കാവ കുടിച്ചിട്ടുണ്ടോ? ഇത് സാധാരണ കട്ടൻചായയോ സുലൈമാനിയോ അല്ല!

‘‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...’’ 

അടങ്ങാത്ത തിരകൾക്കൊപ്പം കൽബിലേക്ക് അലയടിച്ചെത്തുന്ന ഈണം. സന്ധ്യയ്ക്കു കാറ്റേറ്റ് കടപ്പുറത്തിരിക്കുമ്പോൾ ഒന്നു ചെവിയോർത്തു നോക്കി. കണ്ണടച്ചാൽ മനസിൽ തെളിയും, കോഴിക്കോട് അബ്ദുൽഖാദറിന്റെ അരികുകളിൽ ഇത്തിരി കനമുള്ള ശബ്ദം ഏതോ ഗ്രാമഫോൺ പെട്ടിയിൽനിന്ന് ഒഴുകിവരുന്നത്. റിക്കാർഡിനു മുകളിലൂടെ ഓടിത്തേയുന്ന സൂചിയുടെ കിതപ്പുകൂടി ഇഴുകിച്ചേരുമ്പോൾ അഭൗമമായി മാറുന്ന ആ ഈണം.

മുഖംമിനുക്കിയ സൗത്ത്ബീച്ചിൽ ഞായറാഴ്ചകളിൽ തിരക്കേറുന്നു. നിന്നുതിരിയാൻ ഇടമില്ലാത്ത അവസ്ഥ. മൊഹബത്തിന്റെ മണമുള്ള തിരക്ക്. ഈ തിരക്കുകളിൽനിന്ന് രക്ഷപ്പെട്ട് ബീച്ച് റോഡിലൂടെ നടന്നു. ഗുജറാത്തി തെരുവ്, പട്ടുതെരുവ് തുടങ്ങി പഴമയുടെ മണം മാറാത്ത തെരുവുകളാണ് അരികെ. ഓരോ തെരുവും ഒഴുകിവന്നെത്തുന്നത് കടപ്പുറത്തേക്കാണ്. ഏതു വഴിയിലൂടെ നടന്നാലും ആ പഴമ തൊട്ടറിയാം. കടപ്പുറത്തുനിന്ന് ബീച്ച് റോഡിലൂടെ  ദാവൂദ് ഭായ് കപാസി റോഡിലേക്ക് തിരിഞ്ഞ് കിഴക്കോട്ട് നടന്നു.  

പഴയൊരു ഗസലിൽ...

പഴമയുടെ പ്രൗഡി പേറുന്ന അനേകം കെട്ടിടങ്ങൾ. ഇവയിൽ പലതിന്റേയും മുകളിൽ പോയ കാലത്ത് സംഗീതം പെയ്തിറങ്ങിയിരുന്നു. ഈ തെരുവീഥികളിലാണ് ഉത്തരേന്ത്യൻ സംഗീതത്തിൽ കുതിർന്ന മലയാളം ഗസലുകളിൽ പലതും പിറന്നുവീണത്. 

ഭാവഗായകൻ കോഴിക്കോട് അബ്ദുൽഖാദർ, അഭയാർഥിയായെത്തി മലബാറിന്റെ ഖൽബിൽ കൂടുകൂട്ടിയ ബോംബെ എസ്.കമാൽ, അങ്ങനെയങ്ങനെ നീളുകയാണ് പട്ടിക. അവർ രാത്രി പുലരുവോളം ഗസലുകളായി പെയ്തിറങ്ങി. വലതുവശത്ത് കാണുന്ന ബോംബേഹോട്ടലിന്റെ മുകളിൽനിന്ന് ഒരീണം മുഴങ്ങുന്നുണ്ടോ? നേർത്ത ചിലമ്പിപ്പാർന്ന ശബ്ദം കേൾക്കുന്നുണ്ടോ? കോഴിക്കോട്ടുകാരുടെ നെഞ്ചിടിപ്പായ ബാബുക്കയെന്ന എം.എസ്.ബാബുരാജിന്റെ ശബ്ദം?

കപാസി റോഡിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പട്ടുതെരുവിലേക്ക് കടന്നു. പോയകാലത്തിന്റെ സജീവതകളിൽ മയങ്ങിക്കിടക്കുന്ന നിശ്ശബ്ദമായ ഗലികൾ. അത്തറും  പട്ടും കറുവപ്പട്ടയും മണക്കുന്ന ഓർമകൾ.

നേരെ ചെന്നുനിന്നത് പഴയകോർപറേഷൻ ഓഫിസിനുമുന്നിൽ.റോഡിനു നടുവിൽ‍ നിർനിമേഷനായി ഗാന്ധിപ്രതിമയിരിക്കുന്നു. മനസറിയാതെ കാലുകൾ വീണ്ടും കടപ്പുറത്തേക്കാണ്  ചലിക്കുന്നത്. മനസിൽ പഴയൊരു പാട്ടിന്റെ ഈണമാണ് അലയടിക്കുന്നത്. അൽപം മുന്നോട്ടു ചെല്ലുമ്പോൾ ഇടതുവശത്ത് തലയുയർത്തി നിൽക്കുന്ന ആദാമിന്റെ ചായക്കട.

മധുരതരം, കാവയുടെ ഈണം 

മനസിൽ ഗസലാണ്. അതുകൊണ്ട് രുചിയിലും ആ ലാളിത്യം വേണം. കനപ്പെട്ടതൊന്നും കഴിച്ച് ആ സുഖം കളയാൻ പറ്റില്ല. ഹോട്ടലിനുമുന്നിൽ ഒരു ഉന്തുവണ്ടി അലങ്കരിച്ചു നിർത്തിയിട്ടുണ്ട്. മുന്നിൽ ഇരിക്കാനായി നിറം പൂശി മനോഹരമാക്കിയ കൈവണ്ടിയുമുണ്ട്.അരികിലുള്ള ബോർഡിൽ പലതരം ചായകളുടെ പേരുകൾ ചോക്കുകൊണ്ട് എഴുതിവെച്ചിരിക്കുന്നു. കാശ്മീരി കാവയിലാണ് മനസുടക്കിയത്.

കാവ തയാറാവുമ്പോഴും മനസിലേക്കു വരുന്നത് രുചിയും സംഗീതവും തമ്മിലുള്ള ബന്ധമാണ്.

മലബാറിന്റെ ഭക്ഷണം വെറും രുചിക്കൂട്ടിൽ മാത്രമൊതുങ്ങുന്നില്ല. ഓരോ രുചിയിലും അലിഞ്ഞുചേർന്ന സംസ്കാരമുണ്ട്.പെയ്തുപെയ്തലിയുന്ന ഗസലിന്റെ, വിരൽത്തുമ്പുകൾ ഓടിനടക്കുന്ന ഹാർമോണിയത്തിന്റെ, സംഗീതവീചികളിൽ അലിഞ്ഞാണ് ഓരോ രുചിയും നാവിൻതുമ്പിൽ വന്നു തൊട്ടത്.

പഴയൊരു ഗ്രാമഫോൺ പെട്ടിയിൽനിന്നുയരുന്ന ആ സംഗീതം, മുനിഞ്ഞുകത്തുന്ന റാന്തലിന്റെ വെളിച്ചം, കയ്യിൽ ചൂടുപറക്കുന്ന ഒരു ഗ്ലാസ് മലബാറി കാവ. ലോകത്തുള്ള സകല മൊഹബത്തും കൺമുന്നിൽ വന്നുപെയ്യും.

കാവ കുടിച്ചിട്ടുണ്ടോ? സാധാരണ കട്ടൻചായയോ സുലൈമാനിയോ അല്ല കാവ. ഉത്തരേന്ത്യയിൽനിന്ന് വന്നു മലബാർതീരത്ത് കൂടുകൂട്ടിയ മൊഞ്ചത്തിയാണ്. നമ്മൾ‍ ഗ്രീൻ ടീ എന്നൊക്കെ സ്റ്റൈലായി വിളിക്കുന്ന സംഗതിയുടെ യഥാർഥ അവതാരം.

അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ചില മധ്യേഷ്യൻ രാജ്യങ്ങളിലും കാശ്മീർ താഴ്‌വരയിലും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരുതരം ചായയാണ് കാഹ്‌വ അഥവാ കാവ. പക്ഷേ മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോടിന്റെ തീരപ്രദേശങ്ങളിൽ കാവ ഏറെക്കാലമായി ഭക്ഷണത്തിന്റെ ഭാഗമാണ്. വിരുന്നുകാരനല്ല, വീട്ടുകാരനാണ്. ദം ബിരിയാണി കഴിച്ച ശേഷം ഒരു ഗ്ലാസ് കാവ കുടിക്കുന്നതു പതിവാണ്. ബിരിയാണിയുടെ മത്ത് ഒന്നിറങ്ങിക്കിട്ടും. ചെമ്പു കൊണ്ടുള്ള സമോവറിൽ കുങ്കുമപ്പൂവും ബദാമും തേനുമൊക്കെ ചേർ‍ത്തുണ്ടാക്കുന്ന കാവ ചായ ഇഷ്ടപ്പെടുന്നവരുടെ മനസു കവരും.

ഇത്തിരി തേനിന്റെ മധുരം, കുങ്കുമപ്പൂവിന്റെ രുചി. ഇടയ്ക്കിടയ്ക്ക് നാവിൽതടയുന്ന ബദാമിന്റെ കഷ്ണങ്ങൾ. അലിഞ്ഞു പോവുകയാണ് മനസ്, പെയ്തുതീരാത്ത ഏതോ ഗസലിൽ...