിയത്. കടയ്ക്ക് തന്റെ മകൻ അശോകന്റെ പേരുമിട്ടു. വല്യങ്ങാടി മുതൽ മിഠായിത്തെരുവുവരെയുള്ള തൊഴിലാളികൾക്കും സാധാരണക്കാർക്കും കുറഞ്ഞ വിലയ്ക്ക് ചായയും കടിയും വിശ്വസിച്ചു കഴിക്കാവുന്ന സ്ഥലമായിരുന്നു അശോക ടീഷോപ്പ് . ഫറോക്കിൽനിന്ന് കുടുംബം കോട്ടൂളിയിലേക്ക് താമസം മാറി. അശോകനാണ് ഇപ്പോൾ കടയുടമ.

ഉപ്പുമാവും മുട്ടറോസ്റ്റും

ഉപ്പുമാവും ചായയുമാണ് അന്നുമിന്നും അശോകയിലെ സൂപ്പർതാരം. നെയ്യും എണ്ണയും രുചിയിൽ സമാസമം നിൽക്കുന്നു. ആവശ്യത്തിനു മാത്രം ഉപ്പ്. അധികം കുഴയാതെ, പരസ്പര ബഹുമാനമുള്ള റവത്തരികൾ. ഇടയ്ക്കൊന്ന് നാവിൻതുമ്പിൽ ഞെട്ടൽ പരത്തുന്ന മുളകു കഷണങ്ങൾ. തൊട്ടാൽ കുഴയുന്നത്ര നാണത്തോടെ കാരറ്റുകഷണങ്ങൾ. ഒരു നുള്ള് ഉപ്പുമാവ് നാവിൽവച്ചാൽ തോന്നും, ഇതുവരെ ജീവിതത്തിൽകഴിച്ച ഉപ്പുമാവൊന്നും ഉപ്പുമാവേയല്ല.

വൈകുന്നേരം ഉപ്പുമാവും ചായയും കഴിക്കാനെത്തുന്നവരുടെ തിരക്കാണ്. രണ്ടും മൂന്നു തവണ ഉപ്പുമാവു  വച്ചാലും തികയില്ല. ഉപ്പുമാവിനൊപ്പം പാളവിശറി പോലുള്ള പപ്പടം കിട്ടും. അതല്ലെങ്കിൽ പുഴുങ്ങിയ പഴം കിട്ടും. രണ്ടു സ്പൂൺ പഞ്ചസാര കിട്ടും. പക്ഷേ, നാട്ടുകാർക്ക് പ്രിയപ്പട്ട കോംബിനേഷൻ വേറെയാണ്. ഉപ്പുമാവും മുട്ടറോസ്റ്റും.

മാന്യമായി ചാരിയിരുന്ന് സ്റ്റൈലായി ചായകഴിക്കാൻ നഗരത്തിൽ ഇഷ്ടം പോലെ ഹോട്ടലുകളുണ്ട്. എങ്കിലും നാടൻരുചി വേണമെന്നു  തോന്നുമ്പോൾ ആളുകൾ അശോകയുടെ ഓടിട്ട മേൽക്കൂരയ്ക്കുകീഴിലേക്ക്  വന്നുകയറും. നാടിന്റെ നന്മയുള്ള ലാളിത്യമാണല്ലോ മനസ്സു കീഴടക്കുന്നത്.