എന്തുണ്ട് കുടിക്കാൻ?: ട്രോപ്പിക്കൽ കോളിൻസ്, ‌കാർണിവൽ കൊളാഡ...

ചെറുയാത്രകൾ..ഒറ്റയ്ക്കുള്ള ചില നടത്തങ്ങൾ..കൈ രണ്ടും പോക്കറ്റിലിട്ട് വളരെ കൂളായി നടന്നുപോക്ക്. ചുറ്റുമുള്ളതൊക്കെ കണ്ട് കെട്ടുപൊട്ടിയ പട്ടം പോലെ മനസിനെ തുറന്നുവിട്ട് അങ്ങനെ നടക്കണം.

ചുരമിറങ്ങിയ കാറ്റ് നഗരത്തിലേക്ക് കടന്നുവരുന്ന വയനാട് റോഡ്. ചരിത്രത്തിലെ ഒരു നിമിഷം പോലും നോക്കിലും വാക്കിലും കാത്തുവെയ്ക്കാത്ത എരഞ്ഞിപ്പാലം. ഈ സന്ധ്യയിൽ ഈ വഴിയിൽ ഈ പാലത്തിലിങ്ങനെ നിൽക്കണം. നഗരം പല വഴിക്ക് ചിതറിക്കുതറിയൊഴുകുന്നത് കാണാം. 

നാൽക്കവലയിലെ  ചുവന്നവെളിച്ചത്തിൽ അക്ഷമരാവുന്ന അനേകം പേർ. സന്ധ്യ മയങ്ങുംമുൻപ് വീടെത്താൻ തിരക്കിട്ട് ഒഴുകുന്ന ലോകം. പകൽ മുഴുവൻ വിയർപ്പൊഴുക്കി, വൈകുന്നേരം എങ്ങനെയെങ്കിലുമൊന്ന് വീട്ടിലെത്തണമെന്ന് കൊതിച്ച് ഓടുന്ന അനേകം പേർ. ജീവിക്കാൻ പെടാപ്പാട് പെടുന്ന മനുഷ്യർ.   അൽപം ദൂരേക്ക് മാറിനിന്ന് ഈ തിരക്കുകൾ കാണുമ്പോൾ ചിന്തിച്ചുപോവും, ‘മനുഷ്യൻ എത്ര നിസ്സാരമായ പദം’ എന്ന്! എരഞ്ഞിപ്പാലത്തുനിന്ന് സിവിൽസ്റ്റേഷന്റെ ദിശയിലേക്ക് നടന്നുനോക്കി.ഇത്രയേറെ വീതിയേറിയ റോഡുണ്ടാക്കിയവർക്ക് സലാം. മനസുതുറന്ന് നടക്കാമല്ലോ. 

രുചിയുടെ കോഡ് ഭാഷ!

ബദാം മരങ്ങളുടെ ഇലകൾ‍ ചുവന്നുനാണിച്ച് കാറ്റിലാടുന്നു. റോഡിന്റെ ഇടതുവശത്തായി അനേകം കടകൾ. പാളയം മാർട് സൂപ്പർമാർക്കറ്റിനോട് ചേർന്ന് ഒരു കുഞ്ഞു തട്ടുകട. തട്ടുകടയെന്ന് പറയാൻ കഴിയില്ല. ഒരു കുഞ്ഞുമുറി. വശങ്ങളിൽ അനേകം ചെടികൾ. അകത്ത് ഒരാൾക്കു മാത്രം നിന്നു വട്ടംതിരിയാവുന്ന ചെറിയ ഇടം. മരവും ലോഹവും ഇഴചേർന്ന് കറുപ്പിലും തവിട്ടിലും ചെയ്തെടുത്ത അകവശം. ആകെയൊരു ഫ്രഷ്നസ് തൊട്ടറിയാം. കടയ്ക്കു മുകളിൽ തലയുയർത്തി നിൽക്കുന്ന ബോർഡിൽ കടയുടെ പേര് കാണാം! കോഡ് ബോക്സ്.

എന്തുണ്ട് കുടിക്കാൻ എന്ന ചോദ്യത്തിന് കടയിലെ പയ്യൻ സൂരജ്  വായിൽക്കൊള്ളാത്ത പല പേരുകൾ തട്ടിവിട്ടു. ട്രോപ്പിക്കൽ കോളിൻസ്, കാർണിവൽ കൊളാഡ, പാഷൻ ഫോർ ലൈഫ് തുടങ്ങിയ വൈവിധ്യങ്ങൾ...

അൽപം കഴിഞ്ഞപ്പോഴേക്ക് കെട്ടുപിണഞ്ഞ സ്ട്രോ മുങ്ങിക്കിടക്കുന്ന ഫിറി ആപ്പിൾ മുന്നിലെത്തി. പച്ച ആപ്പിൾ കഷ്ണങ്ങൾ. ചീന്തിയൊതുക്കിയ മഞ്ഞുപാളികൾ. നാവിൻതുമ്പിൽ തരിതരിപ്പേകി സോഡപോലെ നുരകൾ. 

ഒറ്റയ്ക്കു വരാൻ പേടിച്ചുനിന്ന ഫിറി ആപ്പിളിനു കൂട്ടായി ഫിലാഫിലുമെത്തി. നല്ല മൊരിഞ്ഞ ഐറ്റം. ഉപ്പും എരിവും പാകം. ഒരു നിമിഷം ഇതു ‍പരിപ്പുവടയല്ലേ എന്ന് സംശയം തോന്നാം. ഉടനെ സൂരജിന്റെ വിശദീകരണമെത്തി...സംഗതി അങ്ങ് അറേബ്യൻ മണലാരണ്യത്തിലെ പരിപ്പുവടയാണ്.

വെളുത്ത കടലയും പർസിലിയയും സവാളയുമൊക്കെ മാറി മാറി രുചിയുടെ തല നീട്ടുന്ന ഐറ്റം. ഗാർലിക് മയണൈസിൽ തൊട്ടു വായിലേക്കു വെയ്ക്കുമ്പോൾ സംഗതി ഉഷാർ.  

ചെസ്റ്റ് ഹോസ്പിറ്റലിനു സമീപം മെഡോറ ഹോട്ടൽ നടത്തുന്ന നജീബിന്റേതാണ് കോഡ്ബോക്സ് എന്ന ചെറിയ കട. മെഡോറയിലെ കിടിലൻ ചെറുകടികളെല്ലാം കോഡ് ബോക്സിലും കിട്ടും. രാത്രി ഒരു മണി വരെ  ഈ വഴിയോരത്ത് യാത്രികരെ കാത്ത് ഈ കുഞ്ഞു കട ഉറങ്ങാതെയിരിക്കും.