Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതയുടെ കടൽപ്പാലം, പൂപോലെ വെള്ളപ്പം

വി. മിത്രൻ
Author Details
c-p-hajis

‘‘ആർത്തിരമ്പുന്നൂ കടൽ;ഒരു കാലത്ത്
കാറ്റുകൊള്ളാൻ നാം നടന്ന തീരങ്ങളിൽ..’’

ഓരോ വരിയിലും വിരഹത്തിന്റെ, ഏകാന്തതയുടെ, വേദനയുടെ തീ കോരിയിടുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാട്. കടൽക്കാറ്റേറ്റ് കവിത ചൊല്ലിക്കേട്ടിട്ടുണ്ടോ? ചുള്ളിക്കാടിന്റെ കവിതകൾ ഉറക്കെച്ചൊല്ലുന്നതു കേട്ടാൽ തിരയടിക്കുന്നത് നമ്മുടെ ഉള്ളിലാണെന്നു തോന്നും.

വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന്റെ പടിഞ്ഞാറേയറ്റത്താണ് ഇപ്പോൾ. സൂര്യൻ കടലിലേക്ക് വന്നണയാൻ അൽപസമയം കൂടി. 

കവിത ഉള്ളിലുണരുന്ന സന്ധ്യ.വലിയ കരിങ്കല്ലുകൾ കൂട്ടിയിട്ടു നിർമിച്ച പുലിമുട്ട് കടലിലേക്ക് നീണ്ടുകിടക്കുന്നു. കിഴക്കോട്ടു നോക്കിയാൽ പരന്നുകിടക്കുന്ന കോഴിക്കോട് കടപ്പുറം കാണാം. അങ്ങുദൂരെ സൗത്ത് ബീച്ചിലെ പഴയ കടൽപ്പാലം വരെ വ്യക്തം.ഇപ്പോൾ നിൽക്കുന്നത് കരയിൽനിന്ന് ഏറെ അകലെയാണ്. ചുറ്റും അലയൊടുങ്ങാത്ത കടൽ മാത്രം. 

അങ്ങു ദൂരെ കരയിൽ പുഴുക്കളെപ്പോലെ അനേകം മനുഷ്യർ. പൊട്ടിച്ചിരിക്കുകയും തിന്നുകയും കുടിക്കുകയും മദിക്കുകയും ചെയ്യുന്ന  മനുഷ്യർ. കടലിനു നടുവിൽ വല്ലപ്പോഴും വന്നുനിന്ന് കരയിലേക്കു നോക്കണം. എത്ര നിസാരമാണ് നമ്മുടെ ജീവിതം എന്നുതിരിച്ചറിയാൻ. കരയിലേക്ക് ഒരു കടൽദൂരം. കടലിലൂടെ ഒഴുകിനടക്കുന്ന ബോട്ടുകൾ. ‘കാക്കകൾ കൊത്തിപ്പറക്കുന്നു നമ്മുടെ അർഥമില്ലാത്ത പതാകകൾ’ എന്ന് ചുള്ളിക്കാട് പാടിയത് ഇവിടെ വന്നിരുന്നിട്ടായിരിക്കാം.

 സൂര്യൻ‍ പടിഞ്ഞാറ് അസ്തമിക്കുകയാണ്. കവിതയിൽ പറയുന്നതു പോലെ...
‘ഇങ്ങസ്തമിക്കുന്നൂ സൂര്യൻ; പെരുവഴി
തീർന്നൂ, തിരിച്ചു നടക്കാം നമുക്കിനി...’

പുലിമുട്ടിലെ നടപ്പാതയിലൂടെ കരയിലേക്കു നടക്കുമ്പോൾ ആർത്തട്ടഹസിക്കുന്ന കുട്ടികളെ കാണാം.മണൽപ്പരപ്പിൽ പന്തുതട്ടിക്കളിക്കുന്ന കുട്ടികൾ. ഒരു വശത്ത് കൂടണഞ്ഞ അനേകം വള്ളങ്ങൾ. 

വലകളുടെ കേടുപാടുകൾ തീർക്കുന്നവർ. കൽക്കെട്ടുകളിലിരുന്നു കൂട്ടുകാരോട് വീരവാദം പറയുന്നവർ. ആരോടും  മിണ്ടാതെ നടക്കുന്ന ഏകാന്തപഥികർ. നടന്നുനടന്നു ചെന്നുകയറുന്നത് വെള്ളയിൽ  ബീച്ച് റോഡിലാണ്. നേരെ കിഴക്കോട്ട് നീണ്ടുകിടക്കുന്ന ഗാന്ധിറോഡ്. ഹൈമാസ്റ്റ് ലൈറ്റിനുകിഴീൽ നിൽക്കുമ്പോഴും കവിതയുടെ ഹാങ്ങോവർ മനസിൽനിന്നു പോവുന്നില്ല.. 

‘നിൽക്കട്ടെ ഞാനീയധോനഗരത്തിന്റെ
നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയിൽ
നാളത്തെ സൂര്യനുംമുമ്പേ കൊലക്കത്തി
പാളേണ്ട മാടിന്റെ യാതനാരാത്രിയിൽ’

രുചിയും കവിതയും  

വിശപ്പ് അതിന്റെ നാവു  നീട്ടി തൊടുന്നു. ഗാന്ധിറോഡിലൂടെ നേരെ നടക്കുമ്പോൾ പാട്ടിന്റെ മണമുള്ള ഒരു ബോർഡ്..മുഹമ്മദ് റഫി റോഡ്. റോഡിലേക്കു തിരിയുന്നിടത്ത് വലതുവശത്തായി ഒരു ചെറിയ ഹോട്ടൽ.  സി.പി. ഹാജീസ് റെസ്റ്ററന്റ്‍. കെട്ടിലും മട്ടിലും ലാളിത്യം. അകത്തേക്കു കയറുമ്പോഴും ആർഭാടങ്ങളില്ല.

വാതിലിനോടു ചേർന്ന് അടുപ്പിൽ തീയെരിയുന്നുണ്ട്. അപ്പച്ചട്ടിയിൽ മാവൊഴിച്ച് വീശിക്കറക്കി അടുപ്പത്തുവെയ്ക്കുന്ന പാചക്കാരൻ. വെന്തുവരുമ്പോൾ കോരി പ്ലേറ്റിലേക്കിടുന്നു. പൂപോലെ വിരിഞ്ഞ വെള്ളപ്പം പാത്രത്തിൽ നിറഞ്ഞുകിടക്കുന്നു. പിന്നൊന്നും നോക്കിയില്ല, പോരട്ടെ അപ്പം പോരട്ടെയെന്നു പറഞ്ഞപ്പോൾ സപ്ലയറുടെ ചോദ്യം, കറി എന്താ വേണ്ടത്? ബീഫുണ്ട്, ചിക്കനുണ്ട്, കാടയുണ്ട്...ഒരു പ്ലേറ്റ് ബീഫ് ചില്ലിപോരട്ടെയെന്ന് ഉത്തരം.

ചെറിയൊരു പാത്രത്തിൽ ആവി പറക്കുന്ന ബീഫ് ചില്ലിയും പ്ലേറ്റിൽ വിരിഞ്ഞുകിടക്കുന്ന  അപ്പവുമായി അയാൾ വന്നു. പിന്നെയൊരു  യുദ്ധമാണ്. നല്ല മൊരിഞ്ഞ ബീഫ്. വെളുത്തുള്ളിയും ഇഞ്ചിയും കാശ്മീരി മുളകും സമാസമം ചേരുമ്പോഴുള്ള മാന്ത്രിക സ്പർശം, മുകളിൽ പകുതി മുറിച്ച ഒരു നാരങ്ങ. ഭംഗിക്ക് അൽപം സവാള അരിഞ്ഞത്. നാവിൻതുമ്പിൽ നാടൻരുചിയുടെ മേളപ്പെരുക്കം.

 ചിരിയുടെ  മൊഴികൾ

ഈ ഹോട്ടൽ 65 കൊല്ലമായി ഇതേ സ്ഥലത്തുണ്ട്. പ്രായത്തിന്റെ ജരാനരകളില്ലാത്ത രുചി. രാവിലെ നാലുമുതൽ രാത്രി പത്തുവരെ തീരാത്ത തിരക്ക്. പോക്കറ്റുമായി സൗഹൃദമുള്ള വില. സാധാരണ ഒരു ഹോട്ടലിൽനിന്നു പ്രതീക്ഷിക്കാവുന്നതിലുമധികം രുചി. ഹോട്ടലുടമ സി.പി. സഹദ് മുതൽ മുഖ്യപാചകക്കാരൻ കൊയിലാണ്ടി  സ്വദേശി ഹമീദ് വരെയുള്ളവർ. സൗഹൃദം പൂക്കുന്ന അന്തരീക്ഷം. കഴിഞ്ഞ ലോകകപ്പുകാലത്ത് അർജന്റീന ആരാധകനായ സഹദ് കടയുടെ മുന്നിൽ ഒരു ഫ്ലക്സ്ബോർഡ് വെച്ചു. മെസിയുടെ ഉടലും ഹമീദിന്റെ തലയും ചേർത്തു സൃഷ്ടിച്ച ഫ്ലക്സ്. ആ രസികത്തവും സൗഹൃദവും രുചിയിലും പ്രകടമാണ്. കടലിനെക്കുറിച്ച് ചുള്ളിക്കാടു പാടിനിർത്തിയിടത്താണ് ഈ യാത്ര തുടങ്ങിയത്. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച മറ്റൊരു കവിതയാണ് ഓർമവരുന്നത്. 1986ൽ ഇറങ്ങിയ ‘ചേക്കേറാൻ ഒരു ചില്ല’ എന്ന സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു കവിതയുണ്ട്.

‘‘കടലു കട കണ്ടു..
കട കടലു കണ്ടു..
കടലു കടയിലെ കടല കണ്ടു
കടലു കണ്ടു കടല കൊതികൊണ്ടു...’’