കണ്ണൂരുകാരുടെ പ്രിയപ്പെട വിഭവം ‘കൈവീശൽ‍’

കൽബ് നിറയെ സ്നേഹമാണ് മലബാറുകാർക്ക്. എന്ത് കണ്ണന്തിരിവ് കാണിച്ചാലും ഭൂമിയോളം ക്ഷമിക്കും. അവസാന ശ്വാസം വരെ ആരെയും വിശ്വസിക്കും. കോഴിക്കോട്ടെ ഓട്ടോക്കാരെപ്പോലും നല്ലവരാക്കി മാറ്റുന്നത് ഈ മണ്ണിന്റെ ഗുണമാണ്. അതുകൊണ്ട്...

മലബാറിൽ വന്ന് ഏതെങ്കിലുമൊരു വീട്ടിൽ ചെല്ലുമ്പോൾ ‘കൈവീശിയൊന്നു തരട്ടേ’ എന്നു ചോദിച്ചാൽ പേടിച്ചോടണ്ട. ഒരു കയ്യകലം പാലിക്കുകയും വേണ്ട. മലബാറിലെ, പ്രത്യേകിച്ച് കണ്ണൂരുകാരുടെ പ്രിയപ്പെട വിഭവമാണ് കൈവീശൽ‍.

പാചകം ഒരു കലയാണ്. അതിലും വലിയൊരു കലയാണ് ഭക്ഷണത്തിന് മലബാറുകാരുടെ പേരിടൽ എന്നു തോന്നും. അമ്മാതിരി പേരുകളല്ലേ ഓരോ വിഭവത്തിനും. കിളിക്കൂട്, ടയർപത്തൽ, ഉന്നക്കായ എന്നൊക്കെ പല വിഭവങ്ങൾക്ക് പേരിട്ടതുപോലെ കൈവീശിയുണ്ടാക്കുന്ന വിഭവത്തിന് കൈവീശൽ എന്നു പേരിട്ടതിൽ ഒരു സർഗാത്മകതയില്ലേ... നാടൻ പാട്ടെഴുതുന്നപോലെ ഒരു പേരിടൽ!

വീശിയെടുക്കാം കൈവീശൽ

ഒരു കപ്പ് മൈദ, നാലു കോഴിമുട്ട, ആറ് അല്ലി ഏലക്കായ, 150 ഗ്രാം പഞ്ചസാര, അൽപം പാൽ എന്നിവ ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിക്കുക. നന്നായി അയഞ്ഞുവരുന്നത്ര കലക്കിയെടുക്കണം. അര ലീറ്റർ എണ്ണയെടുത്ത് ചട്ടിയിൽ ഒഴിച്ച് ചൂടാക്കുക. തിളച്ചുവരുമ്പോഴാണ് നമ്മുടെ പ്രധാന കലാപ്രകടനം. 

ഒരു പ്ലാവിലയെടുത്ത് കുമ്പിളാക്കുക. ഇതിൽ മാവൊഴിക്കുക. അടിയിലൂടെ മാവ് ഒഴുകി വരണം. ഇത് എണ്ണയിലേക്ക് വീശിയെടുക്കുക. പ്ലാവിലയില്ലെങ്കിൽ കണ്ണൻചിരട്ടയെടുക്കാം. എന്നിട്ട് ഒരു കണ്ണ് ചെറുതായി തുളച്ചും മാവ് വീശാം. സവാള വറുത്തതുപോലെ മാവങ്ങനെ പൊന്തിപ്പൊന്തി വരുന്നതു കാണാം.